സിറ്റി തകർത്ത് ലിവർപൂൾ
Tuesday, February 25, 2025 12:52 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനു ജയം. മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ ഗ്രൗണ്ടിൽ എതിരില്ലാത്ത രണ്ടു ഗോളിനു ലിവർപൂൾ തകർത്തു.
മുഹമ്മദ് സല (14’), ഡൊമിനിക് സോബോസ്ലായി (37’) എന്നിവരാണു ഗോൾ നേടിയത്. ഇതോടെ ലിവർപൂളിന് രണ്ടാമതുള്ള ആഴ്സണലുമായുള്ള പോയിന്റ് വ്യത്യാസം 11 ആയി. നാലാമതുള്ള മാഞ്ചസ്റ്റർ സിറ്റിയുമായി 20 പോയിന്റിന്റെ വ്യത്യാസമാണുള്ളത്.
14-ാം മിനിറ്റിൽ സല സിറ്റിയുടെ വലകുലുക്കി. ഈ ലീഗ് സീസണിൽ സലയുടെ 25-ാമത്തെ ഗോളാണ്. ഗോളടിയിൽ ഈജിപ്ഷ്യൻ താരം ഒന്നാമതാണ്. 37-ാം മിനിറ്റിൽ സലയുടെ പാസിൽ സോബോസ്ലായി ലീഡ് ഉയർത്തി.
ആവേശപോരാട്ടത്തിൽ ന്യൂകാസിൽ
ഏഴു ഗോളുകൾ പിറന്ന ആവേശകരമായ മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് 4-3ന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ തോൽപ്പിച്ചു.
കളി തുടങ്ങി ആറാം മിനിറ്റിൽ കല്ലം ഹഡ്സണ്‍ ഒഡോയിലൂടെ നോട്ടിംഗ്ഹാം ഗോൾ നേടി. എന്നാൽ, ആദ്യപകുതിയുടെ പതിനൊന്ന് മിനിറ്റിനുള്ളിൽ നാലു ഗോളുകളുമായി ന്യൂകാസിൽ മറുപടി നല്കി. ലൂയിസ് മൈലി 23-ാം മിനിറ്റിൽ ഗോളടി തുടങ്ങി. ജേക്കബ് മർഫി (25’) രണ്ടാം ഗോളും, 33-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ അലക്സണ്ടർ ഇസാക് ന്യൂകാസിലിന്റെ മൂന്നാം ഗോളും നേടി. അടുത്ത മിനിറ്റിൽ ഇസാക് ഒരിക്കൽക്കൂടി വലകുലുക്കി.
രണ്ടാം പകുതിയിൽ ശക്തമായി പൊരുതിയ ഫോറസ്റ്റ് നിരവധി അവസരങ്ങൾ ഉണ്ടാക്കിയെടുത്തു. എന്നാൽ രണ്ടു ഗോളുകൾ മാത്രമേ നേടാനായുള്ളൂ.
നികോള മിലൻകോവിച്ച് (63’), റയാൻ യാറ്റ്സ് (90’) എന്നിവരാണു വലകുലുക്കിയത്. ജയത്തോടെ ന്യൂകാസിൽ 44 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി. 47 പോയിന്റുള്ള ഫോറസ്റ്റ് മൂന്നാമതാണ്.