ചരിത്ര നേട്ടത്തിൽ മിറ
Tuesday, February 25, 2025 12:52 AM IST
ദുബായി: വനിതാ ടെന്നീസ് റാങ്കിംഗിൽ ചരിത്ര നേട്ടം സ്വന്തമാക്കി റഷ്യയുടെ കൗമാരതാരം മിറ ആൻഡ്രീവ. ദുബായി ടെന്നീസ് ചാന്പ്യൻഷിപ്പ് നേടിക്കൊണ്ട് 17 വയസും 298 ദിവസും പ്രായമുള്ള ആൻഡ്രീവ് റാങ്കിംഗിൽ ആദ്യ പത്തിൽ ഇടംപിടിച്ചു. ഫൈനലിൽ ആൻഡ്രീവ 7-6(7-1), 6-1ന് ഡെന്മാർക്കിന്റെ ക്ലാസ ടൗസണിനെ തോൽപ്പിച്ചു.
ഡബ്ല്യുടിഎ 1000 വിഭാഗത്തിൽ വരുന്ന ഒരു ട്രോഫി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാണ് ആൻഡ്രീവ. 2007ൽ നികോൾ വെയ്ഡിസോയ്ക്കുശേഷം ആദ്യമായി ഡബ്ല്യുടിഎ റാങ്കിംഗിൽ ആദ്യ പത്തിൽ ഇടംനേടിയ പതിനേഴുകാരിയായി ആൻഡ്രീവ. അഞ്ചു സ്ഥാനം ഉയർന്നാണ് റഷ്യൻതാരം ഒന്‍പതാം സ്ഥാനത്തെത്തിയത്.
അരീന സബലെങ്ക ഒന്നാം സ്ഥാനത്തും ഇഗ ഷ്യാങ്ടെക്, കൊകോ ഗഫ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു. ഒരു സ്ഥാനം വീതം മെച്ചപ്പെടുത്തി ജെസിക പെഗ്യുല നാലാമതും മാഡിസണ്‍ കീസ് അഞ്ചാമതുമെത്തി. രണ്ടു സ്ഥാനം താഴേക്കിറങ്ങിയ ജാസ്മിൻ പൗളിനി ആറാം സ്ഥാനത്തായി.