രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം സെമിയിൽ
Wednesday, February 12, 2025 11:55 PM IST
പൂന: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കന്നി കിരീടമെന്ന സ്വപ്നത്തിനോട് ഒരു ചുവടുകൂടി അടുത്ത് കേരളം. 2024-25 രഞ്ജി ട്രോഫിയിൽ കേരളം സെമിയിൽ. ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ് കേരളം രഞ്ജി ട്രോഫിയുടെ സെമിയിൽ പ്രവേശിക്കുന്നത്. ജമ്മു കാഷ്മീരിന് എതിരായ ക്വാർട്ടറിൽ ആദ്യ ഇന്നിംഗ്സിൽ നേടിയ ഒരു റൺ ലീഡാണ് കേരളത്തെ സെമിയിലെത്തിച്ചത്, ഒരു റണ്ണിന്റെ വില സെമി ഫൈനൽ എന്നു ചുരുക്കം.
ശാന്തം സുന്ദരം...
399 റണ്‍സെന്ന അപ്രാപ്യമായ വിജയലക്ഷ്യത്തിനുവേണ്ടി പോരാടാതെ അഞ്ചാംദിനമായ ഇന്നലെ സമനിലയ്ക്കായി കേരള താരങ്ങൾ ബാറ്റേന്തിയപ്പോൾ ആദ്യ ഇന്നിംഗ്സിലെ വിലപ്പെട്ട ഒരു റണ്‍സിന്റെ ലീഡിൽ ജമ്മു കാഷ്മീരിനെ മറികടന്ന് ആറ് വർഷത്തിന് ശേഷം സെമിയിൽ പ്രവേശിച്ചു.
കേരള താരങ്ങളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ജമ്മു കാഷ്മീർ ബൗളർമാർ പന്തെറിഞ്ഞ് തളർന്നു. ശ്രദ്ധയോടെ ബാറ്റേന്തിയ മുഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാർ എന്നിവരുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് തകർക്കാൻ ജമ്മു കാഷ്മീർ ബൗളർമാർക്ക് സാധിച്ചില്ല. അതോടെ കളിതീരാൻ രണ്ട് ഓവർ ശേഷിക്കെ ഇരുടീമും സമനില സമ്മതിച്ച് കൈകൊടുത്ത് പിരിഞ്ഞു.
ഒരു ഘട്ടത്തിൽ തോൽവി മുന്നിൽക്കണ്ട കേരളത്തെ ഇരുവരുടെയും ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് സമനിലയിൽ എത്തിച്ചത്. ആദ്യ ഇന്നിംഗ്സിൽ 112 റൺസുമായി പുറത്താകാതെനിന്ന്, ഒരു റൺ ലീഡ് സമ്മാനിച്ച സൽമാൻ നിസാറാണ് കളിയിലെ താരം.
17ന് അഹമ്മദാബാദിൽ നടക്കുന്ന ആദ്യ സെമിയിൽ കേരളം ഗുജറാത്തിനെ നേരിടും. അന്നേദിവസം നാഗ്പുരിൽ നടക്കുന്ന സെമിയിൽ നിലിവിലെ ചാന്പ്യന്മാരായ മുംബൈ വിദർഭയുമായി ഏറ്റുമുട്ടും.
സ്കോർ: ജമ്മു കാഷ്മീർ: 280. 399/9 ഡിക്ലയേർഡ്. കേരളം: 281. 295/6.
നിർണായക തീരുമാനം
സമനില പിടിച്ചാൽ സെമി എന്ന നിലയിൽ നാലാംദിനം ക്രീസിലെത്തിയ കേരള ബാറ്റർമാർ വിജയത്തിനല്ല സമനിലയ്ക്കായാണ് പൊരുതിയത്. രണ്ടു വിക്കറ്റിന് 100 റണ്‍സെന്ന നിലയിൽ അഞ്ചാംദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് പുനരാരംഭിച്ച കേളത്തിന് 128ൽ വച്ച് അക്ഷയ് ചന്ദ്രനെ (48) നഷ്ടമായി. 28 റണ്‍സേ കൂട്ടിച്ചേർത്തുള്ളൂവെങ്കിലും നാലാം ദിനത്തിലെ 24 ഓവറുകളും ആദ്യ സെഷനും അപ്പോൾ പിന്നിട്ടിരുന്നു. 52 റണ്‍സ് ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ കൂടി പൊഴിഞ്ഞ് 180ന് ആറ് എന്ന നിലയിൽ കേരളം പ്രതിസന്ധിയിലായി.
എന്നാൽ, ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ അഭേദ്യമായ 115 റണ്‍സ് സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും നേടി. സൽമാൻ നിസാർ 162 പന്തിൽ 44 റണ്‍സുമായും മുഹമ്മദ് അസറുദ്ദീൻ 118 പന്തിൽ 67 റൺസുമായും പുറത്താകാതെ നിന്നു. ക്യാപ്റ്റൻ സച്ചിൻ ബേബി 48 റണ്‍സ് എടുത്തു.
2018-29നുശേഷം ആദ്യം
2018-19 സീസണിലാണ് കേരളം ആദ്യമായും അവസാനമായും സെമി കളിച്ചത്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ വിദർഭയ്ക്കെതിരേ അന്ന് കേരളം തോൽവി വഴങ്ങി. എന്നാൽ, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബംഗാൾ തുടങ്ങിയ കരുത്തരെ മറികടന്നാണ് കേരളം ഇത്തവണ നോക്കൗട്ടിൽ കടന്നത്.
നിലവിലെ ചാന്പ്യന്മാരായ മുംബൈ, മുൻ ചാന്പ്യന്മാരായ ബറോഡ എന്നിവരെ ലീഗ് റൗണ്ടിൽ തോൽപ്പിച്ച്, അപരാജിതരായി ക്വാർട്ടറിലെത്തിയ ജമ്മു കാഷ്മീരിനെ കീഴടക്കിയതോടെ കേരള ടീമിന്റെ ആത്മവിശ്വാസം വാനോളമെത്തിക്കഴിഞ്ഞു.