മൂന്നാം ഏകദിനത്തിൽ 142 റൺസിനു ജയിച്ച് ഇന്ത്യ പരന്പര തൂത്തുവാരി
Wednesday, February 12, 2025 11:55 PM IST
അഹമ്മദാബാദ്: ആശങ്കകളെല്ലാം കാറ്റിൽപ്പറത്തി രോഹിത് ശർമയും കൂട്ടരും ഐസിസി ചാന്പ്യൻസ് ട്രോഫിക്കായി ദുബായിലേക്കു പറക്കും.
ഇംഗ്ലണ്ടിന് എതിരായ മൂന്നാം ഏകദിന ക്രിക്കറ്റിൽ 142 റണ്‍സിന്റെ ആധികാരിക ജയം സ്വന്തമാക്കി ഇന്ത്യ മൂന്നു മത്സര പരന്പര തൂത്തുവാരി. ചാന്പ്യൻസ് ട്രോഫിക്കു മുന്നോടിയായുള്ള ഇന്ത്യയുടെ സന്നാഹ പരന്പരയായിരുന്നു ഇംഗ്ലണ്ടിനെതിരേ ഇന്നലെ അവസാനിച്ചത്. ഫോം കണ്ടെത്താൻ വിഷമിച്ച വിരാട് കോഹ്ലി ഇന്നലെ 55 പന്തിൽ 52 റണ്‍സുമായി തിരിച്ചെത്തി.
രണ്ടാം മത്സരത്തിൽ രോഹിത് ശർമയും (119) മൂന്നാം ഏകദിനത്തിൽ ശുഭ്മാൻ ഗില്ലും (112) സെഞ്ചുറി നേടി. ആദ്യ രണ്ടു മത്സരങ്ങളിലും ഗിൽ (87, 60) അർധ സെഞ്ചുറി നേടിയിരുന്നു. മധ്യനിരയിലേക്കെത്തിയ ശ്രേയസ് അയ്യർ ഇന്നലെയും (64 പന്തിൽ 78) മിന്നും പ്രകടനം കാഴ്ചവച്ചു. 59, 44 എന്നിങ്ങനെയായിരുന്നു ആദ്യ രണ്ട് ഏകദിനങ്ങളിൽ ശ്രേയസ് അയ്യറിന്റെ സ്കോർ. 20ന് ബംഗ്ലാദേശിന് എതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ ചാന്പ്യൻസ് ട്രോഫി പോരാട്ടം തുടങ്ങുന്നത്.
വലിയ രണ്ടാമത്തെ ജയം
ഇംഗ്ലണ്ടിനെതിരേ റണ്‍സ് അടിസ്ഥാനത്തിൽ ഇന്ത്യ സ്വന്തമാക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ ജയമാണ് ഇന്നലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കുറിക്കപ്പെട്ടത്. 2008ൽ രാജ്കോട്ടിൽ 158 റണ്‍സിനു ജയിച്ചതാണ് റിക്കാർഡ്. 2011ൽ എം.എസ്. ധോണിക്കു കീഴിൽ 5-0നു ജയിച്ചതിനുശേഷം ഇംഗ്ലണ്ടിനെതിരേ ഏകദിനത്തിൽ ഇന്ത്യ പരന്പര തൂത്തുവാരുന്നത് ഇതാദ്യമായാണ്.
ഗിൽ തകർത്തു
102 പന്തിൽ 112 റണ്‍സ് നേടിയ ശുഭ്മാൻ ഗില്ലാണ് പ്ലെയർ ഓഫ് ദ മാച്ചും പ്ലെയർ ഓഫ് ദ സീരീസും. രോഹിത് ശർമ (1) രണ്ടാം ഓവറിൽ പുറത്തായെങ്കിലും ഗില്ലും കോഹ്ലിയും ചേർന്ന് രണ്ടാം വിക്കറ്റിൽ 116 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
കോഹ് ലിയെ ആദിൽ റഷീദ് മടക്കിയതോടെ ശ്രേയസ് അയ്യർ ക്രീസിലെത്തി. 64 പന്തിൽ 78 റണ്‍സാണ് അയ്യർ സ്കോർ ചെയ്തത്. ഗിൽ-അയ്യർ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 104 റണ്‍സ് പിറന്നു. കെ.എൽ. രാഹുൽ (29 പന്തിൽ 40) മികച്ച ഫോമിൽ ബാറ്റ് ചലിപ്പിച്ചു.
മൂന്നു സിക്സും 14 ഫോറും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. ഇന്നിംഗ്സിനിടെ ഏകദിനത്തിൽ അതിവേഗം 2500 റണ്‍സ് എന്ന നേട്ടത്തിനും ഗിൽ അർഹനായി. ഏകദിനത്തിൽ അഞ്ചാം തവണയാണ് ഗിൽ പ്ലെയർ ഓഫ് ദ സീരീസ് പുരസ്കാരം സ്വന്തമാക്കുന്നത്. സച്ചിൻ തെണ്ടുൽക്കർ മാത്രമാണ് (7) ഗില്ലിനു മുന്നിൽ ഇനിയുള്ളത്. കോഹ്ലി, രവി ശാസ്ത്രി, യുവരാജ് സിംഗ് (നാലു വീതം) എന്നിവരെ ഇന്നലെ ഗിൽ മറികടന്നു.
വിക്കറ്റ് പങ്കിട്ടു
357 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇംഗ്ലണ്ടിന്റെ തുടക്കം മികച്ചതായിരുന്നു. 6.2 ഓവറിൽ 60 റണ്‍സ് നേടിയശേഷമാണ് ഓപ്പണർമാരായ ഫിൽ സാൾട്ട് (23), ബെൻ ഡക്കറ്റ് (34) സഖ്യം പിരിഞ്ഞത്. ഇന്ത്യയുടെ അർഷദീപ് സിംഗ്, ഹർഷിത് റാണ, അക്സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റ് വീതം പങ്കിട്ടെടുത്തു. അതോടെ 34.2 ഓവറിൽ ഇംഗ്ലണ്ട് 214നു പുറത്ത്.