38-ാമത് ദേശീയ ഗെയിംസിന് ഇന്നേക്ക് ഏഴാം നാളിൽ തിരിതെളിയും
Monday, January 20, 2025 11:29 PM IST
ഡെറാഡൂണ്‍: 38-ാമത് ദേശീയ ഗെയിംസിന് ഇന്നേക്ക് ഏഴാം നാളിൽ തിരിതെളിയും. 28 മുതൽ ഫെബ്രുവരി 14വരെയാണ് ഉത്തരാഖണ്ഡ് ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസ് അരങ്ങേറുക. ഉത്തരാഖണ്ഡിന്റെ 25-ാം വാർഷികംകൂടി ചേർത്തുള്ള ആഘോഷമാണ് ഇത്തവണത്തെ ഗെയിംസ് എന്നതും ശ്രദ്ധേയം.
ഡെറാഡൂൺ, ഹരിദ്വാർ
വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഡെറാഡൂണിലാണ് ഗെയിംസിന്റെ പ്രധാന സ്റ്റേഡിയം. ഹരിദ്വാർ, ശിവപുരി, രുദ്രാപുർ, നൈനിറ്റാൾ, ന്യൂ തെഹ്രി, ഹൽദ്വാനി എന്നിവിടങ്ങളിലും മത്സരങ്ങൾ അരങ്ങേറും. ഹിമവാന്റെ മടിത്തട്ടിലെ ദേശീയ ഗെയിംസ് വൻ ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ഉത്തരാഖണ്ഡ് സർക്കാരും ഇന്ത്യൻ ഒളിന്പിക് അസോസിയേഷനും.
43 ഇനങ്ങളിലായി പതിനായിരത്തിലധികം കായികതാരങ്ങൾ ഇത്തവണത്തെ ദേശീയ ഗെയിംസിൽ പങ്കെടുക്കുമെന്നാണ് കണക്ക്. കളരിപ്പയറ്റ് ഗെയിംസിൽ ഉൾപ്പെടുത്തണമോ എന്നതു സംബന്ധിച്ചുണ്ടായ വിവാദം കെട്ടടങ്ങിവരുന്നതേയുള്ളൂ എന്നതും മറ്റൊരു യാഥാർഥ്യമാണ്.
കേരള വോളി ടീം; കോടതിവിധി അനുസരിക്കും: കൗണ്‍സിൽ
തിരുവനന്തപുരം: ദേശീയ ഗെയിംസിൽ സംസ്ഥാനത്തു നിന്നുള്ള വോളിബോൾ ടീമിനെ വിടുന്നത് സംബന്ധിച്ച് കോടതിവിധി അനുസരിക്കുമെന്നു സ്പോർട്സ് കൗണ്‍സിൽ. സംസ്ഥാന സ്പോർട്സ് കൗണ്‍സിലിന്റെ ടീമിനെയാണോ ഒളിന്പിക് അസോസിയേഷൻ തെരഞ്ഞെടുത്ത ടീമിനെയാണോ വിടേണ്ടതെന്ന കാര്യം കോടതിയുടെ പരിഗണനയിലാണെന്നും കോടതിവിധി എന്തായാലും അതനുസരിക്കുമെന്നും സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് യു. ഷറഫലി പറഞ്ഞു.
ഇന്ത്യൻ ഒളിന്പിക് അസോസിയേഷന്റെ നിർദേശപ്രകാരമാണ് ദേശീയ ചാന്പ്യൻഷിപ്പിലേക്കും ദേശീയ ഗെയിംസിലേക്കുമുള്ള പുരുഷ-വനിതാ ടീമുകളെ സ്പോർട്സ് കൗണ്‍സിൽ രൂപീകരിച്ച വോളിബാൾ ടെക്നിക്കൽ കമ്മിറ്റി തെരഞ്ഞെടുത്തത്.
എന്നാൽ, ദേശീയ ഗെയിംസിനുള്ള ടീമിനെ കേരള ഒളിന്പിക് അസോസിയേഷനും നിലവിൽ അംഗീകാരമില്ലാത്ത വോളിബാൾ അസോസിയേഷനും ചേർന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള ഒളിന്പിക് അസോസിയേഷനാണ് വോളി ടീമിനെ തെരഞ്ഞെടുക്കാനുള്ള അവകാശമെന്ന് ഐഒഎ പ്രസിഡന്റ് പി.ടി. ഉഷ പറഞ്ഞതിനെക്കുറിച്ച് അറിയില്ല. ഇക്കാര്യം അവരോടുതന്നെ ചോദിക്കണമെന്നും ഷറഫലി പറഞ്ഞു. രണ്ട് സംഘടനകളും പ്രത്യേകം ടീമുകളെ തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് വോളിബാൾ കളിക്കാരാണ് കോടതിയിൽ പോയിരിക്കുന്നത്.
കോടതിവിധി വന്നതിനുശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. കളിക്കാരുടെ അവസരം നഷ്ടമാകുന്ന സാഹചര്യമുണ്ടാകില്ലെന്നു സ്പോർട്സ് കൗണ്‍സിൽ വൈസ് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് പറഞ്ഞു.
കേരളം 29 ഇനങ്ങളിൽ പങ്കെടുക്കും
തിരുവനന്തപുരം: ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളം 29 ഇനങ്ങളിൽ പങ്കെടുക്കുമെന്നു കേരളാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് യു. ഷറഫലി അറിയിച്ചു.
കേരളത്തിൽ നിന്നുളള ആദ്യ സംഘം 23ന് യാത്രതിരിക്കും. അഞ്ചംഗ ട്രയാത്തലോണ്‍ ടീമാണ് ഉത്തരാഖണ്ഡിലേക്ക് ആദ്യം പോകുന്നത്.
ഗെയിംസിൽ പങ്കെടുക്കാനുള്ള ടീമുകളുടെ പരിശീലന ക്യാന്പുകൾ സംസ്ഥാനത്തെ വിവിധ സ്റ്റേഡിയങ്ങളിൽ ആരംഭിച്ചു. ആദ്യഘട്ടമായ 15 ദിവസത്തെ പരിശീലനം പൂർത്തീകരിച്ചു. ഉത്തരാഖണ്ഡിലേക്കുളള യാത്രയ്ക്കായി ടീം അംഗങ്ങൾക്കും പരിശീലകർക്കും വിമാന യാത്രയാണ് ഒരുക്കിയിട്ടുള്ളത്.
ടീമിന്റെ ഏകാപനത്തിന് കോ-ഓർഡിനേഷൻ ടീമിനെ സ്പോർട്സ് കൗണ്‍സിൽ നിയോഗിക്കും. മത്സരം നടക്കുന്ന പ്രദേശം തണുപ്പ് കൂടുതൽ ഉളള സ്ഥലമായതിനാൽ കായിക താരങ്ങൾക്ക് സ്പോർട്സ് കിറ്റ്, ട്രാക്ക് സ്യൂട്ട് എന്നിവയോടൊപ്പം സ്വെറ്റർ കൂടി നല്‍കും. ഫിസിയോതെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് ഉൾപ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കുമെന്നും ഷറഫലി അറിയിച്ചു.