ഗ്യാങ്സ് ഓഫ് ഇന്ത്യൻ ക്രിക്കറ്റ്
Monday, January 20, 2025 1:06 AM IST
മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണിനെ ഐസിസി 2025 ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താതിരുന്നതോടെ സോഷ്യൽ മീഡിയയിൽ പ്രതിഷേധ തരംഗമുയർന്നു.
ശശി തരൂർ കേരള ക്രിക്കറ്റ് അസോസിയേഷനെതിരേ (കെസിഎ) വെടിപൊട്ടിച്ചതോടെ ഏവരും ആ വഴിക്കു നീങ്ങി. ആരുടെയും ഇഷ്ടത്തിനു വന്നും പോയും ഇരിക്കാവുന്ന ഇടമല്ല കേരള ക്രിക്കറ്റ് എന്നായിരുന്നു കെസിഎ പ്രസിഡന്റ് ജയേഷ് ജോർജിന്റെ നിലപാട്. ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്റായ വിജയ് ഹസാരെയ്ക്കുള്ള കേരള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നതാണ് കെസിഎയ്ക്കെതിരേ വിമർശനമുയരാൻ കാരണം. സഞ്ജു കേരള ക്യാന്പിൽ പങ്കെടുക്കാതിരുന്നതുകൊണ്ടാണ് അദ്ദേഹത്തെ ടീമിൽ ചേർക്കാതിരുന്നതെന്നായിരുന്നു കെസിഎയുടെ മറുപടി.
ഏതായാലും സഞ്ജുവിനെ തള്ളി ബിസിസിഐ വിക്കറ്റ് കീപ്പർമാരായി ചാന്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത് ഋഷഭ് പന്തിനെയും കെ.എൽ. രാഹുലിനെയും. ഇവർ രണ്ടുപേരേക്കാളും ബാറ്റിംഗ് ശരാശരിയുള്ള താരമാണ് സഞ്ജു എന്നതാണ് വാസ്തവം. രാജ്യാന്തര ഏകദിനത്തിൽ സഞ്ജുവിന്റെ ശരാശരി 56.66. കെ.എൽ. രാഹുലിന്റേത് 49.15. ഋഷഭ് പന്തിന്റേത് 33.50.
കാര്യങ്ങൾ ഇങ്ങനെയെല്ലാമാണെങ്കിലും സഞ്ജു സാംസണിനെ ചാന്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യൻ ടീമിൽ എടുക്കാതിരുന്നതിന്റെ യഥാർഥ കാരണം മറ്റൊന്നാണ്, ടീമിലെ ഗ്യാങ് വാർ. ഇതുമായി ബന്ധപ്പെട്ടു ഞെട്ടിക്കുന്ന റിപ്പോൾട്ടുകൾ പുറത്തുവന്നു.
ഗംഭീർ Vs രോഹിത്, അഗാർക്കർ
ഐസിസി ചാന്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കേണ്ടിയിരുന്ന അവസാന തീയതി ഈ മാസം 13 ആയിരുന്നു. എന്നാൽ, ഓസ്ട്രേലിയൻ പര്യടനത്തിന്റെ ക്ഷീണമുണ്ടെന്നും മറ്റുമുള്ള വിശദീകരണത്തിലൂടെ ബിസിസിഐ ടീം പ്രഖ്യാപനം നീട്ടി. ഇന്ത്യയും ആതിഥേയരായ പാക്കിസ്ഥാനും ഒഴികെയുള്ള മറ്റെല്ലാ ടീമുകളും അവരുടെ 15 അംഗ സംഘത്തെ 13നുള്ളിൽ പ്രഖ്യാപിച്ചു എന്നതും ശ്രദ്ധേയം.
ഒടുവിൽ 18-ാം തീയതി ശനിയാഴ്ച ബിസിസിഐ ടീം പ്രഖ്യാപനം നടത്തി. ഉച്ചയ്ക്കു 12.30നു മുഖ്യ സെലക്ടർ അജിത് അഗാർക്കറും ക്യാപ്റ്റൻ രോഹിത് ശർമയും ബിസിസിഐ ആസ്ഥാനത്ത് എത്തിയതാണ്. എന്നാൽ, രണ്ടര മണിക്കൂർ കഴിഞ്ഞായിരുന്നു ടീമിനെ അഗാർക്കറും രോഹിത്തും പത്രസമ്മേളനത്തിലൂടെ പ്രഖ്യാപിച്ചത്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറുമായി രണ്ടു പ്രധാന കാര്യങ്ങളിലുണ്ടായ തർക്കമാണ് ടീം പ്രഖ്യാപനം ഇത്രയും വൈകിച്ചത് എന്നാണ് റിപ്പോർട്ട്. തർക്കം നടന്നെങ്കിലും അഗാർക്കറും രോഹിത്തും പിടിച്ച വഴിക്കാണ് അവസാനം നീങ്ങിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സഞ്ജുവിനെ വെട്ടിയത് അഗാർക്കർ
ഗൗതം ഗംഭീറുമായി അഗാർക്കറും രോഹിത്തും ചേരിപ്പോരു നടത്തിയ ആദ്യ കാരണം സഞ്ജു സാംസണിനെ ടീമിൽ എടുക്കുന്നതു സംബന്ധിച്ചായിരുന്നു. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഗംഭീറിന്റെ ആവശ്യം. എന്നാൽ, സെലക്ടർമാർക്കു വിശ്വാസം ഋഷഭ് പന്തിൽ ആയിരുന്നു. അതോടെ സഞ്ജു പുറത്തും ഋഷഭ് പന്ത് ടീമിലുമായി.
സഞ്ജു സാംസണിനെ ഒഴിവാക്കിയതിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ മൗനാനുവാദവുമുണ്ടെന്നും ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നു. കാരണം, ഇന്ത്യയുടെ ട്വന്റി-20 ടീം ഓപ്പണർ സ്ഥാനം സെഞ്ചുറികളിലൂടെ സഞ്ജു ഉറപ്പിച്ചിരിക്കുകയാണ്. സഞ്ജു ടീമിലെത്തിയാൽ ഏകദിനത്തിലും ഓപ്പണിംഗ് സ്ഥാനത്തു പരീക്ഷിക്കപ്പെടാൻ സാധ്യതയുണ്ട്.
രോഹിത് ശർമയുടെ ഏകദിന ഭാവിക്ക് അതൊരു ഭീഷണിയായേക്കാം. രോഹിത് വിരമിച്ചപ്പോൾ ഒഴിവായ ട്വന്റി-20 ഓപ്പണിംഗ് സ്ഥാനമാണ് സഞ്ജു ഇപ്പോൾ അലങ്കരിക്കുന്നത്. അവസാനം കളിച്ച അഞ്ച് ട്വന്റി-20 ഇന്നിംഗ്സിൽ മൂന്നിലും സഞ്ജു സെഞ്ചുറി നേടിയിരുന്നു.
ഹാർദിക്കിനിട്ട് രോഹിത്തിന്റെ പണി
പേസർ ജസ്പ്രീത് ബുംറ പരിക്കേറ്റു വിശ്രമത്തിലായതോടെ ചാന്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ രോഹിത് ശർമയുടെ ഡെപ്യൂട്ടി ആരായിരിക്കും എന്നതു സംബന്ധിച്ചായിരുന്നു രണ്ടാമത്തെ തർക്കം. അടുത്ത ജെനറേഷൻ കളിക്കാരൻ എന്ന നിലയിൽ ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കി എന്നായിരുന്നു ടീം പ്രഖ്യാപനത്തിനുശേഷമുള്ള വിശദീകരണം. എന്നാൽ, ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയത് ഏകകണ്ഠമായല്ലായിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
പേസ് ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റൻ ആക്കണമെന്നായിരുന്നു മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ ആവശ്യം. എന്നാൽ, അതു സാധ്യമല്ലെന്ന് രോഹിത് ശർമയും അഗാർക്കറും നിലപാടെടുത്തു. അതോടെ സമവായമായി ഗിൽ വൈസ് ക്യാപ്റ്റനാക്കപ്പെട്ടു.
2023 ഐസിസി ഏകദിന ലോകകപ്പിൽ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയായിരുന്നു. എന്നാൽ, 2024 ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി രോഹിത്തിനു പകരം ഹാർദിക് എത്തിയതോടെ ഇരുവരും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളലുണ്ടായതായാണ് ചില കേന്ദ്രങ്ങളിൽനിന്നുള്ള സൂചന.