ചാന്പ്യൻസ് ജയം
Monday, January 20, 2025 1:06 AM IST
ക്വാലാലംപുർ: ഐസിസി അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ നിലവിലെ ചാന്പ്യന്മാരായ ഇന്ത്യക്കു ജയത്തുടക്കം. ഗ്രൂപ്പ് എയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ ഒന്‍പതു വിക്കറ്റിനു വെസ്റ്റ് ഇൻഡീസിനെ തകർത്തു. 94 പന്ത് ബാക്കിനിൽക്കേയാണ് ഇന്ത്യയുടെ ജയം. സ്കോർ: വെസ്റ്റ് ഇൻഡീസ് 13.2 ഓവറിൽ 44. ഇന്ത്യ 4.2 ഓവറിൽ 47/1.
ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അസാബി കലണ്ടർ (12), കെനിക കാസർ (15) എന്നിവർ മാത്രമാണ് വിൻഡീസ് ഇന്നിംഗ്സിൽ രണ്ടക്കം കണ്ടത്. ഇന്ത്യക്കുവേണ്ടി പരുനിക സിസോദിയ മൂന്നും വി.ജെ. ജോഷിത, ആയുഷി ശുക്ല എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കു ഗോങ്കടി തൃഷയുടെ (4) വിക്കറ്റ് മാത്രമാണ് നഷ്ടപ്പെട്ടത്. ജി. കമാലിനി (16), സനിക ചാൽകെ (18) എന്നിവർ പുറത്താകാതെ നിന്നു.
ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ ശ്രീലങ്ക 139 റണ്‍സിന് ആതിഥേയരായ മലേഷ്യയെ നിലംപരിശാക്കി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 162 റണ്‍സ് നേടി. മലേഷ്യ 14.1 ഓവറിൽ 23 റണ്‍സിനു പുറത്തായി.