ജോക്കോ Vs അൽകരാസ് ക്വാർട്ടർ
Monday, January 20, 2025 1:06 AM IST
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ മൂന്നാം നന്പർ താരമായ സ്പെയിനിന്റെ കാർലോസ് അൽകരാസും ഏഴാം നന്പറായ സെർബിയയുടെ നൊവാക് ജോക്കോവിച്ചും ക്വാർട്ടറിൽ ഏറ്റുമുട്ടും. ബ്രിട്ടീഷ് താരം ജാക് ഡ്രാപ്പർ 5-7, 1-6നു പിന്നിട്ടുനിൽക്കേ പരിക്കേറ്റു പുറത്തായതോടെ കാർലോസ് അൽകരാസ് ക്വാർട്ടറിലേക്കു പ്രവേശിച്ചു. ചെക് റിപ്പബ്ലിക്കിന്റെ ജിരി ലെഹെക്കയെ പ്രീക്വാർട്ടറിൽ 6-3, 6-4, 7-6 (7-4)നു കീഴടക്കി ജോക്കോവിച്ചും ക്വാർട്ടറിലെത്തി.
പുരുഷ സിംഗിൾസിൽ രണ്ടാം സീഡായ ജർമനിയുടെ അലക്സാണ്ടർ സ്വരേവും അവസാന എട്ടിൽ ഇടം പിടിച്ചു. വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പറായ ബെലാറൂസിന്റെ അരീന സബലെങ്ക റഷ്യൻ താരം മിറ ആൻഡ്രീവയെ (6-1, 6-2) കീഴടക്കി ക്വാർട്ടറിൽ പ്രവേശിച്ചു. അമേരിക്കയുടെ കൊക്കൊ ഗൗഫ്, സ്പെയിനിന്റെ പൗല ബഡോസ എന്നിവരും ക്വാർട്ടറിൽ ഇടംനേടി.
ബൊപ്പണ്ണ സഖ്യം ക്വാർട്ടറിൽ
മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ചൈനയുടെ ഷാങ് ഷുവായ് സഖ്യം ക്വാർട്ടറിൽ. രണ്ടാം റൗണ്ടിൽ വാക്കോവർ ലഭിച്ചാണ് ബൊപ്പണ്ണ സഖ്യം ക്വാർട്ടറിലേക്കു നടന്നത്.