കേരളം ചാന്പ്യൻ
Monday, January 20, 2025 1:06 AM IST
ബംഗളൂരു: ദേശീയ സീനിയർ 3-3 ബാസ്കറ്റ്ബോൾ വനിതാ വിഭാഗത്തിൽ കേരളം ചാന്പ്യൻപട്ടം നിലനിർത്തി. നിലവിലെ ചാന്പ്യന്മാരായ കേരളം ഫൈനലിൽ 16-12നു തമിഴ്നാടിനെ തകർത്താണ് ട്രോഫി സ്വന്തമാക്കിയത്. കഴിഞ്ഞയാഴ്ച ഗുജറാത്തിൽ നടന്ന ദേശീയ സീനിയർ ചാന്പ്യൻഷിപ്പിൽ കേരളം വെള്ളി നേടിയതിനു പിന്നാലെയാണ് 3-3 പോരാട്ടത്തിലെ ചാന്പ്യൻപട്ടം.
സെമിയിൽ തെലുങ്കാനയെ (19-17) കീഴടക്കിയായിരുന്നു കേരളം ഫൈനലിൽ പ്രവേശിച്ചത്.
മലയാളി താരം പ്രണവ് പ്രിൻസിന്റെ നേതൃത്വത്തിൽ ഇറങ്ങിയ തമിഴ്നാടിനാണ് പുരുഷ വിഭാഗത്തിൽ കിരീടം. ഉത്തർപ്രദേശിനെയാണ് തമിഴ്നാട് ഫൈനലിൽ കീഴടക്കിയത്. സ്കോർ: 21-16.
ആർ. ശ്രീകലയുടെ ക്യാപ്റ്റൻസിയിൽ സൂസൻ ഫ്ളോററ്റിന, കവിത ജോസ്, വി.ജെ. ജയലക്ഷ്മി എന്നിവരാണ് കേരള ടീമിലുണ്ടായിരുന്നത്.