സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ കേരളം x ബംഗാൾ പോരാട്ടം
Monday, December 30, 2024 11:11 PM IST
ഹൈദരാബാദ്: ഇന്ത്യൻ ദേശീയ ഫുട്ബോളിൽ കരുത്തർ ആരെന്ന് ഇന്നറിയാം. 78-ാമത് സന്തോഷ് ട്രോഫിക്കായുള്ള കലാശപോരാട്ടത്തിൽ ഇന്ത്യൻ ഫുട്ബോളിലെ ശക്തി കേന്ദ്രങ്ങളായ കേരളവും പശ്ചിമ ബംഗാളും ഇന്ന് ഏറ്റുമുട്ടും. ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് ഫൈനൽ പോരാട്ടത്തിന്റെ കിക്കോഫ്.
ഇന്ത്യൻ ഫുട്ബോളിന് നിരവധി മികച്ച കളിക്കാരെ സമ്മാനിച്ച സംസ്ഥാനങ്ങളാണ് ബംഗാളും കേരളവും. സന്തോഷ് ട്രോഫി ചരിത്രത്തിലെ തന്നെ കേരളത്തിന്റെ ഏറ്റവും വലിയ വൈരികളാണ് പശ്ചിമ ബംഗാൾ. ദേശീയ ചാന്പ്യൻഷിപ്പിന്റെ പോരാട്ടത്തിൽ ഇരു സംസ്ഥാനങ്ങളും പുതുമുഖങ്ങളുമല്ല. ബംഗാളിന്റെ 47-ാമത്തെ ഫൈനലാണ്. കേരളത്തിന്റെ 16-ാമത്തെയും.
ഈ ടൂർണമെന്റിൽ ഏറ്റവും മികച്ച ഫോമിലുള്ള ടീമുകളാണ് കേരളവും ബംഗാളും. പത്ത് കളിയിൽ ഒന്പത് മത്സരം വീതം ജയിച്ചപ്പോൾ ഒരു സമനില വീതവും നേടി.
സന്തോഷ് ട്രോഫിയിലെ മുടിചൂടാമന്നന്മാരായ ബംഗാൾ 32 തവണ ജേതാക്കളായപ്പോൾ കേരളം ഏഴു തവണയും കിരീടമുയർത്തി. അടുത്തകാലത്ത് കേരളവും ബംഗാളും രണ്ടു തവണ ഫൈനലിൽ (2017-18, 2021-22) ഏറ്റുമുട്ടി. ഇതിൽ രണ്ടിലും കേരളത്തിനായിരുന്നു ജയം.
2016-17നുശേഷം സന്തോഷ് ട്രോഫിയിൽ മുത്തമിടുകയാണ് ബംഗാൾ ലക്ഷ്യമാക്കുന്നത്. കേരളത്തിനാണെങ്കിൽ അടുത്തകാലത്ത് ബംഗളിനെതിരേ തുടരുന്ന മേധാവിത്വം നിലനിർത്തുന്നതിനൊപ്പം 2021-22നുശേഷം കപ്പുമായി നാട്ടിലേക്കു മടങ്ങുകയെന്ന കാര്യവുമുണ്ട്.
ഇത്തവണ ട്രോഫി നേടുക തന്നെയാണ് ബംഗാളിന്റെ ലക്ഷ്യമെന്ന് കോച്ച് സഞ്ജോയ് സെൻ പറഞ്ഞു. സന്തോഷ് ട്രോഫി ഫൈനലിലെത്തുകയെന്നുള്ളത് മറ്റ് സംസ്ഥാനങ്ങൾക്കു വലിയ നേട്ടമാകും. എന്നാൽ ഇത് ബംഗാളിനു വലിയ കാര്യമല്ല. ഞങ്ങൾക്ക് ട്രോഫി നേടിയെടുക്കുകയെന്നതാണ് വലിയ കാര്യം, അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ മുന്പ് 32 തവണ ടൂർണമെന്റിൽ വിജയിച്ചു. എന്നാൽ സന്തോഷ് ട്രോഫി ഇപ്പോൾ അതിൽ പങ്കെടുക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണത്തിൽ വളരെ വലിയ ടൂർണമെന്റാണ്. മുൻകാല നേട്ടങ്ങളെ കുറച്ചുകാണാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, പക്ഷേ ഇപ്പോൾ അത് നേടുന്നത് കൂടുതൽ ബുദ്ധിമുട്ടാണെന്ന് എനിക്ക് തോന്നുന്നു, ’’സെൻ പറഞ്ഞു.
“സന്തോഷ് ട്രോഫി വിജയം ഞങ്ങൾക്കു ലോകകപ്പ് നേടുന്നതുപോലെയാണ്. ഫൈനലിലെത്തുകയെന്നതായിരുന്നു ആദ്യ ലക്ഷ്യം. ഇനി വിജയത്തിൽ കുറഞ്ഞ് ഒന്നും ആഗ്രഹിക്കുന്നില്ല, കേരളത്തിന്റെ പരിശീലകൻ ബിബി തോമസ് പറഞ്ഞു.
ടൂർണമെന്റിൽ ഇതുവരെ ആക്രമണമികവ് പുറത്തെടുത്ത ടീമുകളാണ് കേരളവും ബംഗാളും. പത്ത് കളിയിൽ കേരളം 35 തവണ എതിർ വല കുലുക്കിയപ്പോൾ ബംഗാൾ 27 തവണയും. ഗോളടിക്കാൻ കേരളത്തിന് ഒരാളെ മാത്രം ആശ്രയിക്കേണ്ടതില്ല. നസീബ് റഹ്മാൻ (എട്ട്), മുഹമ്മദ് അജ്സൽ (ഒന്പത്), സജീഷ് ഇ. (അഞ്ച്) എന്നിവരും സെമിയിൽ ഹാട്രിക് നേടിയ മുഹമ്മദ് റോഷൽ എന്നിവങ്ങനെ പലരുണ്ട്.
റോബി ഹൻസ്ഡ (11), നരോ ഹരി ശ്രേഷ്ഠ എന്നിവരാണ് ബംഗാളിന്റെ ഗോളടിക്കാർ.
കേരള കളിക്കാർ ബംഗാൾ ടീമിന് അപരിചിതരല്ല. മുഹമ്മദ് റോഷൽ ഉൾപ്പെടെ കേരളത്തിന്റെ ആറു കളിക്കാർ കോൽക്കത്ത സിഎഫ്എലിൽ കളിക്കുന്നവരും മൈദാൻ സർക്കിളിൽ അറിയപ്പെടുന്ന മുഖങ്ങളുമാണ്.
സന്തോഷ് ട്രോഫിയിൽ (ഫൈനൽ റൗണ്ട്) ഇരു ടീമുകളും 32 തവണ ഏറ്റുമുട്ടി. ഇതിൽ പശ്ചിമ ബംഗാൾ 15 തവണയും കേരളം ഏഴു പ്രാവശ്യവും ജയിച്ചു. എട്ടെണ്ണം സമനിലയായി.