മെൽബണ്‍ പിടിക്കാൻ; ഇന്ത്യ-ഓസ്ട്രേലിയ ബോക്സിംഗ് ഡേ ടെസ്റ്റ് നാളെ മുതൽ
Wednesday, December 25, 2024 4:39 AM IST
മെൽബണ്‍: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിലെ ബോക്സിംഗ് ഡേ ടെസ്റ്റിനു നാളെ മെൽബണിൽ തുടക്കമാകും. അഞ്ചു മത്സരപരന്പരയിലെ നാലാമത്തെ ടെസ്റ്റാണു മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറുക. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയും ജയിച്ചു. മൂന്നാം ടെസ്റ്റ് സമനിലയിൽ കലാശിക്കുകയായിരുന്നു.
ലോക ടെസ്റ്റ്ചാന്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിടുന്ന ഇരു ടീമിനും നിർണായകമാണ് ഈ മത്സരം. ഓസ്ട്രേലിയയ്ക്കെതിരേയുള്ള ടെസ്റ്റ് പരന്പരയ്ക്കുശേഷം ഇന്ത്യക്കു ഫൈനലിനു മുന്‍പ് ഇനി ടെസ്റ്റുകളില്ല. ഓസ്ട്രേലിയയ്ക്കാണെങ്കിൽ ശ്രീലങ്കൻ പര്യടനത്തിൽ രണ്ടു മത്സരങ്ങങ്ങളുണ്ട്. അതുകൊണ്ടുതന്നെ മെൽബണിൽ ജയിച്ച് പരന്പരയിൽ മുന്നിലെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
സിഡ്നിയിൽ നടക്കുന്ന അടുത്ത മത്സരംകൂടി ജയിച്ചാൽ ഇന്ത്യക്കു ഫൈനൽ ഉറപ്പാക്കാം. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ പോയിന്റ് പട്ടികയിൽ നിലവിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയ്ക്ക് ഒരു ജയം മാത്രം നേടാനായാൽ ഫൈനൽ ഉറപ്പാക്കാം. ഓസ്ട്രേലിയയ്ക്ക് രണ്ടു മത്സരങ്ങൾ ജയിക്കണം. ദക്ഷിണാഫ്രിക്കയ്ക്കു പാക്കിസ്ഥാനെതിരേ രണ്ടു മത്സരങ്ങളുണ്ട്. ഈ പരന്പരയിലെ ആദ്യ മത്സരം നാളെ സെഞ്ചൂറിയനിൽ ആരംഭിക്കും.
2011നുശേഷം ചരിത്രം ഇന്ത്യക്കൊപ്പം
2011നുശേഷം ക്രിസ്മസ് ദിനത്തിനു പിറ്റേന്ന് ആരംഭിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്കെതിരേ ഓസ്ട്രേലിയയ്ക്കു ജയിക്കാനായിട്ടില്ല. 2014ൽ സമനിലയായി. 2018ലും 2020ലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 2018ൽ പ്ലയർ ഓഫ് ദ മാച്ചായ ജസ്പ്രീത് ബുംറതന്നെയാണ് ഈ പര്യടനത്തിലും ഇന്ത്യയുടെ തുറുപ്പ്ചീട്ട്. 2020ൽ അജിങ്ക്യ രഹാനെ നയിച്ച ടീം എട്ടു വിക്കറ്റ് ജയമാണു സ്വന്തമാക്കിയത്. ആ മത്സരത്തിലും എട്ടു വിക്കറ്റുമായി ബുംറ തിളങ്ങി. അഞ്ചു വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും മെൽബണിൽ മികച്ച ബൗളിംഗ് കാഴ്ചവച്ചു.
ഇന്ത്യയുടെ ഫൈനൽ സാധ്യത
പരന്പര 2-2ന് അവസാനിച്ചാൽ ഇന്ത്യയുടെ പെർസന്റേജ് പോയിന്റ് 55.25 % ആകും. ടെസ്റ്റ് ഫൈനലിനു യോഗ്യത നേടാൻ ഇന്ത്യക്ക് ഓസ്ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും മത്സര ഫലങ്ങൾകൂടി നോക്കേണ്ടിവരും. ഓസ്ട്രേലിയ ശ്രീലങ്കയോട് 1-0നെങ്കിലും തോൽക്കണം. ഫൈനലിനു യോഗ്യത നേടാൻ ഒരു ജയം മാത്രം വേണ്ട ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനോട് 2-0നും പരാജയപ്പെടണം. രണ്ടു മത്സരങ്ങളാണു ദക്ഷിണാഫ്രിക്ക-പാക്കിസ്ഥാൻ പരന്പരയിൽ.
പരന്പര 1-1ന് അവസാനിച്ചാൽ ഇന്ത്യയുടെ പോയിന്റ് 53.51% ആകും. ഇത് പോയിന്റ് പട്ടികയുടെ ഘടനയിൽ മുഴുവൻ മാറ്റം വരുത്തും. ഇന്ത്യയുടെ സാധ്യതകൾ അടയില്ല. ദക്ഷിണാഫ്രിക്ക 2-0ന് പാക്കിസ്ഥാനോടു തോൽക്കണം അല്ലെങ്കിൽ ഓസ്ട്രേലിയ ശ്രീലങ്കയോട് 1-0നോ അല്ലെങ്കിൽ പരന്പര 0-0ന് സമനിലയിൽ പിരിയണം. ഓസ്ട്രേലിയ-ശ്രീലങ്ക 0-0 ആയാൽ ഇന്ത്യക്കും ഓസ്ട്രേലിയയ്ക്കും 53.51% പെർസെന്റേജ് പോയിന്റ് ആകും. ഈ ടെസ്റ്റ് ചാന്പ്യൻഷിപ്പ് സൈക്കിളിൽ ഏറ്റവും കൂടുതൽ പരന്പര ജയം നേടിയതിന്റെ ആനുകൂല്യത്തിൽ (മൂന്നെണ്ണം) ഇന്ത്യ ഫൈനലിനു യോഗ്യത നേടും. ശ്രീലങ്ക 2-0ന് ജയിച്ചാൽ ഫൈനൽ പോരാട്ടത്തിൽനിന്ന് ഇന്ത്യ ഒഴിവാകും. പെർസന്റേജ് പോയിന്റിൽ ഇന്ത്യയെ ശ്രീലങ്ക മറികടക്കും.
കോണ്‍സ്റ്റാസ് ഇറങ്ങും
മെൽബണ്‍ ടെസ്റ്റിൽ പത്തൊന്‍പതുവയസുകാരൻ ഓപ്പണർ സാം കോണ്‍സ്റ്റാസ് ഓസ്ട്രേലിയൻ ടീമിൽ അരങ്ങേറ്റം കുറിക്കും. ഇതോടെ കോണ്‍സ്റ്റാസ് ഓസ്ട്രേലിയയുടെ 468-ാത്തെ പുരുഷ ടെസ്റ്റ് ക്രിക്കറ്ററാകും. 2011ൽ പാറ്റ് കമ്മിൻസ് 18-ാം വയസിൽ അരങ്ങേറ്റം കുറിച്ചശേഷം ഓസ്ട്രേലിയൻ ടീമിലെത്തുന്ന പ്രായംകുറഞ്ഞ കളിക്കാരനാകും കോണ്‍സ്റ്റാസ്.
നാളെ കോണ്‍സ്റ്റാസ് ഇറങ്ങുന്പോൾ ഓസ്ട്രേലിയൻ ടീമിന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ ടെസ്റ്റ് ഓപ്പണറും നാലാമത്തെ പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനുമാകും.
മൂന്നാഴ്ച മുന്‍പ് ഇന്ത്യക്കെതിരേ നടന്ന പരിശീലന മത്സരത്തിൽ കോണ്‍സ്റ്റാസ് കളിച്ചിരുന്നു. ആ മത്സരത്തിൽ 97 പന്തിൽ 107 റണ്‍സ് നേടിയിരുന്നു. ഇതിനു മുന്‍പ് മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്ട്രേലിയ എയ്ക്കുവേണ്ടി ഇന്ത്യ എയ്ക്കെതിരേ മെൽബണിൽ യുവതാരം കളിച്ചിരുന്നു. അന്ന് 73 റണ്‍സ് നേടി.
പരിക്കിന്റെ പേടിയിൽ ഇന്ത്യ, ഓസീസ്
നാളെ മെൽബണിൽ നാലാം ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന ഇന്ത്യക്കും ഓസ്ട്രേലിയയ്ക്കും പരിക്കിന്റെ ഭീഷണി. കഴിഞ്ഞ ദിവസം ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കു പരിശീലനത്തിനിടെ ഇടതു കാൽമുട്ടിനു പരിക്കേറ്റിരുന്നു. എന്നാൽ പരിക്ക് ഗുരുതരമല്ലെന്ന് രോഹിത് ഇന്നലെ വ്യക്തമാക്കി. നാളെത്തെ മത്സരത്തിൽ ടീമിന്റെ നായകനായി ഉണ്ടാകുമെന്ന് അറിയിച്ചു.
ഓസ്ട്രേലിയയുടെ സ്റ്റാർ ബാറ്റർ ട്രാവിസ് ഹെഡും പരിക്കിന്റെ പിടിയിലാണ്. മത്സരത്തിനു മുന്‍പ് താരത്തിന്റെ പരിക്ക് ഭേദമാകുമെന്നു കോച്ച് ആൻഡ്രു മാക്ഡൊണാൾഡ് പ്രത്യാശ രേഖപ്പെടുത്തി.