പൊന്നിൽക്കുളിച്ച് തുണ്ടത്തില്‍
Saturday, November 9, 2024 3:38 AM IST
കൊച്ചി: വെള്ളത്തില്‍ പൊന്നുവാരി തിരുവനന്തപുരം തുണ്ടത്തില്‍ എംവിഎച്ച്എസ്എസ്. അക്വാട്ടിക്സ് മത്സരങ്ങളില്‍ മൂന്നു വിഭാഗങ്ങളിലായി നാലു ദിവസത്തിനിടെ 27 സ്വര്‍ണമാണ് എംവിഎച്ച്എസ്എസ് വാരിക്കൂട്ടിയത്. ഇതില്‍ ദേശീയ റിക്കാര്‍ഡ് മറികടന്ന പ്രകടനങ്ങളടക്കം ഉള്‍പ്പെടും.
14 മീറ്റ് റിക്കാര്‍ഡുകളാണ് സ്കൂളിലെ താരങ്ങള്‍ നീന്തല്‍ക്കുളത്തില്‍ കുറിച്ചത്. 27 സ്വര്‍ണവും രണ്ടു വെള്ളിയും അഞ്ചു വെങ്കലവുമാണ് സ്കൂളിന്റെ സമ്പാദ്യം. അക്വാട്ടിക്സില്‍ തിരുവനന്തപുരം ജില്ലയെ ചാമ്പ്യന്മാരാക്കിയതില് നിര്‍ണായക പങ്കുവഹിച്ചതും എംവിഎച്ച്എസ്എസ് തന്നെ.
സ്കൂളില്‍ നിന്നുള്ള 17 താരങ്ങളാണ് കോതമംഗലത്തെ നീന്തൽകുളത്തിൽ ഇറങ്ങിയത്. 19 അംഗസംഘത്തില്‍ അനാരോഗ്യ മൂലം അവസാന നിമിഷം രണ്ടുപേര്‍ പിന്‍വാങ്ങിയതോടെയാണ് സംഘം 17 ആയി ചുരുങ്ങിയത്.
സ്കൂളുകളില്‍ 146 പോയന്റോടെ ഓവറോള്‍ കിരീടം നേടിയ സ്കൂളിന്റെ കന്നി നേട്ടമാണിത്. ചിട്ടയായ പരിശീലനമാണ് സ്വര്‍ണക്കൊയ്ത്തിന് എംവിഎച്ച്എസ്എസിനെ പ്രാപ്തരാക്കിയത്.
രാവിലെ 5.30 മുതല്‍ 8.30 വരെയും വൈകുന്നേരം നാല് മുതല്‍ ഏഴ് വരെയും ആഴ്ചയില്‍ 10 സെഷനായിട്ടാണ് പരിശീലനം. നഷ്ടമാകുന്ന ക്ലാസുകള്‍ക്ക് അധ്യാപകരുടെയടക്കം സഹായവും വിദ്യാര്ഥികള്്ക്ക് ലഭിക്കുന്നുണ്ട്. കോതമംഗലത്ത് പുറത്തെടുത്ത മികച്ച പ്രകടനം ദേശീയ മീറ്റിലും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരങ്ങളും പരിശീലകനും.
ഗ്ലെന്‍ മാര്‍ക്ക് അക്വാട്ടിക് ഫൗണ്ടേഷന് അക്കാഡമിയിലെ അഭിലാഷ് തമ്പിയാണ് സ്കൂളിന്റെ പരിശീലകന്. മൂന്നു വര്‍ഷമായി സ്കൂളിനെ പരിശീലിപ്പിക്കുന്ന അഭിലാഷ് ആദ്യമായാണ് സംഘത്തിനൊപ്പം സംസ്ഥാന മേളയ്ക്കെത്തുന്നത്.
20 വര്‍ഷത്തോളമായി നീന്തല്‍ പരിശീലന രംഗത്ത് പ്രവര്‍ത്തിക്കുന്ന അഭിലാഷ് 16 വര്‍ഷം മധ്യപ്രദേശിലെ ഇന്‍ഡോര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. കായിക പരിശീലന രംഗത്തെ സംഭാവനകള്‍ക്ക് നല്കുന്ന വിശ്വമിത്ര അവാര്‍ഡ് 2021ല്‍ മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്ന് അഭിലാഷിന് ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ചാന്പ്യൻ
കോതമംഗലം: കേരള സ്കൂള്‍ കായികമേളയുടെ അക്വാട്ടിക്സ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 654 പോയന്റോടെ തിരുവനന്തപുരം ചാമ്പ്യന്മാരായി.
എംഎ കോളജ് നീന്തൽക്കുളത്തിൽ നാല് ദിവസമായി നടന്ന മത്സരങ്ങളിൽ 162 പോയന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തും 90 പോയന്റോടെ കോട്ടയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വ്യക്തമായ ആധ്യപത്യം ഉറപ്പിച്ചാണ് തിരുവനന്തപുരം ചാമ്പ്യന്മാരായത്. 74 സ്വർണവും 56 വെള്ളിയും 60 വെങ്കലവുമാണ് തിരുവനന്തപുരത്തിന്റെ നേട്ടം.