ഒടിഞ്ഞുവീണ സുവർണമോഹം
Saturday, November 9, 2024 3:38 AM IST
കൊച്ചി: മുന്‍പ് താന്‍ കുറിച്ചിട്ട ഉയരങ്ങള്‍ ഒന്നൊന്നായി മറികടന്ന് സ്വര്‍ണത്തിനായുള്ള അവസാന ശ്രമത്തിന്റെ പടിവാതിലില്‍ ദൗര്‍ഭാഗ്യം പോലെയാണ് സഫാനിയയുടെ പോള്‍ ഒടിഞ്ഞുവീണത്.
പുതിയ ഉയരം കുറിക്കാന്‍ പിച്ചില്‍ കുത്തി ഉയരുന്നതിനിടെ ക്രോസ്ബാറിന് അരികിൽവച്ച് പോള്‍ ഒടിയുകയായിരുന്നു. നിയന്ത്രണം തെറ്റി പിറ്റിലേക്ക് വീണ സഫാനിയയ്ക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം പിന്നെ തിരിച്ചുപിടിക്കാനായില്ല.
2.90 മീറ്ററിനുവേണ്ടിയുള്ള ശ്രമത്തിനിടെ ആയിരുന്നു ആദ്യ ചാന്‍സില്‍ സഫാനിയയുടെ പോള്‍ ഒടിഞ്ഞത്. പകരം മറ്റൊരു പോള്‍ ഉപയോഗിച്ച് ശേഷിച്ച അവസരങ്ങളില്‍ ശ്രമം നടത്തിയെങ്കിലും തന്റെ ശരീരഭാരത്തിന് ചേര്‍ന്ന വഴക്കം അതിനുണ്ടായിരുന്നില്ല.
രണ്ട് അവസരങ്ങള്‍ ക്രോസ്ബാറിനെ മറികടക്കാന്‍ ആകാതെ നഷ്ടമായപ്പോള്‍ അവസാന അവസരം ഫൗളില്‍ കുടുങ്ങി. ദൗര്‍ഭാഗ്യത്തിന് മുന്നില്‍ സ്വപ്നങ്ങള്‍ വീണുടഞ്ഞതോടെ നിറകണ്ണുകളോടെയാണ് സഫാനിയ മടങ്ങിയത്.
കരിയറിലെ ഏറ്റവും മികച്ച ഉയരമാണ് ജൂണിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കോതമംഗലം മാര്‍ ബേസിലിലെ സഫാനിയ കുറിച്ചത്. 2.60 മീറ്റര്‍ എന്ന ഉയരം താണ്ടി സംസ്ഥാന മീറ്റിലെത്തിയ സഫാനിയ മൂന്നാം അവസരത്തില്‍ 2.80 മീറ്റര്‍ എന്ന തന്റെ എക്കാലത്തെയും മികച്ച ഉയരം കുറിച്ചു.
2.90 മീറ്ററിനുള്ള ശ്രമമായിരുന്നു പിന്നീട്. അതിനുള്ള ആദ്യ അവസരത്തിലാണ് പോള്‍ ഒടിഞ്ഞത്. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഒരുലക്ഷം രൂപ വിലവരുന്ന പോള്‍ ആണ് ഒടിഞ്ഞത്.