1935 ജനുവരി രണ്ടിന് വെസ്റ്റ് ഇൻഡീസിനെതിരേ 276 പന്തിൽ ഇംഗ്ലണ്ട് ജയം നേടിയതാണ് റിക്കാർഡ്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ നേടിയ 281 പന്തിലെ ജയമാണ് രണ്ടാമത്. ബംഗ്ലാദേശിനെതിരായ 312 പന്തിലെ ജയം നാലാം സ്ഥാനത്തുണ്ട്.
ഇന്ത്യയുടെ തുടർച്ചയായ 18-ാം ഹോം സീരീസ് നേട്ടമാണിത്. 2012ൽ ഇംഗ്ലണ്ടിനെതിരേ പരന്പര നഷ്ടപ്പെട്ട ശേഷം ഹോം ടെസ്റ്റിൽ ഇന്ത്യ ഇതുവരെ ട്രോഫി കൈവിട്ടിട്ടില്ല. മാത്രമല്ല, 2021-22ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോൽവിക്കുശേഷം സ്വദേശത്തും വിദേശത്തും ഇന്ത്യ ടെസ്റ്റ് പരന്പര പരാജയപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയം. ജയ്സ്വാളാണ് പ്ലെയർ ഓഫ് ദ മാച്ച്. ആർ. അശ്വിൻ പ്ലെയർ ഓഫ് ദ സീരീസ് ആയി.
15: ബംഗ്ലാദേശിനെതിരേ ഇന്ത്യ തോൽവി ഇല്ലാതെ 15 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കി. അതിൽ 13 എണ്ണത്തിലും ഇന്ത്യക്കാണ് ജയം.
7.36: കാണ്‍പുർ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലുമായി ഇന്ത്യയുടെ റണ്‍ റേറ്റ് 7.36. ടെസ്റ്റ് ചരിത്രത്തിൽ 300ൽ അധികം റണ്‍സ് നേടുന്ന ടീമുകളിൽ ഏറ്റവും കൂടുതൽ റണ്‍ റേറ്റാണിത്. 2005ൽ സിംബാബ്വെയ്ക്കെതിരേ 6.80 റണ്‍ റേറ്റിൽ ദക്ഷിണാഫ്രിക്ക ജയം നേടിയതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
1040: കാണ്‍പുർ ടെസ്റ്റിൽ ആകെ എറിഞ്ഞ പന്ത് 1040. അഞ്ചാംദിനം വരെ നീണ്ട്, ഫലം കണ്ടെത്തിയതിൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ മൂന്നാമത് ടെസ്റ്റാണിത്.
128.12: കാണ്‍പുരിൽ ജയശ്വി ജയ്സ്വാളിന്റെ സ്ട്രൈക്ക് റേറ്റ് 128.12. പുരുഷ ടെസ്റ്റ് ചരിത്രത്തിൽ രണ്ട് ഇന്നിംഗ്സിലും 50+ സ്കോർ ഉള്ള ബാറ്റർമാരിൽ മൂന്നാമത്തെ ഉയർന്ന സ്ട്രൈക്ക് റേറ്റാണിത്. 2017ൽ സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ പാക്കിസ്ഥാനെതിരേ കുറിച്ച 137.7 ആണ് ഒന്നാം സ്ഥാനത്ത്.
11: ആർ. അശ്വിന്റെ 11-ാമത് പ്ലെയർ ഓഫ് ദ സീരീസ് പുരസ്കാരം. പുരുഷ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദ സീരീസ് നേടുന്നതിൽ ശ്രീലങ്കയുടെ മുൻതാരം മുത്തയ്യ മുരളീധരന് ഒപ്പം അശ്വിൻ എത്തി.
രോഹിത് സ്പീക്കിംഗ് “മത്സരത്തിന്റെ രണ്ടരദിവസം മഴയിൽ നഷ്ടപ്പെട്ടതോടെ എങ്ങനെ ഗെയിം മുന്നോട്ടു കൊണ്ടുപോകാം എന്നതായിരുന്നു ഞങ്ങളുടെ (ടീംഇന്ത്യ) ചിന്ത. നാലാംദിനം മൈതാനത്ത് എത്തിയപ്പോൾ അവരെ (ബംഗ്ലാദേശ്) വേഗത്തിൽ പുറത്താക്കുക എന്നതായിരുന്നു ഉദ്ദേശ്യം. 230കളിൽ അവർ പുറത്തായപ്പോൾ ഞങ്ങൾ മറ്റൊന്നു തീരുമാനിച്ചു. റണ്‍സ് എടുക്കുന്നതു മാത്രമല്ല, എത്രമാത്രം ഓവർ അവർക്കെതിരേ രണ്ടാം ഇന്നിംഗ്സിൽ എറിയാം എന്നായി ഞങ്ങളുടെ ചിന്ത. അതോടെ ഒന്നാം ഇന്നിംഗ്സിൽ റണ്‍റേറ്റ് ഉയർത്തുന്നതിലേക്കു ഞങ്ങൾ ഫോക്കസ് ചെയ്തു. ശരിക്കും അതൊരു റിസ്ക്കായിരുന്നു. കാരണം, വേഗത്തിൽ പുറത്താകാനുള്ള സാധ്യതയുള്ള ആക്രമണ ശൈലിയായിരുന്നു സ്വീകരിച്ചത്. 100-150 റണ്‍സിനുള്ളിൽ പുറത്തായാൽപോലും മത്സരത്തിൽ ഒരു ഫലം ഉണ്ടാക്കുക എന്നതായിരുന്നു ഞങ്ങളുടെ ചിന്ത.”
ഇന്ത്യ നന്പർ 1 ദുബായ്/കാണ്‍പുർ: ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരന്പര 2-0നു സ്വന്തമാക്കിയ ഇന്ത്യ, ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. ഇന്ത്യ 74.24 പോയിന്റ് ശതമാനത്തോടെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഓസ്ട്രേലിയ (62.50), ശ്രീലങ്ക (55.56), ഇംഗ്ലണ്ട് (42.19) ടീമുകളാണ് പട്ടികയിൽ ഇന്ത്യക്കു പിന്നിൽ.