കേരളത്തിൽ കുരുമുളക് ഉത്പാദനം ഇടിയുന്നു
Thursday, April 3, 2025 12:13 AM IST
ന്യൂഡൽഹി: കേരളത്തിലെ കുരുമുളക് ഉത്പാദനം കുത്തനെ ഇടിഞ്ഞെന്ന് കേന്ദ്ര കാർഷിക സഹമന്ത്രി രാംനാഥ് ഠാക്കൂർ പറഞ്ഞു. 8 മുതൽ 10 ശതമാനം വരെയാണ് ഇടിവ് സംഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്സഭയിൽ അബ്ദു സമദ് സമദാനിയുടെ ചോദ്യത്തിന് മറുപടി പറയവേയാണ് ഇക്കാര്യം മന്ത്രി വെളിപ്പെടുത്തിയത്.
2014-15 കാലത്ത് 85,431 ഹെക്ടറിൽ കുരുമുളക് കൃഷിയുണ്ടായിരുന്നു. ഇത് 15 ശതമാനം കുറഞ്ഞ് 2023-24 കാലത്ത് 72,669 ഹെക്ടറായി ചുരുങ്ങി. 40,690 ടണ്ണിൽ നിന്ന് 25 ശതമാനം ഇടിഞ്ഞ് 30,798 ടണ്ണായി ഉത്പാദനം ചുരുങ്ങിയതും ഇത് മൂലമാണ്.
പ്രളയത്തിന്റെ സ്വാധീനം
2018ലും 2019ലും അപ്രതീക്ഷിതമായി കേരളത്തിലുണ്ടായ പ്രളയവും ഇതിൽ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. പ്രളയമുണ്ടായ സമയത്ത് വില കുറവായിരുന്നതിനാൽ കർഷകർക്ക് കുരുമുളക് കൃഷിയിലുള്ള താല്പര്യം പെട്ടെന്ന് നഷ്ടപ്പെടുകയാണുണ്ടായത്. വിലക്കുറവ് 2021-22 വരെ തുടർന്നതോടെ കൃഷി വലിയ തോതിൽ ചുരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ’’മണ്ണിലെ ഈർപ്പവും ധാതുക്കളും നിലനിർത്താനുള്ള നടപടികളെടുക്കാതിരുന്നതും തകർച്ചയ്ക്ക് കാരണമായി. മറ്റ് രാജ്യങ്ങളിലെ കുരുമുളക് ലഭ്യതയും ഇന്ത്യൻ കുരുമുളകിന്റെ വിലയുമെല്ലാം കുരുമുളക് കയറ്റുമതിയിലെ ചാഞ്ചാട്ടത്തിന് വഴിവച്ചു’’ മന്ത്രി പറഞ്ഞു.
കർഷക രക്ഷാ പദ്ധതികൾ
ഈ മേഖലയുടെ ഉന്നമനത്തിനായി കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ വഴി സർക്കാർ നടപ്പാക്കിയ പദ്ധതികളും മന്ത്രി വിശദീകരിച്ചു. കേരള കാർഷിക സർവകലാശാല, കോഴിക്കോടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസേർച്ച് ഡയറക്ടറേറ്റ് ഓഫ് അരക്കനട്ട് ആൻഡ് സ്പൈസസ് ഡവലപ്മെന്റ് വഴി നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഹൈടെക്ക് നഴ്സറികളടക്കം ഇതിലുൾപ്പെടും.
കാർഷിക സർവകലാശാല വികസിപ്പിച്ച് മികച്ച വിളവ് നൽകുകയും രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്ന ഇനങ്ങളാണ് ഇപ്പോൾ രാജ്യത്തെ 70 ശതമാനം കൃഷിയിടങ്ങളിലുമുള്ളതെന്നും രാംനാഥ് ഠാക്കൂർ കൂട്ടിച്ചേർത്തു.