തീരുവ ഭീഷണി; ഇന്ത്യൻ വിപണിയിൽ ഇടിവ്
Wednesday, April 2, 2025 12:32 AM IST
മുംബൈ: ഇന്നു മുതൽ അമേരിക്കയോട് വ്യാപാര മിച്ചം ഉള്ള എല്ലാ രാജ്യങ്ങൾക്കും പകരത്തിനുപകരം തീരുവ ചുമത്തും എന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം നിലവിൽവരും. തീരുവ ചുമത്തൽ നിലവിൽ വന്നാൽ എന്ത് സംഭവിക്കുമെന്നതിലാണ് എല്ലാവരുടെയും കണ്ണുകൾ.
ട്രംപിന്റെ തീരുവ ഭീഷണി ഇന്നല ഇന്ത്യ ഓഹരി വിപണിയെ ബാധിച്ചു. താരിഫ് സംബന്ധിച്ച ആശങ്കകളെ തുടർന്ന് നിക്ഷേപകർ കരുതലോടെയാണ് വിപണിയിൽ ഇടപെടുന്നത്. ഇത് ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവുണ്ടാക്കി. ബിഎസ്ഇ സെൻസെക്സ് 1390 പോയിന്റ് താഴ്ന്നപ്പോൾ നിഫ്റ്റി 23,200 പോയിന്റിനു താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
വ്യാപാരയുദ്ധത്തിന് തുടക്കംകുറിച്ച് ഇറക്കുമതി താരിഫ് കൂട്ടുമെന്ന അമേരിക്കൻ പ്രഖ്യാപനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് വിപണിയിൽ പ്രതിഫലിച്ചത്. ഇതോടെ 2025-26 സാന്പത്തികവർഷത്തെ ആദ്യ വ്യാപാരദിനം ഓഹരി വിപണികളിൽ ഒരു ശതമാനത്തിലേറെ നഷ്ടമാണുണ്ടായത്.
സെൻസെക്സ് 1390.41 പോയിന്റ് (1.80%) നഷ്ടത്തിൽ 76024.51ലും നിഫ്റ്റി 353.65 പോയിന്റ് (1.50%) ഇടിഞ്ഞ് 23165.70ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം വിപണി മൂലധനം ഇന്നലെ 3.23 ലക്ഷം കോടി രൂപ ഇടിഞ്ഞ് 409.64 ലക്ഷം കോടി രൂപയായി.
ട്രംപിന്റെ ഇറക്കുമതി തീരുവയ്ക്കു ബദലായി മറ്റ് രാജ്യങ്ങളും അമേരിക്കൻ ഉത്പന്നങ്ങൾക്കു തീരുവ ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം വ്യാപാര യുദ്ധത്തിനു വഴിയൊരുക്കുകയാണ്.
തീരുവ ചുമത്തൽ ഇന്നു മുതലുണ്ടാകുമെന്ന ആശങ്ക അമേരിക്കൻ വിപണികളെയും ബാധിച്ചു. ഡൗ ജോണ്സ് 200 പോയിന്റ് താഴ്ന്നാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. നാസ്ദാക്കും നഷ്ടത്തിന്റെ പാതയിലാണ്.
പുതിയ തീരുവകളെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണം, ആഗോള വിപണികളെ പിന്തുടർന്ന് ഇന്ത്യൻ ഓഹരികളും ഇന്നലെ ജാഗ്രതയിലായിരുന്നു. തീരുവകളെക്കുറിച്ചുള്ള വ്യക്തതയുടെ അഭാവം വിപണിയെ ബാധിക്കുന്നു.
തീരുവകളുമായി ബന്ധപ്പെട്ട യുഎസ് സർക്കാരിന്റെ നയമാറ്റങ്ങൾ ഐടി ഓഹരികളെ ബാധിച്ചു. ഇന്ത്യൻ ഐടി കന്പനികൾ കൂടുതലായി അമേരിക്കൻ മാർക്കറ്റിനെയാണ് ആശ്രയിക്കുന്നത്. ദുർബലമായ ആവശ്യതകാരണം അഞ്ചു ശതമാനം വരെ ഇടിഞ്ഞു.
വിമോചന ദിനമെന്ന് ട്രംപ്
പരസ്പര തീരുവ നിലവിൽവരുന്ന ഏപ്രിൽ രണ്ടിനെ ‘വിമോചന ദിനം’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങൾ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഈടാക്കുന്ന തീരുവകൾക്ക് തുല്യമായി തന്റെ ഭരണകൂടം പകരം തീരുവ ഏർപ്പെടുത്തിയതിനുശേഷം, വിദേശ ഉത്പന്നങ്ങളെ ആശ്രയിക്കുന്നതിൽനിന്ന് യുഎസിനെ മോചിപ്പിക്കുന്ന ഒരു ദിവസമാണിത്- ട്രംപ് പറഞ്ഞു.