ചില്ലറ പണപ്പെരുപ്പത്തിൽ കേരളം ഒന്നാമത്
Wednesday, March 12, 2025 11:08 PM IST
ന്യൂഡൽഹി: ഇന്ത്യയിലെ ചില്ലറ പണപ്പെരുപ്പം ഫെബ്രുവരിയിൽ നാല് ശതമാനത്തിൽ താഴെയായി. ഏഴ് മാസത്തെ താഴ്ന്ന നിലയായ 3.61 ശതമാനമായി. ആറ് മാസത്തിനിടെ ഇതാദ്യമായി പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കുറവാണ് ഇതിനു കാരണമായതെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ഇന്നലെ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കി.
ജനുവരിയിലെ പണപ്പെരുപ്പം 4.31 ശതമാനത്തിൽ നിന്ന് 4.26 ശതമാനമായി പുതുക്കി നിശ്ചയിച്ചിരുന്നു. ഏറ്റവും പുതിയ കണക്ക് 2024 ജൂലൈക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.
ഈ സാന്പത്തിക വർഷത്തിൽ ഇത് മൂന്നാം തവണയാണ് ചില്ലറ പണപ്പെരുപ്പം നാലു ശതമാനത്തിൽ താഴുന്നത്. ജൂലൈയിലും (3.60%), ഓഗസ്റ്റിലുമായാണ് (3.65%) താഴ്ന്നത്.
ഫെബ്രുവരിയിൽ ഭക്ഷ്യവിലക്കയറ്റം 3.75 ശതമാനമായി കുറഞ്ഞു. 2023 മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ജനുവരിയിൽ ഇത് 5.97 ശതമാനമായിരുന്നു. പച്ചക്കറി വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.07 ശതമാനം കുറഞ്ഞു. ജനുവരിയിൽ ഇത് 11.35 ശതമാനം വർധിച്ചിരുന്നു. ധാന്യങ്ങളുടെ വില ജനുവരിയിൽ 6.24 ശതമാനം വർധനവിൽനിന്ന് 6.1 ശതമാനം ഉയർന്നു, അതേസമയം പയർവർഗങ്ങളുടെ വില മുൻ മാസത്തെ 2.59 ശതമാനം വളർച്ചയിൽ നിന്ന് 0.35 ശതമാനം കുറഞ്ഞു.
ഫെബ്രുവരിയിൽ പണപ്പെരുപ്പത്തിലും ഭക്ഷ്യ പണപ്പെരുപ്പത്തിലും ഗണ്യമായ കുറവുണ്ടായത് പച്ചക്കറികൾ, മുട്ട, മാംസം, മത്സ്യം, പയർവർഗങ്ങൾ, പാൽ, പാലുത്പന്നങ്ങൾ എന്നിവയുടെ വിലയിലുണ്ടയ മാന്ദ്യം മൂലമാണെന്ന് എൻഎസ്ഒ വ്യക്തമാക്കി. ചില്ലറ പണപ്പെരുപ്പം നാല് ശതമാനത്തിൽ നിലനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ മാസം ഹ്രസ്വകാല വായ്പാ നിരക്ക് (റിപ്പോ) 25 ബേസിസ് പോയിന്റ് കുറച്ചു.
ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം ഫെബ്രുവരിയിൽ 3.79 ശതമാനമായി കുറഞ്ഞു. ജനുവരിയിൽ 4.59 ശതമാനമായിരുന്നു. നഗരപ്രദേശത്തെ പണപ്പെരുപ്പം ജനുവരിയിലെ 3.87 ശതമാനത്തെ അപേക്ഷിച്ച് ഫെബ്രുവരിയിൽ 3.32 ശതമാനമായി കുറഞ്ഞു.
പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കുകയായിരുന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്യം. ഫെബ്രുവരിയിലെ ധനനയ നിർണയ യോഗത്തിൽ റിസർവ് ബാങ്ക് പലിശനിരക്ക് 0.25% വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞമാസം പണപ്പെരുപ്പം നാലു ശതമാനത്തിൽ താഴെയെത്തിയതോടെ അടുത്തമാസം ചേരുന്ന യോഗത്തിലും പലിശഭാരം കുറച്ചേക്കാം.
കേരളം മുന്നിൽ
രാജ്യത്ത് ചില്ലറ പണപ്പെരുപ്പം ഫെബ്രുവരിയിൽ നാലു ശതമാനത്തിൽ താഴെയായപ്പോൾ കടകവിരുദ്ധമായി കേരളത്തിലുണ്ടായത് ദേശീയ തലത്തിന്റെ ഇരട്ടി. പണപ്പെരുപ്പ നിരക്ക് 7.31 ശതമാനമുള്ള കേരളമാണ് ഒന്നാമത്. ജനുവരിയിൽ 6.76 ശതമാനവുമായി രാജ്യത്ത് വിലക്കയറ്റത്തോതിൽ ഒന്നാമതായിരുന്നു കേരളം.
ഛത്തീസ്ഗഡ് (4.48%), കർണാടക (4.49%), ബിഹാർ (4.47%), ജമ്മു ആൻഡ് കാഷ്മീർ (4.28%) എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ.
പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിൽ ഡൽഹിയെ (1.54%) മറികടന്ന് തെലങ്കാന (1.31%) ഒന്നാമതെത്തി. ആന്ധ്രാപ്രദേശ് (2.44%), ജാർഖണ്ഡ് (2.68%), ഗുജറാത്ത് (2.98%) എന്നിവയും പണപ്പെരുപ്പം ഏറ്റവും കുറഞ്ഞുനിൽക്കുന്ന സംസ്ഥാനങ്ങളാണ്.