മുത്തൂറ്റ് ഫിനാന്‍സ് ഫിന്‍ക്ലൂഷന്‍ ചലഞ്ച് 2025: വിജയികളെ പ്രഖ്യാപിച്ചു
Saturday, March 8, 2025 11:23 PM IST
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ഫിന്‍ക്ലൂഷന്‍ ചലഞ്ച് 2025 വിജയികളെ പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള 5,700ലധികം ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എംഡിഐ) ഗുരുഗ്രാം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) ലക്നോ, ബിഐടിഎസ് പിലാനി ഗോവ ടീമുകള്‍ വിജയികളായി.
ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ചു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്നു ലക്ഷം രൂപയും സമ്മാനമായി ലഭിച്ചു. ഐഐഎഫ്ടി ഡല്‍ഹി, ഐഐടി റൂര്‍ക്കി, പാറ്റ്ന, ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ഡല്‍ഹി സര്‍വകലാശാലാ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ള ടീമുകളും ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരച്ചു.
ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ. പി.സി. നീലകണ്ഠന്, മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി എംഡി ജോര്‍ജ് മുത്തൂറ്റ് ജേക്കബ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ് സിഒഒ കെ.ആര്. ബിജിമോന്‍, ഡോ. കുഞ്ചെറിയ പി. ഐസക്, സുജാത മാധവ് ചന്ദ്രന്, വിനോദ് തരകന്, മനോജ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.