സാംസംഗിലെ തൊഴിലാളിസമരം പിൻവലിച്ചു
Saturday, March 8, 2025 12:16 AM IST
ചെന്നൈ: ഒരു മാസത്തിലേറെയായി ശ്രീപെരുന്പത്തൂരിലെ സാംസംഗ് ഇന്ത്യ ഫാക്ടറിയിൽ സാംസംഗ് ഇന്ത്യ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നടന്നുവന്ന തൊഴിലാളിസമരം ജീവനക്കാർ പിൻവലിച്ചു.
സമരം ചെയ്ത തൊഴിലാളികളെ തിരിച്ചു ജോലിയിൽ പ്രവേശിപ്പിക്കാമെന്ന് കന്പനി നൽകി ഉറപ്പിന്മേലാണ് സമരം പിൻവലിച്ചത്. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും സാംസംഗ് പ്രതിധിനികളും നടത്തിയ ചർച്ചയിലാണ് ഇത് സാധ്യമായതെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി അഞ്ചിനാണ് സമരം ആരംഭിച്ചത്.
കന്പനി ജീവനക്കാരെ പുനഃപ്രവേശിപ്പിക്കുകയും അവരുടെ ഐഡി കാർഡുകൾ അണ്‍ബ്ലോക്ക് ചെയ്യുകയും ചെയ്യും. വ്യക്തിഗത ഇമെയിലുകൾ അയച്ചുകൊണ്ട് ഇന്നു മുതൽ ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കാൻ അനുവാദമുണ്ടെന്ന് മാനേജ്മെന്റ് ഉറപ്പു നൽകി.
ഭാവിയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും സസ്പെൻഷൻ പെൻഡിംഗ് എൻക്വയറി പ്രകാരം 23 തൊഴിലാളികൾക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കന്പനി അറിയിച്ചു. സസ്പെൻഡ് ചെയ്യപ്പെട്ട തൊഴിലാളികളെ കന്പനിക്കുള്ളിൽ പ്രവേശിപ്പിക്കില്ല. അവരുടെ കേസ് പിന്നീട് പരിഗണിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു.
സസ്പെൻഡ് ചെയ്യപ്പെട്ട 23 തൊഴിലാളികളെ സംബന്ധിച്ച അനുരഞ്ജന ചർച്ചകൾ ഈ മാസം 12നു നടക്കുമെന്നാണ് പ്രതീക്ഷ.