കേരള സ്റ്റാർട്ടപ്പുകൾക്ക് യൂറോപ്പിലേക്ക് വാതിൽ തുറക്കുന്നു
Friday, March 7, 2025 12:40 AM IST
തിരുവനന്തപുരം: കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് യൂറോപ്യൻ വിപണിയിലേക്കുള്ള വാതിൽ തുറക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷനും ബ്രസൽസിലെ ഹബ് ഡോട് ബ്രസൽസും ധാരണാപത്രം ഒപ്പിട്ടു. മുംബൈയിൽ നടന്ന ചടങ്ങിൽ ബെൽജിയം രാജകുമാരി ആസ്ട്രിഡ് ഓഫ് ബെൽജിയത്തിന്റെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവച്ചത്.
ബെൽജിയത്തിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെയും സാന്പത്തികവികസനത്തിന്റെയും ചുമതലയുള്ള പ്രാദേശിക ഏജൻസിയാണ് ഹബ് ബ്രസൽസ്. കെഎസ്യുഎം സിഇഒ അനൂപ് അംബിക, ഹബ് ബ്രസൽസ് ഡെപ്യൂട്ടി സിഇഒ അന്നലോർ ഐസക് എന്നിവരാണ് ധാരണാപത്രം കൈമാറിയത്.
ധാരണാപത്രത്തിന്റെ ഭാഗമായി കേരളത്തിലെ തെരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾക്കായി സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ സ്ഥാപിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് സൗജന്യ വർക്കിംഗ്സ്പേസ്, ബിസിനസ് വിദഗ്ധോപദേശം, മീറ്റിംഗ് റൂം സൗകര്യം, ബിസിനസ് ശൃംഖല അവസരങ്ങൾ എന്നിവയും ലഭ്യമാകും. ബെൽജിയത്തിൽ മാത്രമല്ല, യൂറോപ്പിലെ വിപണിയിലാകെ സാന്നിധ്യമറിയിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് അവസരം കൈവരും.
ഇതേ മാതൃകയിൽ ബെൽജിയത്തിലെ സ്റ്റാർട്ടപ്പുകൾക്ക് കെഎസ്യുഎമ്മിലും സമാനമായ സംവിധാനമൊരുക്കും. കെഎസ്യുഎമ്മിന്റെ ഡെമോ ഡേ, വിപണി പ്രവേശന പരിപാടികൾ, ഇന്ത്യൻ ബിസിനസ് സമൂഹവുമായുള്ള ആശയവിനിമയം എന്നിവയിൽ ബെൽജിയത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾക്കും അവസരമുണ്ടാകും.