ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്
Saturday, March 8, 2025 11:23 PM IST
സീനോ സാജു
ന്യൂഡൽഹി: അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തുന്ന ഉയർന്ന ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാൻ ഇന്ത്യ തയാറായിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ഭീമൻ തീരുവ ഈടാക്കുന്നുവെന്നും അതിനാൽ ഇന്ത്യയിൽ ഉത്പന്നങ്ങൾ വിൽക്കാൻ കഴിയുന്നില്ലെന്നും കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന ആവർത്തിച്ചുകൊണ്ടാണ് ഇന്ത്യ നികുതി കുറയ്ക്കാൻ തയാറായിട്ടുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തിയത്. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഭീമൻ നികുതി ചുമത്തുന്ന ഇന്ത്യൻ വ്യാപാരനയത്തിനെതിരായ വിമർശനം തുടർന്ന ട്രംപ് തീരുവ കുറയ്ക്കാൻ ഇന്ത്യ തയാറായത് ഇന്ത്യയുടെ പ്രവർത്തനങ്ങളെ വെളിച്ചത്തു കൊണ്ടുവന്നതിനാലാണെന്നും പറഞ്ഞു.
സാന്പത്തിക കാഴ്ചപ്പാടിൽനിന്നും വ്യാപാര കാഴ്ചപ്പാടിൽനിന്നും നോക്കുകയാണെങ്കിൽ ഒട്ടുമിക്ക രാജ്യങ്ങളും അമേരിക്കയെ ചൂഷണം ചെയ്തിട്ടുണ്ടെന്ന് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമങ്ങളോടു സംസാരിക്കവെ അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. ഉയർന്ന തീരുവ ചുമത്തുന്നതിൽ കാനഡയെയും മെക്സിക്കോയെയും ചൈനയെയും യൂറോപ്യൻ യൂണിയനെയും ട്രംപ് വീണ്ടും കുറ്റപ്പെടുത്തി.
ഇന്ത്യ ചുമത്തുന്ന ഇറക്കുമതി തീരുവയെ ഈ ആഴ്ച മൂന്നാം തവണയാണ് ട്രംപ് വിമർശിക്കുന്നത്. രണ്ടാം തവണയും പ്രസിഡന്റായി ചുമതലയേറ്റതിനുശേഷം ഇന്ത്യയെ ‘താരിഫ്’ (ഇറക്കുമതി തീരുവ) രാജാവ്’ എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ 9.5 ശതമാനം നികുതി ചുമത്തുന്പോൾ അമേരിക്ക ഇന്ത്യൻ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്പോൾ മൂന്നു ശതമാനം മാത്രമാണ് തീരുവ ഏർപ്പെടുത്തുന്നത്.
മറ്റു രാജ്യങ്ങൾ അമേരിക്കയ്ക്ക് ചുമത്തുന്ന നികുതിതന്നെ തിരിച്ചും ചുമത്തുന്ന ‘റെസിപ്രോക്കൽ താരിഫ്’ മറ്റു രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്താനാണ് അമേരിക്കയുടെ അടുത്ത നീക്കം. ഇന്ത്യയെപ്പോലെ മറ്റു രാജ്യങ്ങളും ഉയർന്ന തീരുവ ചുമത്തുന്നതിനെതിരേ റെസിപ്രോക്കൽ താരിഫ് ഏപ്രിൽ രണ്ടു മുതൽ മറ്റു രാജ്യങ്ങൾക്ക് ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
റെസിപ്രോക്കൽ താരിഫുകളെ ചെറുക്കാൻ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിൽ (ബിടിഎ) ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ഇന്ത്യയുടെ ശ്രമമെന്ന് കഴിഞ്ഞദിവസം വിദേശകാര്യമന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിൽനിന്നു വ്യക്തമായിരുന്നു.
ബിടിഎ ചർച്ചകളിലൂടെ ഇറക്കുമതി തീരുവയിൽ സമവായത്തിലെത്താൻ കഴിഞ്ഞ ദിവസം കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അമേരിക്ക സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നാൽ ചർച്ചകൾക്കു പിന്നാലെ തീരുവയിലെ അമേരിക്കയുടെ ആവശ്യങ്ങൾക്ക് ഇന്ത്യ വഴങ്ങിയെന്നാണ് ട്രംപിന്റെ വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ, കേന്ദ്രത്തിന്റെ വ്യാപാരനയം വിനാശകരമാണെന്ന വിമർശനവുമായി കോണ്ഗ്രസ് രംഗത്തെത്തി. നമ്മുടെ സ്വന്തം സർക്കാരിന്റെ വ്യാപാരനയങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിലൂടെയാണ് 140 കോടി ഇന്ത്യക്കാർ അറിയുന്നതെന്ന് കോണ്ഗ്രസ് വക്താവ് പവൻ ഖേര വിമർശിച്ചു.
അമേരിക്കയുടെ റെസിപ്രോക്കൽ താരിഫ് കാനഡയും മെക്സിക്കോയും പോലുള്ള രാജ്യങ്ങൾ തടഞ്ഞുവയ്ക്കുന്പോൾ ഇന്ത്യക്കെന്തുകൊണ്ട് ഒരു മാസത്തേക്ക് തടയാൻ കഴിയുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.