കുതിക്കാൻ ടെസറാക്റ്റ്
Saturday, March 8, 2025 12:16 AM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
ടിവിഎസ് മോട്ടോറും സോഹോ കോർപറേഷനും നിക്ഷേപകരായ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ അൾട്രാവയലറ്റ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ ടെസറാക്റ്റ് പുറത്തിറക്കി.
ഫ്യൂച്ചറിസ്റ്റിക്സ് ഡിസൈനിലാണ് ടെസറാക്റ്റിനെ ഒരുക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും അത്യാധുനിക ഇലക്ട്രിക് സ്കൂട്ടറെന്ന് കന്പനി അവകാശപ്പെടുന്ന ടെസറാക്റ്റ് നിരവധി ഫീച്ചറുകളാൽ സന്പന്നമാണ്.
നെക്സ്റ്റ് ജനറേഷൻ ഇവി പ്ലാറ്റ്ഫോമിലാണ് സ്കൂട്ടറിന്റെ നിർമാണം. റഡാർ സാങ്കേതികത ഉൾക്കൊള്ളിച്ച ടെസറാക്റ്റ് ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേർക്ക് 1.20 ലക്ഷം രൂപയ്ക്ക് ലഭിക്കും. പിന്നീട് ഇത് 1.45 ലക്ഷം രൂപയ്ക്കാണ് ലഭിക്കുക. ബുക്കിംഗ് ആരംഭിച്ചിട്ടുള്ള ഈ ഇലക്ട്രിക് വാഹനം അടുത്തവർഷം ആദ്യം ഉപയോക്താക്കൾക്ക് ലഭിക്കും. ഡെസർട്ട് സാൻഡ്, സോണിക് പിങ്ക്, സ്റ്റെൽത്ത് ബ്ലാക്ക് എന്നീ നിറങ്ങളിൽ വാഹനം ലഭ്യമാകും.
20.1 ബിഎച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഒറ്റച്ചാർജിൽ 261 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകും. പൂജ്യത്തിൽ നിന്നും 60 കിലോമീറ്റർ വേഗത്തിലെത്താൻ 2.9 സെക്കൻഡ് മതിയാകും.
വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 125 കിലോമീറ്ററാണ്. 3.5 കിലോവാട്ട്, 5 കിലോവാട്ട്, 6 കിലോവാട്ട് എന്നിങ്ങനെ ശേഷിയുള്ള മൂന്ന് ബാറ്ററികളിലാണ് ടെസറാക്റ്റ് ലഭ്യമാകുക. ഫാസ്റ്റ് ചാർജറിന്റെ സഹായത്തോടെ ഒരു മണിക്കൂറിനുള്ളിൽ 0-80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും. 100 രൂപയ്ക്ക് ചാർജ് ചെയ്താൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്ന് കന്പനി അവകാശപ്പെടുന്നു.
മോശം റോഡുകളിൽ പോലും എളുപ്പത്തിൽ ഓടാൻ സഹായിക്കുന്ന 14 ഇഞ്ച് വീലുള്ള, രാജ്യത്തെ രണ്ടാമത്തെ ഇലക്ട്രിക് സ്കൂട്ടറാണ് ടെസറാക്റ്റ്. ഡ്യൂവൽ റഡാറുകൾ, മുന്നിലും പിന്നിലും കാമറകൾ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റെക്ഷൻ, ഓവർടേക്ക് അലെർട്സ്, കൊളിഷൻ അലർട്സ് എന്നീ ഫീച്ചറുകൾ ടെസറാക്റ്റിലുണ്ട്. ഫുൾഫേസ് ഹെൽമെറ്റ് വയ്ക്കാവുന്ന തരത്തിൽ 34 ലിറ്ററിന്റെ അണ്ടർസീറ്റ് സ്റ്റോറേജാണ് ഈ വാഹനത്തിനുള്ളത്. ഡ്യൂവൽ ചാനൽ എബിഎസ്, ട്രാക്ഷൻ കണ്ട്രോൾ, ഡൈനാമിക് സ്റ്റബിലിറ്റി കണ്ട്രോൾ എന്നീ സുരക്ഷാ ഫീച്ചറുകളുമുണ്ട്.
ഡ്യൂവൽ എൽഇഡി പ്രൊജക്ടഡ് ഹെഡ്ലാംപുകൾ, ഫ്ളോട്ടിംഗ് ഡിആർഎൽ, വയലറ്റ് എഐ ഫ്യൂച്ചറുകളോടെയുള്ള ടിഎഫ്ടി 7 ഇഞ്ച് ടച്ച്സ്ക്രീൻ തുടങ്ങിയ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കീലെസ് അക്സസ്, പാർക്ക് അസിസ്റ്റ്, ഹിൽഹോൾഡ് അസിസ്റ്റ്, ക്രൂസ് കണ്ട്രോൾ, നാവിഗേഷൻ, മ്യൂസിക് കണ്ട്രോൾ, സ്മാർട്ട് ഫോണിന് വയർലെസ് ചാർജിംഗ് എന്നീ സൗകര്യങ്ങളും സ്കൂട്ടറിലുണ്ട്.