സ്പേസ് എക്സ്-ജിയോ കരാർ
Wednesday, March 12, 2025 11:08 PM IST
മുംബൈ: എയർടെല്ലിനു പിന്നാലെ റിലയൻസ് ജിയോയും സ്റ്റാർലിങ്കിന്റെ അതിവേഗ ഉപഗ്രഹാധഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കാൻ ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സുമായി കരാറിലായി. ഭാരതി എയർടെൽ സ്പേസ് എക്സുമായി നടത്തിയ സമാനമായ പങ്കാളിത്തകരാറിലാണ് മുകേഷ് അംബാനിയുടെ ജിയോ ഒപ്പുവച്ചത്.
ലേലമില്ലാതെ ഉപഗ്രഹ ബ്രോഡ്ബാൻഡ് സ്പെക്ട്രം സ്റ്റാർലിങ്കിനു നൽകാനുള്ള കേന്ദ്ര നീക്കത്തെ ജിയോയും എയർടെല്ലും എതിർത്തിരുന്നു. അതേ കന്പനികളാണ് ഇപ്പോൾ സ്റ്റാർലിങ്കിന്റെ സേവനങ്ങൾ ഇന്ത്യയിലെത്തിക്കാനൊരുങ്ങുന്നത്.
കരാർ പ്രകാരം, ജിയോ അതിന്റെ റീട്ടെയിൽ സ്റ്റോറുകളിലും ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലും സ്റ്റാർലിങ്ക് ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ഇൻസ്റ്റലേഷൻ പിന്തുണയും നൽകും. രാജ്യത്ത് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് സ്റ്റാർലിങ്ക് സർക്കാർ അനുമതി നേടിയാൽ മാത്രമേ രണ്ട് ഡീലുകളും ബാധകമാകൂ. ഗ്രാമപ്രദേശങ്ങൾ ഉൾപ്പെടെ, ഇന്റർനെറ്റ് ആക്സസ് ഉറപ്പാക്കുന്നതിന് ജിയോയുടെയും എയർടെലിന്റെയും വിപുലമായ മൊബൈൽ നെറ്റ്വർക്കും സ്റ്റാർലിങ്കിന്റെ ഉപഗ്രഹ സാങ്കേതികവിദ്യയും സഹായകമാകും.
എന്താണ് സ്റ്റാർലിങ്ക്, എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഭൂഗർഭ ഫൈബർ കേബിളുകളെയോ സെല്ലുലാർ ടവറുകളെയോ ആശ്രയിക്കുന്ന പരന്പരാഗത ബ്രോഡ്ബാൻഡ് സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്റർനെറ്റ് ആക്സസ് നൽകുന്നതിന് സ്റ്റാർലിങ്ക് ലോ-എർത്ത് ഓർബിറ്റ് (എൽഇഒ) ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല ഉപയോഗിക്കുന്നു. ഇത് കുറഞ്ഞ ലേറ്റൻസിയിൽ അതിവേഗ ഇന്റർനെറ്റ് നൽകുന്നു. ഈ സേവനം ഇതിനകംതന്നെ നിരവധി രാജ്യങ്ങളിൽ ലഭ്യമാണ്, പരന്പരാഗത ബ്രോഡ്ബാൻഡിന്് പരിമിതമായ സൗകര്യമുള്ള പ്രദേശങ്ങളിൽ ഇത് പ്രത്യേകിച്ചും പ്രയോജനകരമാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, സാധ്യതയുള്ള നേട്ടങ്ങൾ പ്രധാനമാണ്. നിലവിൽ, ഇന്റർനെറ്റ് വ്യാപനം ഏകദേശം 47% ആണ്. എന്നാൽ 700 മില്യണ്‍ ജനങ്ങൾക്ക് ഈ സേവനം ലഭ്യമാകുന്നില്ല.
ഫൈബർ കേബിളുകൾ സ്ഥാപിക്കുന്നതിനും മൊബൈൽ ടവറുകൾ നിർമിക്കുന്നതിനുമുള്ള ഉയർന്ന ചെലവുകളും ലോജിസ്റ്റിക്കൽ ബുദ്ധിമുട്ടുകളും കാരണം ഗ്രാമീണ മേഖലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ ഒരു പ്രധാന വെല്ലുവിളിയായി തുടരുന്നു. സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റിന് 220Mbps വരെ വേഗത നൽകാൻ കഴിയും, ഇത് വിദൂര പ്രദേശങ്ങൾക്ക് ഒരു പ്രായോഗിക പരിഹാരമാക്കി മാറ്റുന്നു.
2018 ഫെബ്രുവരിയിലാണ് ആദ്യ സ്റ്റാർലിങ്ക് സാറ്റലൈറ്റ് വിക്ഷേപിച്ചത്. ഇതുവരെ ഏഴായിരത്തോളം ഉപഗ്രഹങ്ങളിലുടെയാണ് മസ്കിന്റെ സ്റ്റാർലിങ്ക് രാജ്യാന്തര ഇന്റർനെറ്റ് വിതരണം ചെയ്യുന്നത്.
എങ്ങനെ ബന്ധിപ്പിക്കുന്നു?
☛ ഉപയോക്താക്കൾക്ക് ഒരു സ്റ്റാർലിങ്ക് ഡിഷും റൂട്ടറും ആവശ്യമാണ്, അത് ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങളിൽനിന്നുള്ള സിഗ്നൽ സ്വീകരിക്കും.
☛ ഡിഷ് ഏറ്റവും അടുത്തുള്ള സ്റ്റാർലിങ്ക് സാറ്റലൈറ്റ് ക്ലസ്റ്ററുമായി ചേർന്നു പ്രവർത്തിക്കുകയും തടസമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുകയും ചെയ്യുന്നു.
☛ നിശ്ചിത സ്ഥാന ഉപയോഗത്തിനായി സ്റ്റാർലിങ്ക് രൂപകൽപ്പന ചെയ്തിട്ടുണ്ടെങ്കിലും, അധിക ഹാർഡ്വേർ ഉപയോഗിച്ച്, ചലിക്കുന്ന വാഹനങ്ങൾ, ബോട്ടുകൾ, വിമാനങ്ങൾ എന്നിവയിൽ ഇന്റർനെറ്റ് ആക്സസ് നൽകാനും ഇതിന് കഴിയും.
സ്റ്റാർലിങ്ക് പ്ലാനുകൾ
ഇന്ത്യക്കായുള്ള സ്റ്റാർലിങ്കിന്റെ പദ്ധതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പകരം അയൽരാജ്യമായ ഭൂട്ടാനിലെ നിരക്കും വേഗതയും റഫറൻസാക്കാം. 23 എംബിപിഎസ് മുതൽ 110 എംബിപിഎസ് വരെയുള്ള ലൈറ്റ് പ്ലാനുകൾക്ക് മാസം ഏകദേശം 3000 രൂപയാണ് ഭൂട്ടാനിൽ വരുന്നത്.
പരിധിയില്ലാത്ത ഉപയോഗം അനുവദിക്കുന്ന പ്ലാനുകൾക്ക് മാസം നാലായിരം രൂപയിലധികം നൽകണം.
വിദേശ ഡിജിറ്റൽ സേവനങ്ങൾക്ക് ഇന്ത്യയിൽ 30% ഉയർന്ന നികുതി ഏർപ്പെടുത്തിയിരിക്കുന്നതിനാൽ, സ്റ്റാർലിങ്കിന്റെ പ്ലാനുകൾ ഭൂട്ടാനിലേതിനേക്കാൾ അൽപ്പം ചെലവേറിയതായിരിക്കും. പ്രതിമാസം ഏകദേശം 3,500-4,500 രൂപ വരെയാകാൻ സാധ്യതയുണ്ട്.