അൾട്രാവയലറ്റിനെ ഞെട്ടിച്ച് 20,000 ത്തിലധികം പ്രീ ബുക്കിംഗുകൾ
Saturday, March 8, 2025 11:23 PM IST
ബംഗളൂരൂ: ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ അൾട്രാവയലറ്റിനെ ഞെട്ടിച്ച് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടറായ ടെസറാക്റ്റിന് 20,000ത്തിലധികം പ്രീ ബുക്കിംഗുകൾ.
വാഹനം പുറത്തിറങ്ങി 48 മണിക്കൂറിനുള്ളിലാണ് ഈ റിക്കാർഡ് വേഗതയിലുള്ള പ്രീ ബുക്കിംഗുകൾ നേടിയത്.
ടെസറാക്റ്റ് ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേർക്ക് 1.20 ലക്ഷം രൂപയ്ക്കും പിന്നീട് ഇത് 1.45 ലക്ഷം രൂപയ്ക്കുമാകും ലഭിക്കുക എന്നായിരുന്നു അൾട്രാവയലറ്റിന്റെ പ്രഖ്യാപനം. എന്നാൽ, കന്പനിയെ ഞെട്ടിച്ചുകൊണ്ട് ഇരട്ടി ബുക്കിംഗുകൾ വന്നതോടെ ആദ്യത്തെ 10,000 വാഹനങ്ങൾക്ക് 1.20 ലക്ഷം രൂപയുടെ പ്രത്യേക ആമുഖ വില 50,000 യൂണിറ്റായി നീട്ടിയിട്ടുണ്ട്.
50,000 വാഹനങ്ങൾക്ക് ശേഷം ടെസറാക്റ്റ് 1.45 ലക്ഷം രൂപയ്ക്ക് (എക്സ്-ഷോറൂം) വിൽക്കും. 999 രൂപയ്ക്ക് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാം. ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ ഡെലിവറികൾ 2026 ലെ ആദ്യ പാദത്തിൽ ആരംഭിക്കും.
ഫ്യൂച്ചറിസ്റ്റിക്സ് ഡിസൈനിലാണ് ടെസറാക്റ്റിനെ ഒരുക്കിയിരിക്കുന്നത്. നെക്സ്റ്റ് ജനറേഷൻ ഇവി പ്ലാറ്റ്ഫോമിലാണ് സ്കൂട്ടറിന്റെ നിർമാണം. 20.1 ബിഎച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് നൽകിയിരിക്കുന്നത്.
ഒറ്റച്ചാർജിൽ 261 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകും. പൂജ്യത്തിൽ നിന്നും 60 കിലോമീറ്റർ വേഗത്തിലെത്താൻ 2.9 സെക്കൻഡ് മതിയാകും. ഡെസർട്ട് സാൻഡ്, സോണിക് പിങ്ക്, സ്റ്റെൽത്ത് ബ്ലാക്ക് എന്നീ നിറങ്ങളിൽ വാഹനം ലഭ്യമാകും.