ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരികളിൽ വൻ ഇടിവ്
Tuesday, March 11, 2025 11:50 PM IST
മുംബൈ: സ്വകാര്യ ബാങ്കിംഗ് സ്ഥാപനമായ ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരികളിൽ വൻ ഇടിവ്. ഒറ്റദിവസം ഓഹരിവിലയിൽ 27 ശതമാനത്തിലേറെ തകർച്ച. വിപണിമൂല്യത്തിൽ നിന്ന് 19,484 കോടിയിലേറെ രൂപ നഷ്ടമായി വിപണി ക്ലോസ് ചെയ്തപ്പോൾ 51,168.23 കോടി രൂപയിലെത്തി.
ബിഎസ്ഇയിൽ ഇന്നലെ രാവിലെ 810.55 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരം അവസാനിച്ചപ്പോൾ 27.17 ശതമാനം നഷ്ടത്തിൽ 655.95 രൂപയിലെത്തി. ഒരുഘട്ടത്തിൽ വില 52ആഴ്ചത്തെ (കഴിഞ്ഞ ഒരു വർഷത്തിനിടയിലെ) ഏറ്റവും താഴ്ചയായ 652.75 രൂപവരെയും എത്തിയിരുന്നു.
എൻഎസ്ഇയിൽ 27.06 ശതമാനത്തിന്റെ ഇടിവിൽ 656.80 രൂപയിലെത്തി. എൻഎസ്ഇയിൽ 1,576.35 രൂപ എന്ന ആറു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് 58 ശതമാനത്തിലധികം കുത്തനെ ഇടിഞ്ഞു.
2020 നവംബറിനുശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വിലയിലാണ് ഇപ്പോൾ ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരിവിലയുള്ളത്. കഴിഞ്ഞവർഷം ഓഹരിവില 40 ശതമാനത്തോളം ഇടിഞ്ഞിരുന്നു.
ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരികളിൽ നിക്ഷേപിച്ചിട്ടുള്ള മ്യൂച്വൽഫണ്ടുകൾക്ക് 6,900 കോടിയിലേറെ രൂപ നഷ്ടം ഇന്നലെ മാത്രം നേരിട്ടു.
പൊതുമേഖലാ ഇൻഷ്വറൻസ് കന്പനിയായ എൽഐസിക്കും 5.23% ഓഹരി പങ്കാളിത്തം ഇൻഡസ്ഇൻഡ് ബാങ്കിലുണ്ട്. എൽഐസിയുടെ നിക്ഷേപത്തിന്റെ മൂല്യവും ഇന്നു വൻതോതിൽ കുറഞ്ഞു.
ഓഹരി ഇടിവിനു കാരണങ്ങൾ
കറൻസി നിക്ഷേപം, വായ്പ എന്നിവ ഉൾപ്പെടുന്ന ഡെറിവേറ്റീവ് പോർട്ട്ഫോളിയോയിൽ പിശകുകൾ സംഭവിച്ചെന്ന് ആഭ്യന്തര പരിശോധനയിലൂടെ കണ്ടെത്തിയെന്ന് ബാങ്ക് വെളിപ്പെടുത്തിയിരുന്നു. ഇതുമൂലം, ഫലത്തിൽ 2024 ഡിസംബർ പാദപ്രകാരമുള്ള ബാങ്കിന്റെ ആസ്തിമൂല്യത്തിൽ 2.35% ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തൽ. ലാഭത്തിൽ 1,577 കോടി രൂപയുടെ ഇടിവും നേരിടും.
ഇൻഡസ്ഇൻഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ സുമന്ത് കാഠ്പാലിയയ്ക്ക് ഒരുവർഷത്തെ മാത്രം പുനർനിയമനമാണ് കഴിഞ്ഞദിവസം റിസർവ് ബാങ്ക് അനുവദിച്ചത്. ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആവശ്യപ്പെട്ടത് മൂന്നു വർഷമായിരുന്നു.
ആഭ്യന്തര പരിശോധനയിലൂടെ ഹെ ഡ്ജിംഗ് തുക കൾ ഉൾപ്പെടുത്തുന്നതിൽ പിഴവുകളുണ്ടായെന്ന് കണ്ടെത്തിയെന്ന വെളിപ്പെടുത്തലും എംഡിയുടെ കാലാവധി സംബന്ധിച്ച റിസർവ് ബാങ്കിന്റെ തീരുമാനവും ഓഹരി ഉടമകളിൽ ഇന്നലെ സമ്മർദം സൃഷ്ടിച്ചു.