പുതിയ ആദായനികുതി ബില്ലിനെതിരേ വ്യവസായികൾ
Friday, March 7, 2025 12:40 AM IST
ന്യൂഡൽഹി: ആദായനികുതിക്കായുള്ള പുതിയ ബില്ലിലെ വ്യവസ്ഥകൾക്കെതിരേ വ്യവസായികൾ രംഗത്തെത്തി. വ്യക്തികളുടെ അവകാശങ്ങൾക്കെതിരേയുള്ള ആക്രമണമാണു പുതിയ ബില്ലെന്നും അതു ദുരുപയോഗിക്കുന്നതിനെതിരേ സർക്കാർ സംരക്ഷണം നൽകണമെന്നും ഇൻഫോസിസ് മുൻ സിഇഒ ടി.വി. മോഹൻദാസ് പൈ പ്രധാനമന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് എക്സിൽ കുറിച്ചു.
1961ലെ ഇൻകം ടാക്സ് നിയമത്തിനു പകരം കൊണ്ടുവരുന്ന പുതിയ ബില്ലിലെ 132, 247 എന്നീ വകുപ്പുകൾ ഉദ്യോഗസ്ഥർ വ്യാപകമായി ദുരുപയോഗം ചെയ്യുമെന്നാണു വ്യാപക വിമർശനം. വ്യക്തികളുടെ സ്വകാര്യ ഡിജിറ്റൽ ഇടങ്ങളിലേക്ക് കടന്നുകയറാനുള്ളതാണ് 247-ാം വകുപ്പ്. പുതിയ ബില്ലിൽ 536 വകുപ്പുകളാണുള്ളത്. ആദായനികുതി നിയമം ലളിതവത്കരിക്കുന്നതിനായി 90 മുതൽ 100 വരെ വകുപ്പുകളായി കുറയ്ക്കാവുന്നതാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ചരണ്ജോത് സിംഗ് നന്ദ പറഞ്ഞു.
ആദായനികുതി ഉദ്യോഗസ്ഥർക്കു തോന്നിയാൽ ഏതൊരാളുടെയും പണം, സ്വർണം, വസ്തുവകകൾ അടക്കമുള്ള സ്വത്തുക്കൾ പിടിച്ചെടുക്കാൻ അനുവദിക്കുന്നതാണ് പുതിയ ബില്ലിലെ 132-ാം വകുപ്പ്.
നിലവിലെ നിയമമനുസരിച്ച് വ്യക്തിഗത പണം, സ്വർണം, കെട്ടിടം, ഭൂമി തുടങ്ങിയ സ്വത്തുക്കളുടെ വിവരം ശേഖരിക്കുന്നതിനായി ലോക്കറുകൾ, സേഫുകൾ, രഹസ്യമായി സൂക്ഷിച്ച ഇടങ്ങൾ എന്നിവിടങ്ങളിൽ പരിശോധിക്കാൻ മാത്രമായിരുന്നു അനുമതി.