ദലാൽ സ്ട്രീറ്റിൽ കാളയിറങ്ങി
Wednesday, March 5, 2025 11:34 PM IST
മുംബൈ: തുടർച്ചയായ പത്തു ദിവസത്തെ ഇടിവിനുശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ ശക്തമായ തിരിച്ചുവരവ്. ബിഎസ്ഇ സെൻസെക്സ് 740.30 പോയിന്റ് നേട്ടത്തോടെ 73,730.23ലും നിഫ്റ്റി 254.65 പോയിന്റ് ഉയർന്ന് 22,337.30ലുമെത്തി.
ഏഷ്യൻ, യൂറോപ്യൻ വിപണികളിലെ പോസിറ്റീവ് പ്രകടനവും മേഖലകളിലുടനീളം വാങ്ങലുകൾ ഉയർന്നതുമാണ് നേട്ടമായത്. ബിഎസ്ഇ മിഡ്കാപ് 2.66 ശതമാനവും സ്മോൾ കാപ് 2.80 ശതമാനവും ഉയർന്നു. നിഫ്റ്റി മിഡ്കാപ് 2.42 ശതമാനവും സ്മോൾകാപ് 2.96 ശതമാനവും വർധിച്ചു. പത്ത് ദിവസത്തെ ഇടിവിനുശേഷമാണ് നിഫ്റ്റി നേട്ടത്തിലെത്തിയത്.
സെൻസെക്സിലെ 30 ഓഹരികളിൽ 25 എണ്ണവും ലാഭം നേടി. അദാനി പോർട്സ്, ടാറ്റ സ്റ്റീൽ, പവർഗ്രിഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി എന്നിവയാണ് നേട്ടമുണ്ടാക്കിയവയിൽ മുൻപന്തിയിൽ. എന്നാൽ, ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി, സൊമാറ്റോ എന്നിവയുടെ ഓഹരികൾ നഷ്ടത്തിലായി.
ഏഷ്യയിൽ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ്, സിയൂൾ വിപണികൾ നേട്ടത്തിലാണ് ഇന്നലെ ക്ലോസ് ചെയ്്തത്.
തീരുവ യുദ്ധവും ആഗോള സാന്പത്തിക രംഗത്തെ അനിശ്ചിതത്വവും നിലനിൽക്കെയാണ് വിപണി നേട്ടമുണ്ടാക്കിയത്. കാനഡയ്ക്കും മെക്സിക്കോയ്ക്കുമെതിരേ ട്രംപ് ഭരണകൂടമേർപ്പെടുത്തിയ ചില തീരുവകൾ പിൻവലിക്കാൻ കഴിയുമെന്ന ചർച്ചയും വിപണിക്കു കരുത്തായി.
സാന്പത്തിക വളർച്ച അഞ്ചു ശതമാനമായി ഉയർത്തുന്നതിനും അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിന്റ ആഘാതം ലഘൂകരിക്കുന്നതിനായി ചൈന കൂടുതൽ സാന്പത്തിക ഉത്തേജനം പ്രഖ്യാപിച്ചതും ഇന്ത്യൻ വിപണിക്ക് നേട്ടമായി.
മെറ്റൽ ഓഹരികളിൽ നേട്ടം
ഒന്പതു മാസത്തിനുശേഷം നിഫ്റ്റി മെറ്റൽ നേട്ടത്തിൽ. സ്റ്റീൽ ഉത്പാദനം കുറയ്ക്കാനുള്ള ചൈനയുടെ നീക്കം ആവശ്യകതയും ലാഭക്ഷമതയും വർധിപ്പിക്കാമെന്ന ശുഭാപ്തി വിശ്വാസം ഇന്ത്യയിൽ മെറ്റൽ ഓഹരികൾക്ക് ഇന്നലെ കരുത്തുപകർന്നു. നിഫ്റ്റി മെറ്റൽ 4.04 ശതമാനം ഉയർന്ന് 8685.20 പോയിന്റിലെത്തി. 2024 ജൂണ് അഞ്ചിനുശേഷമാണ് നിഫ്റ്റി മെറ്റൽ ഓഹരി ഉയർന്നത്.