നേട്ടത്തിൽ ഓഹരി വിപണി
ഓഹരി അവലോകനം / സോണിയ ഭാനു
Monday, March 10, 2025 1:11 AM IST
ഇന്ത്യൻ ഓഹരി സൂചികകൾ ഈ വർഷത്തെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിൽ. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളുടെ ശക്തമായ പിൻബലത്തിൽ സെൻസെക്സും നിഫ്റ്റിയും വാരത്തിന്റെ രണ്ടാം പകുതിയിൽ കുതിച്ചു കയറി. സെൻസെക്സ് 1134 പോയിന്റും നിഫ്റ്റി സൂചിക 427 പോയിന്റും വർധിച്ചു.
അമേരിക്ക ഇറക്കുമതി തീരുവ വിഷയത്തിൽ ഇളവുകൾക്ക് മുതിരുമെന്ന വെളിപ്പെടുത്തലാണ് തിരിച്ചുവരവിന് അവസരം ഒരുക്കിയത്. മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള മിക്ക ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 25 ശതമാനം തീരുവ താത്കാലികമായി നിർത്തിവയ്ക്കും. ഇതോടെ ആഗോള സാമ്പത്തിക വ്യാവസായിക മേഖലയെ അസ്വസ്ഥമാക്കിയ അനിശ്ചിതാവസ്ഥയ്ക്ക് നേരിയ അയവു വരുത്തുമെന്ന് മാത്രമല്ല, പുതിയ യുഎസ് പ്രസിഡന്റിന്റെ വ്യാപാര നയത്തിന് മറ്റൊരു വഴിത്തിരിവിനുകൂടി ഇത് അവസരം നൽക്കും.
ഇറക്കുമതി ഡ്യൂട്ടിയിൽ രാജാവവെന്ന് വിശേഷിപ്പിച്ച ഇന്ത്യയുടെ കാര്യത്തിലും ചൈനയോടുമുള്ള സമീപനത്തിലും അവർ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ യുഎസിൽനിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ തീരുവയിൽ കുറവ് വരുത്തുമെന്ന സൂചനകൾ പുറത്തുവന്നു. അതേ സമയം സെപ്റ്റംബർ മുതൽ ഇന്ത്യൻ ഓഹരി വിപണിയിൽ വിൽപ്പനയ്ക്ക് മത്സരിക്കുന്ന രാജ്യാന്തര ഫണ്ടുകളെ ഇതൊന്നും സ്വാധീനിച്ചില്ല, അവർ വിൽപ്പനക്കാരായി തുടരുന്നു.
സെപ്റ്റംബറിനുശേഷം ഏകദേശം 14 ശതമാനം സൂചിക ഇടിഞ്ഞിട്ടും വിദേശ ഓപ്പറേറ്റർമാർ ചൈനീസ് വിപണിയായ ഷാങ്ഹായി കേന്ദ്രീകരിച്ച് നിക്ഷേപം തുടരുകയാണ്. ചൈനീസ് ഓഹരികൾ ഇപ്പോഴും ആകർഷകമെന്ന നിലപാടിലാണവർ. വിദേശ നിക്ഷേപകർ ഈ വർഷം 15 ബില്യൺ ഡോളർ ഇന്ത്യയിൽ നിന്നും പിൻവലിച്ചു, കനത്ത തോതിലുള്ള ഓഹരി വിറ്റഴിക്കൽ മൂലം ഇന്ത്യൻ വിപണിമൂല്യത്തിൽനിന്ന് 1.3 ട്രില്യൺ ഡോളർ ഇല്ലാതായി.
ഡെയ്ലി ചാർട്ടിൽ നിഫ്റ്റി സൂചികയെ ബാധിച്ച ദുർബലാവസ്ഥയിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെങ്കിലും മുൻനിര ഓഹരികൾ പലതും ആകർഷകമായി മാറിയെന്ന വിലയിരുത്തൽ ഒരു വിഭാഗം നിക്ഷേപകരെ ആകർഷിച്ചു. മുൻവാരത്തിലെ 22,124 പോയിന്റിൽ നിന്നും 21,964 ലേക്ക് സൂചിക ഇടിഞ്ഞങ്കിലും കഴിഞ്ഞ വാരം സൂചിപ്പിച്ച 21,881 ലെ സപ്പോർട്ട് തകർച്ചയിൽ വിപണി നിലനിർത്തിയത് താത്കാലിക തിരിച്ചുവരവിനുള്ള അവസരമാക്കി നിഫ്റ്റിയെ 22,634 വരെ ഉയർത്തി. എന്നാൽ, കഴിഞ്ഞ വാരം സൂചിപ്പിച്ച പ്രതിരോധമായ 22,589നു മുകളിൽ ക്ലോസിംഗിന് അവസരം ലഭിക്കാതെ 22,552 പോയിന്റിലാണ്.
ഈവാരം ആദ്യ താങ്ങ് 22,132 ലാണ്, ഇത് നിലനിർത്തി മുന്നേറാൻ ശ്രമം നടത്തിയാൽ 22,802 ലേക്കും തുടർന്ന് 23,053ലേക്കും നിഫ്റ്റി ഒരു തിരിച്ചുവരവ് കാഴ്ച്ചവയ്ക്കാം. അതേസമയം ആദ്യ താങ്ങ് നിലനിർത്താൻ വിപണിക്കായില്ലെങ്കിൽ 21,713 ലേക്ക് സാങ്കേതിക തിരുത്തൽ തുടരാം. റിക്കാർഡ് തലത്തിൽ നിന്നുള്ള തകർച്ച കണക്കിലെടുത്താൽ തിരിച്ചുവരവിന് കാലതാമസം നേരിടാം, അതായത് ഒരു പത്ത് ശതമാനം ഇടിവിനുള്ള സാധ്യതകൂടി മുന്നിൽ കണേണ്ടതായുണ്ട്.
നിക്ഷേപകർ ഓരോ താഴ്ചയും അവസരമാക്കി മാറ്റുന്നതാവും അഭികാമ്യം. വിപണിയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ വീക്ഷിച്ചാൽ സൂപ്പർ ട്രെൻഡ് സെല്ലിംഗ് മൂഡിൽ തുടരുമ്പോൾ വാരമധ്യത്തിനു ശേഷമുണ്ടായ തിരിച്ചു വരവ് പാരാബോളിക്ക് എസ്എആറിനെ ബുള്ളിഷാക്കി. അതേസമയം എംഎസിഡിയും എലിയട്ട് വേവ് ഓസിലേറ്ററും ദുർബലാവസ്ഥയിലാണ്.
സെൻസെക്സ് പിന്നിട്ട വാരത്തിലെ 73,198 പോയിന്റിൽനിന്നും ഒരവസരത്തിൽ 72,731ലേക്ക് തിരുത്തൽ കാഴ്ച്ചവച്ച ശേഷം ശക്തമായ തിരിച്ചു വരവിൽ 74,552 പോയിന്റ് വരെ ഉയർന്നങ്കിലും വാരാന്ത്യം 74,332 പോയിന്റിലാണ്. ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ 73,189-72,047ൽ താങ്ങുണ്ട്, അനുകൂല വാർത്തകൾക്ക് സൂചികയെ 75,015ലേക്കും 75,699ലേക്കും ഉയർത്താനാവും.
ആഭ്യന്തര മ്യൂചൽ ഫണ്ടുകൾ ശക്തമായ പിൻതുണയാണ് വിപണിക്ക് നൽകിയത്. അവർ മൊത്തം 20,950.89 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു, തുടർച്ചയായ 22 ദിവസമാണ് അവർ വാങ്ങലുകാരായി രംഗത്തുള്ളത്. രണ്ട് ആഴ്ചകളിൽ 43,203 കോടി രൂപയുടെ ഓഹരികൾ വാങ്ങി. അതേ സമയം വിദേശ ഫണ്ടുകൾ 15,501.57 കോടി രൂപയുടെ ഓഹരികൾ പോയവാരം വിറ്റു.
ഡോളറിന് മുന്നിൽ രൂപ 87.51 ൽനിന്നും ഒരവസരത്തിൽ 86.83ലേക്കു ശക്തിപ്രാപിച്ച് 66 പൈസയുടെ മികവിൽ 86.88 ലാണ്. ഗ്ലോബൽ മാർക്കറ്റിൽ രൂപ 87.06ലേക്കു തളർന്നു. നിലവിലെ ചലനങ്ങൾ വിലയിരുത്തിയാൽ 87.51-86.25 റേഞ്ചിൽ രൂപ സഞ്ചരിക്കാം.
ക്രൂഡ് ഓയിൽ വില താഴുന്നത് രൂപയ്ക്ക് താങ്ങാവും. ക്രൂഡ് ബാരലിന് 68.33 ഡോളർ വരെ താഴ്ന്നു. നിലവിൽ എണ്ണ വില ബാരലിന് 69-73 ഡോളറിൽ നീങ്ങാം. വിപണി സാങ്കേതികമായി തളർച്ചയിലേക്ക് നീങ്ങുന്നതിനാൽ 69ലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 62 ഡോളർ വരെ തളരും. ഗാസയിലേക്ക് സഹായം എത്തിക്കുന്നതിനുള്ള വിലക്ക് ഇസ്രയേൽ നാലു ദിവസത്തിനകം പിൻവലിച്ചില്ലെങ്കിൽ എണ്ണ കപ്പലുകൾക്ക് നേരെ ആക്രമണമെന്ന ഹൂതികളിൽനിന്നുള്ള ഭീഷണി വിലയിൽ ചാഞ്ചാട്ടം സൃഷ്ടിക്കാം.