വ്യാവസായിക മേഖലകളിൽ വളർച്ച
Saturday, March 1, 2025 10:54 PM IST
ന്യൂഡൽഹി: പ്രധാന എട്ട് വ്യാവസായിക മേഖലകളുടെ ഉത്പാദന വളർച്ചയിൽ ജനുവരിയിൽ നേരിയ വർധനവ്. കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, റിഫൈനറി ഉൽപന്നങ്ങൾ, രാസവളങ്ങൾ, സ്റ്റീൽ, സിമൻറ്, വൈദ്യുതി എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന എട്ട് പ്രധാന മേഖലകളിൽ ജനുവരിയിൽ 4.6 ശതമാനം വർധനയുണ്ടായി.
കഴിഞ്ഞ വർഷം ഇതേ മാസം 4.2 ശതമാനം വളർച്ചമാത്രമേ നേടാനായുള്ളൂ. 2024 ഡിസംബറിൽ രേഖപ്പെടുത്തിയ 4.8 ശതമാനത്തേക്കാൾ നേരിയ കുറവാണ്.
ജനുവരിയിൽ സിമന്റ് മേഖല 15 മാസത്തെ ഏറ്റവും ഉയർന്ന 14.5 ശതമാനത്തിലെത്തി. ഡിസംബറിൽ സിമന്റ് മേഖല 4 ശതമാനം വളർച്ചയാണ് നേടിയത്. ഈ ജനുവരിയിൽ കൽക്കരി ഉത്പാദനം 2024 ജനുവരിയെക്കാൾ 4.6% വളർന്നു. എന്നാലിത് നാല് മാസത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള വളർച്ചയാണ്.
പെട്രോളിയം റിഫൈനറി ഉത്പാദനം 8.3 ശതമാനം ഉയർന്നു. ഡിസംബറിൽ 2.8 ശതമാനത്തിലായിരുന്നു. ഈ വർഷം ജനുവരിയിൽ ക്രൂഡ് ഓയിൽ, പ്രകൃതി വാതകം ഉത്പാദനം മുൻവർഷത്തെ അപേക്ഷിച്ച് കുറഞ്ഞു.
കൽക്കരി ഉത്പാദനം ഡിസംബറിലെ 5.3 ശതമാനത്തിൽനിന്ന് 4.6 ശതമാനം ഉയർന്നു. ക്രൂഡ് ഓയിൽ കഴിഞ്ഞ മാസത്തെ 0.6 ശതമാനം വളർച്ചയെ അപേക്ഷിച്ച് 1.1 ശതമാനം കുറഞ്ഞു. ഒന്പത് മാസത്തെ എട്ടാമത്തെ കറുവാണ്. പ്രകൃതി വാതക ഉത്പാദനം മുന്പ് 1.8% ഇടിഞ്ഞപ്പോൾ 1.5% കുറഞ്ഞു. തുടർച്ചയായ ഏഴാം മാസമാണ് ഇടിവ് നേരിടുന്നത്. രാസവള ഉത്പാദനം ഡിസംബറിലെ 1.7 ശതമാനത്തേക്കാൾ മൂന്നു ശതമാനം ഉയർന്നു.
ഉരുക്ക് ഉത്പപാദനം ഡിസംബറിലെ 5.1 ശതമാനത്തിന്റെ വർധനവുമായി താരതമ്യം ചെയ്യുന്പോൾ ജനുവരിയിൽ 3.7% ഉയർന്നു. വൈദ്യുതി ഉത്പാദനം ഡിസംബറിലെ 5.1 ശതമാനം വളർച്ചയെക്കാൾ 1.3 ശതമാനം ഉയർന്നു. എന്നാൽ ഉരുക്ക്, വൈദ്യുതി ഉത്പാദനം നാലു മാസത്തെ മന്ദഗതിയിലുള്ള വളർച്ചയാണ് കാണിക്കുന്നത്.
വാണിജ്യ-വ്യവസായ മന്ത്രാലയം ഒക്ടോബറിലെ പ്രധാന മേഖലകളുടെ വളർച്ച നേരത്തേ കണക്കാക്കിയ 3.1 ശതമാനം വളർച്ചയിൽ നിന്ന് 3.8 ശതമാനമായും നവംബറിലെ വളർച്ച മുന്പ് റിപ്പോർട്ട് ചെയ്ത 4.3 ശതമാനത്തിൽ നിന്ന് 4.4 ശതമാനമായും പരിഷ്കരിച്ചു.