ഡിജിറ്റൽ പേഴ്സണൽ ലോണ്‍ സംവിധാനവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്
Tuesday, February 25, 2025 12:14 AM IST
കൊച്ചി: പേഴ്സണൽ ഫിനാൻസ് സേവനങ്ങൾ ലളിതമാക്കുന്നതിനു സന്പൂർണ ഡിജിറ്റൽ പേഴ്സണൽ ലോണ്‍ പ്ലാറ്റ്ഫോമായ ‘എസ്ഐബി ക്വിക്ക്പിഎൽ’ അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്.
ഉയർന്ന സിബിൽ സ്കോറുള്ള പുതിയ ഉപയോക്താക്കൾക്ക് പത്തുമിനിറ്റിൽ പേഴ്സണൽ ലോണ്‍ ലഭ്യമാക്കാൻ ഈ സേവനം സഹായകമാകും. ഇന്ത്യയിലെ ഏതു ബാങ്കിന്റെയും സേവിംഗ്സ് അക്കൗണ്ടിലേക്കു തുക നിക്ഷേപിക്കുകയും ചെയ്യാം.
നിലവിലുള്ള ഉപയോക്താക്കൾക്കു പ്രീ അപ്രൂവ്ഡ് പേഴ്സണൽ ലോണുകൾ ഒരു മിനിറ്റിൽ ലഭ്യമാക്കുന്ന സംവിധാനം 2019 മുതൽ നടപ്പാക്കിവരുന്നുണ്ട്. എളുപ്പത്തിലുള്ള വെരിഫിക്കേഷൻ നടപടികളിലൂടെ രേഖകൾ ആവശ്യമില്ലാതെ ലോണ്‍ ലഭിക്കുന്നതിന് എസ്ഐബിയുടെ വെബ്സൈറ്റിൽ ഉള്ള https://pl. southindianbank.com/quickpl/login എന്ന പോർട്ടൽവഴി അപേക്ഷിക്കാം.
സുതാര്യവും ഉപഭോക്തൃസൗഹൃദവുമായ ധനകാര്യ ഓപ്ഷനുകൾ അവതരിപ്പിക്കുന്ന എസ്ഐബിയുടെ ഡിജിറ്റൽ മേഖലയിലെ മറ്റൊരു നാഴികക്കല്ലാണ് ഇതെന്നു സൗത്ത് ഇന്ത്യൻ ബാങ്ക് സിജിഎമ്മും റീട്ടെയിൽ അസറ്റ്സ് ഹെഡുമായ സഞ്ജയ് സിൻഹ പറഞ്ഞു.