എഴുനൂറോളം ജീവനക്കാരെ ഇൻഫോസിസ് പിരിച്ചുവിടുന്നു
Saturday, February 8, 2025 12:23 AM IST
മൈസൂരു: കാംപസ് റിക്രൂട്ട്മെന്റ് വഴി കഴിഞ്ഞ വർഷം ഒക്ടോബറിൽ ജോലിക്കെടുത്ത 700 ഓളം ജീവനക്കാരെ നിർബന്ധപൂർവം പിരിച്ചുവിടാൻ ഇൻഫോസിസ് തീരുമാനം.
എന്നാൽ, 350ൽ താഴെ ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്ന് കന്പനി വ്യക്തമാക്കി. ഉഭയസമ്മതപ്രകാരം പിരിഞ്ഞുപോവുകയാണെന്ന കരാറിൽ ഒപ്പുവയ്ക്കാൻ ജീവനക്കാരെ കന്പനി നിർബന്ധിക്കുകയാണ്.
മൊബൈൽഫോൺ ഉൾപ്പെടെ സുരക്ഷാ ജീവനക്കാർ പിടിച്ചെടുത്തശേഷമാണ് കരാർ ഒപ്പിടാൻ നൽകുന്നത്.
മുൻകൂർ അറിയിപ്പില്ലാതെ ജീവനക്കാരോട് താമസസ്ഥലം ഒഴിയാനും കന്പനി നിർദേശിച്ചിട്ടുണ്ടെന്ന് തൊഴിലാളി കൂട്ടായ്മയായ നാസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (എന്‍ഐടിഇഎസ്) പ്രസിഡന്റ് ഹര്‍പ്രീത് സിംഗ് സലൂജ പറഞ്ഞു. ഞെട്ടിക്കുന്നതും അധാര്‍മികവുമായ തീരുമാനത്തിനെതിരേ തൊഴിൽമന്ത്രാലയത്തിന് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രെയിനി ബാച്ചിലുള്ളവർ മൂല്യനിർണയപരീക്ഷയിൽ പാസാകാതിരുന്നതിനാലാണ് പിരിച്ചുവിടലെന്നാണ് ഇൻഫോസിസിന്റെ വാദം. ഇവർക്കു മൂല്യനിർണയ പരീക്ഷയിൽ ജയിക്കാൻ മൂന്ന് അവസരം നല്‍കിയെന്നും എന്നാൽ പരീക്ഷയിൽ ജയിക്കാനായില്ലെന്നു കന്പനി വിശദമാക്കി.