അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണം കൂട്ടാൻ എയർ ഇന്ത്യ
എസ്.ആർ. സുധീർ കുമാർ
Monday, February 3, 2025 12:14 AM IST
കൊല്ലം: അന്താരാഷ്ട്ര വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ എയർ ഇന്ത്യ തയാറെടുപ്പുകൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന ഇന്റർ നാഷണൽ ഫ്ലൈറ്റുകളുടെ എണ്ണത്തിലായിരിക്കും വർധന വരുത്തുക. അധിക സർവീസുകൾ ഏപ്രിൽ മുതൽ പറന്നു തുടങ്ങും.
അന്താരാഷ്ട്ര യാത്രയ്ക്കുള്ള വർധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്താണ് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ അന്താരാഷ്ട്ര ശൃംഖല മെച്ചപ്പെടുത്താൻ തീരുമാനിച്ചത്. മാറ്റങ്ങളിലൂടെ മുൻനിര ആഗോള കാരിയർ എന്ന സ്ഥാനം വീണ്ടെടുക്കാനുള്ള എയർ ഇന്ത്യയുടെ സുപ്രധാന തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ വിമാനങ്ങൾ ഏർപ്പെടുത്തുന്നത്.
ഈ മാറ്റങ്ങൾ നിലവിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തുകയും യാത്രക്കാർക്ക് കൂടുതൽ ആകർഷകമായ ഓപ്ഷനുകൾ നൽകുകയും ചെയ്യുമെന്നാണ് എയർ ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഡൽഹി- നെയ്റോബി (കെനിയ ) റൂട്ടിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് നടത്തുന്നത്. ഏപ്രിൽ ഒന്നു മുതൽ ഇത് ആഴ്ചയിൽ നാല് സർവീസായി ഉയർത്തും.
എയർ ഇന്ത്യയാണ് മേഖലയിലെ ഏക എയർ ലൈൻ. ബോയിംഗ് 787-8 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഡൽഹിക്ക് പുറമേ നെയ്റോബിയുമായി ബന്ധിപ്പിക്കുന്ന ഏക നഗരം മുംബൈ ആണ്.
ഡൽഹി -സിയോൾ (ദക്ഷിണ കൊറിയ ) റൂട്ടിലും ആഴ്ചയിൽ നാല് സർവീസ് ഉള്ളത് ഏപ്രിൽ ഒന്നു മുതൽ അഞ്ചായി വർധിപ്പിക്കും.മേഖലയിൽ കൊറിയൻ എയറുമായാണ് എയർ ഇന്ത്യയുടെ മത്സരം. ബോയിംഗ് 787-9 ഉപയോഗിച്ച് അവർ ആഴ്ചയിൽ ആറ് വിമാനങ്ങൾ സർവീസ് നടത്തുന്നു. സിയോളിലേയ്ക്ക് നോൺ സ്റ്റോപ്പ് ഫ്ലൈറ്റുകൾ ഉള്ള ഇന്ത്യയിലെ ഏക നഗരമാണ് ഡൽഹി.
ഡൽഹി-വിയന്ന (ഓസ്ട്രിയ) സർവീസ് ആഴ്ചയിൽ മൂന്നെണ്ണമാണ് നിലവിൽ ഉള്ളത്. ഇത് ആഴ്ചയിൽ നാല് ആക്കാനാണ് തീരുമാനം. മേയ് 11മുതൽ അധിക സർവീസ് പ്രാബല്യത്തിൽ വരും.
വിയന്നയിലേയ്ക്ക് ബോയിംഗ് 187- 8 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഈ മേഖലയിലെ ഏക എയർലൈൻ എയർ ഇന്ത്യയാണ്. മുമ്പ് ലുഫ്താൻസ ഗ്രൂപ്പ് ഈ റൂട്ടിൽ സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രാബല്യത്തിൽ വന്നില്ല.
ഡൽഹി -സൂറിച്ച് ( സ്വിറ്റ്സർലൻഡ്) ഫ്ലൈറ്റുകൾ ആഴ്ചയിൽ നാല് എന്നുള്ളത് മേയ് 31 മുതൽ അഞ്ച് സർവീസ് ആയി ഉയർത്തും. മേഖലയിൽ സ്വിസ് ഇന്റർനാഷണൽ എയർലൈൻസുമായാണ് എയർ ഇന്ത്യ മത്സരിക്കുന്നത്. അവർ എയർ ബസ് എ 330-300 വിമാനങ്ങൾ ഉപയോഗിച്ച് പ്രതിദിനം സർവീസ് നടത്തുന്നുണ്ട്.