ടാപ്പിംഗ് അവസാനിച്ചു; സബ്സിഡികള്‍ ഫയല്‍ക്കുരുക്കില്‍
Wednesday, January 29, 2025 12:36 AM IST
കോട്ടയം: സീസണിലെ ടാപ്പിംഗ് നിറുത്തുന്ന ആഴ്ചയിലും റബര്‍ ബോര്‍ഡ് കര്‍ഷകരോട് വാക്കു പാലിച്ചില്ല. ആവര്‍ത്തന കൃഷി ഹെക്ടറിന് 40,000 രൂപ, സ്പ്രെയിംഗിനും മഴമറയ്ക്കും നാലായിരം രൂപ വീതം തുടങ്ങി ബോര്‍ഡ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പദ്ധതികളൊന്നും പാലിക്കപ്പെട്ടിട്ടില്ല.
ആവര്‍ത്തന കൃഷിയില്‍ തൈ നട്ട് രണ്ടാം വര്‍ഷമാണ് ഒന്നാം ഗഡു ലഭിക്കുക. രണ്ടാം ഗഡു മൂന്നാം വര്‍ഷവും അനുവദിക്കും. കഴിഞ്ഞ വര്‍ഷം അപേക്ഷ നല്കിയ ആറായിരം കര്‍ഷകര്‍ക്ക് നയാ പൈസ സബ്സിഡി ലഭിച്ചില്ല.
തോട്ടം കിളച്ച് കയ്യാല നിര്‍മിച്ച് കുഴികളെടുത്ത് തൈകള്‍ നട്ടുവളര്‍ത്തുന്നതിന് കേരളത്തില്‍ ഹെക്ടറിന് കുറഞ്ഞത് നാലു ലക്ഷം രൂപയോളം ചെലവുവരുമ്പോഴാണ് ബോര്‍ഡ് നാല്പതിനായിരം നല്‍കുന്നത്.
തോട്ടത്തിന്റെ അതിരുകളില്‍ തേക്ക് പോലുള്ള മരങ്ങളോ ഇടവിളയായി കാപ്പിയോ നടുകയാണ് സബ്സിഡിക്ക് അപേക്ഷിക്കുന്നതിനേക്കാള്‍ ഭാവിനേട്ടമെന്നാണ് കര്‍ഷകരുടെ അനുഭവം.
റബര്‍ ബോര്‍ഡിന്റെ ഇത്തരം വീഴ്ചകൾ അറിയാവുന്ന സാഹചര്യത്തിലാണ് ഏറെപ്പേരും മൂന്നു വര്‍ഷത്തേക്കു കൈതകൃഷിക്ക് സ്ഥലം നല്‍കുന്നത്. സ്ഥലത്തിന് വാടക ലഭിക്കുന്നതു കൂടാതെ കരാറുകാര്‍ റബര്‍ തൈ നട്ടുവളര്‍ത്തി കൊടുക്കുകയും ചെയ്യും.
തുരിശിനും ചുണ്ണാമ്പിനും വില കൂടുകയും തൊഴില്‍ക്കൂലി ഭാരിച്ചതാവുകയും ചെയ്തതോടെ തുരിശടി അഥവാ സ്പ്രയിംഗ് ഏറെപ്പേരും നിറുത്തിവച്ചിരുന്നു. എന്നാല്‍ ഹെക്ടറിന് നാലായിരം രൂപ സബ്സിഡി പ്രഖ്യാപനം വന്നതോടെ കടം വാങ്ങി തുരിശടിച്ച കര്‍ഷകര്‍ക്ക് അധികനേട്ടമൊന്നുമുണ്ടായില്ല.
ഇത്തരത്തില്‍ നാലായിരം രൂപ സബ്സിഡി ഉറപ്പില്‍ മഴമറ വച്ചവരും വഞ്ചിതരായി. വേനല്‍ കനത്തതോടെ ടാപ്പിംഗ് ഏറെക്കുറെ നിലച്ചുകഴിഞ്ഞു.
കര്‍ഷകര്‍ക്ക് നല്‍കാനുള്ള ഫണ്ട് നിലവിലുണ്ടായിരിക്കേയും വാണിജ്യമന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്തി തുക വിതരണം ചെയ്യുന്നതില്‍ ബോര്‍ഡ് വീഴ്ച വരുത്തുന്നു. നാലു മാസമായി റബര്‍ ബോര്‍ഡിന് ചെയര്‍മാനില്ല.