ദേശീയ സുരക്ഷയ്ക്കു ഭീഷണി; ഡീപ്സീക്കിനെ അമേരിക്ക വിലക്കിയേക്കും
Thursday, January 30, 2025 2:04 AM IST
വാഷിംഗ്ടണ്‍: ആഗോള ടെക് ഭീമന്മാര്ക്ക് ഭീഷണി ഉയര്‍ത്തുന്ന ചൈനീസ് എഐ പ്ലാറ്റ്ഫോമായ ഡീപ്സീക്കിനെ തളയ്ക്കാനൊരുങ്ങി അമേരിക്ക. ഇതിന്റെ ഭാഗമായി അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ഡീപ്സീക്ക് ദേശീയ സുരക്ഷയ്ക്ക് ഉയര്‍ത്തുന്ന അപകടസാധ്യതകളെക്കുറിച്ചാണ് അന്വേഷണം നടത്തുന്നത്.
ചാറ്റ്ജിപിടി പോലുള്ള എഐ മോഡലുകളോട് മത്സരിക്കുന്ന ഡീപ്സീക്ക് കുറഞ്ഞ ചെലവില്‍ മികച്ച സേവനങ്ങള്‍ നല്‍കുന്നത് യുഎസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ടെക് കമ്പനികള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ നീക്കം.
ഡീപ്സീക്കിന്റെ വരവ് ടെക് മേഖലയില്‍ ആശങ്കകള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ (എന്എസ്സി) സ്ഥിതി അന്വേഷിക്കുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് സ്ഥിരീകരിച്ചു.
ഡീപ്സീക്ക് ഇതിനകംതന്നെ ടെക് വ്യവസായത്തില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആപ്പിളിന്റെ ആപ് സ്റ്റോറില്‍ ദിവസേനയുള്ള ഡൗണ്‍ലോഡുകളില്‍ ചാറ്റ് ജിപിടിയെ മറികടന്ന് ചൈനീസ് ആപ് ഒന്നാം സ്ഥാനത്തെത്തി. ഡീപ്സീക്കിന്റെ വിജയം എഐ ചിപ്പുകളുടെ വിപണിയെ എങ്ങനെ ബാധിക്കുന്നു എന്നതാണ് കൂടുതല്‍ ആശങ്കാജനകമായ കാര്യം. ഡീപ്സീക്കിന്റെ വരവില്‍ മുന്‍നിര എഐ ചിപ്പ് നിര്‍മാതാക്കളായ എൻവിഡിയയുടെ ഓഹരികളും വന്‍തോതില്‍ ഇടിഞ്ഞിരുന്നു.
കുറഞ്ഞ ചെലവില്‍ നൂതന ചിപ്പുകള്‍ ഉപയോഗിച്ച് അത്യാധുനിക എഐ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ചൈനീസ് പ്ലാറ്റ്ഫോമിന്റെ കഴിവാണ് ടെക് ഭീമന്മാര്ക്ക് ഭീഷണി ഉയര്‍ത്തുന്നത്. എഐ മേഖലയില്‍, പ്രത്യേകിച്ച് സെമികണ്ടക്ടറുകളിലും ഇന്‍ഫ്രാസ്ട്രക്ചറുകളിലും വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുള്ള യുഎസ് ടെക് കമ്പനികള്‍ക്ക് ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമായി ഡീപ്സീക്ക് ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. ആഗോളതലത്തില്‍ പ്ലാറ്റ്ഫോം അതിവേഗം പ്രചാരം നേടിക്കൊണ്ടിരിക്കുന്നതിനാല്‍, ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് ഈ ആശങ്കകള്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നാണു റിപ്പോര്‍ട്ട്.
അതേസമയം, ഡീപ്സീക്ക് ഉൾപ്പെടെയുള്ള എതിരാളികൾ തങ്ങളുടെ പ്രവർത്തനരീതി അനുകരിക്കുകയാണെന്ന് ചാറ്റ് ജിപിടി നിർമാതാക്കളായ ഓപ്പൺ എഐ. തങ്ങളുടെ മോഡലുകളിൽനിന്നുള്ള വിവരം ഡീപ്സീക്ക് ചോർത്തിയെടുത്തതായും ഓപ്പൺ എഐ ആരോപിച്ചു. ഇതിനിടെ, രഹസ്യങ്ങൾ ചോർത്തുന്നുവെന്ന ഭീതിയിൽ ഡീപ്സീക്ക് ആപ് ഉപയോഗിക്കുന്നത് യുഎസ് നേവി വിലക്കി.
ഡീപ്സീക്കിനെയും ചാറ്റ്ജിപിടിയെയും കടത്തിവെട്ടാൻ അലിബാബയും
ബെയ്ജിംഗ്: എഐ മേഖലയിൽ കടുത്ത മത്സരത്തിനു വഴിയൊരുക്കി ചൈനീസ് ടെക് കന്പനിയായ അലിബാബയും രംഗത്ത്. ചൈനയുടെതന്നെ ഡീപ്സീക്കിനെയും അമേരിക്കയുടെ ചാറ്റ്ജിപിടിയെയും കടത്തിവെട്ടി ആർട്ടിഫിഷൽ ഇന്റലിജൻസ് മോഡലിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയാണ് അലിബാബയുടെ രംഗപ്രവേശം.
ചൈനീസ് പുതുവർഷത്തിന്റെ ആദ്യ ദിനത്തിലാണ് അലിബാബ അവരുടെ ഏറ്റവും പുതിയ എഐ മോഡലായ ക്വെൻ 2.5 പുറത്തിറക്കിയത്. ഏറെ പ്രശംസ നേടിയ ഡീപ്സീക്ക് വി3യെ മറികടക്കാൻ തക്ക സൗകര്യങ്ങളോടെയാണ് ക്വെൻ പുറത്തിറക്കിയിരിക്കുന്നതെന്നാണ് കന്പനിയുടെ അവകാശം. ചൈനീസ്, ഇംഗ്ലീഷ്, സ്പാനിഷ്, അറബിക് എന്നിവയുൾപ്പെടെ 29 ഭാഷകളിൽ ബഹുഭാഷകളെ പിന്തുണയ്ക്കുന്നതാണ് ക്വെൻ 2.5.
ഭാഷാ കഴിവുകൾക്കു പുറമേ, ഡോക്യുമെന്റ് പാഴ്സിംഗ്, ഒബ്ജക്ട് കണ്ടെത്തൽ, വീഡിയോ മനസിലാക്കൽ എന്നിവയിൽ ക്വെൻ 2.5 മകച്ച നിലവാരം പുലർത്തുമെന്ന് കന്പനി അവകാശപ്പെടുന്നു. ഒന്നിലധികം ഫോർമാറ്റുകളിലുടനീളമുള്ള കാര്യങ്ങൾ കൃത്യതയോടെ തിരിച്ചറിയാനും പുതിയ മോഡലിനു സാധിക്കുമെന്നാണ് കന്പനി അധികൃതർ പറയുന്നത്.
കഴിഞ്ഞ പത്തിനാണ് ഡീപ്സീക്ക് അതിന്റെ എഐ പുതിയ മോഡൽ വി3 പുറത്തിറക്കിയത്.20ന് ആർ1 മോഡലും പുറത്തിറക്കി. ഇത് തുച്ഛമായ ചെലവിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്നാണ് കന്പനിയുടെ വാദം.