കേരള ബാങ്കിന്റെ വായ്പാ വിതരണത്തിൽ വൻ കുതിപ്പ്
Thursday, January 16, 2025 12:40 AM IST
തിരുവനന്തപുരം: കേരളത്തിലെ 45 ബാങ്കുകളിൽ വായ്പാ ബാക്കിനിൽപ്പ് 50,000 കോടിക്ക് മുകളിൽ എത്തിയ അഞ്ച് ബാങ്കുകളിൽ ഒന്നായി കേരള ബാങ്ക്.
കേരളം ആസ്ഥാനമായുള്ള ബാങ്കുകളിൽ വായ്പാ ബാക്കിനിൽപ്പിൽ രണ്ടാം സ്ഥാനവും കേരള ബാങ്കിനാണ്. സംസ്ഥാനത്തെ മൊത്തം ബാങ്ക് വായ്പയുടെ 8.42 ശതമാനവും കേരള ബാങ്ക് വഴി നൽകുന്ന വായ്പകളാണെന്ന് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു.
കേരള ബാങ്കിന്റെ വായ്പാ തുക ബാങ്കിന്റെ ചരിത്രത്തിലാദ്യമായാണ് 50,000 കോടി രൂപ പിന്നിട്ടത്. രൂപീകരണ സമയത്ത് മൊത്തം വായ്പ 37766 കോടി രൂപയായിരുന്നു. വ്യക്തികളും പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും ഉൾപ്പെട്ട ഉപഭോക്താക്കൾക്കാണ് 50,000 കോടി രൂപയുടെ വായ്പ വിതരണം ചെയ്തിരിക്കുന്നത്.
മറ്റ് ബാങ്കുകളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽനിന്നും സ്വരൂപിക്കുന്ന നിക്ഷേപം കേരളത്തിൽതന്നെ വായ്പയായി വിതരണം ചെയ്ത് സംസ്ഥാന സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്തേകുന്നു എന്നതാണ് ഈ വായ്പയുടെ പ്രത്യേകത. നിലവിൽ കേരള ബാങ്കിന്റെ വായ്പാ-നിക്ഷേപ അനുപാതം 75 ശതമാനം ആണ്. സംസ്ഥാനത്തെ മറ്റു ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഉയർന്ന വായ്പാ-നിക്ഷേപ അനുപാതമാണ്.
മൊത്തം വായ്പയിൽ 25 ശതമാനം കാർഷിക മേഖലയിലും 25 ശതമാനം പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കുമാണ് വിതരണം ചെയ്തിട്ടുള്ളത്. ചെറുകിട സംരംഭക മേഖലയ്ക്ക് മാത്രം മൊത്തം വായ്പയുടെ 12.30 ശതമാനം വായ്പ നൽകിയിട്ടുണ്ട്. 2024 ഡിസംബർ 31 വരെ 145099 വായ്പകളിലായി 6203 കോടി രൂപയാണ് ചെറുകിട സംരംഭക മേഖലയ്ക്ക് നൽകിയിട്ടുള്ളത്.
ഈ സാമ്പത്തിക വർഷം പുതിയതായി അനുവദിച്ച 16000 കോടി രൂപയുടെ വായ്പയിൽ 3000 കോടി രൂപ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കാണ് അനുവദിച്ചത്. ബാങ്ക് അനുവദിച്ച സ്വർണപ്പണയ വായ്പയിനത്തിൽ 6024 കോടി രൂപയാണ് ബാക്കിനിൽപ്പ്. ഇതിൽ 2577 കോടി രൂപയും കാർഷിക സ്വർണപ്പണയ വായ്പ ഇനത്തിലാണ്.
നബാർഡിന്റെ ക്ലാസിഫിക്കേഷനിൽ വന്ന കുറവ് കേരള ബാങ്കിനെ പ്രതികൂലമായി ബാധിക്കുമെന്ന പ്രചാരണം തെറ്റിച്ചുകൊണ്ട് വായ്പാ വിതരണത്തിൽ 1833 കോടിയുടെ വർധനവാണ് തൻവർഷം രേഖപ്പെടുത്തിയത്. ഇതുമൂലം പ്രമുഖ വാണിജ്യ ബാങ്കുകൾക്ക് മാത്രം അവകാശപ്പെടാവുന്ന 50000 കോടി രൂപയുടെ വായ്പാ ബാക്കിനിൽപ്പ് എന്ന ചരിത്ര നേട്ടം കൈവരിക്കാൻ കേരള ബാങ്കിന് കഴിഞ്ഞു.
നിക്ഷേപത്തിൽ ഈ സാമ്പത്തികവർഷം 1600 കോടി രൂപ വർധനവുണ്ട്. വ്യക്തികൾക്കും സംഘങ്ങൾക്കും ഒരേ നിരക്കിൽ നിക്ഷേപ പലിശ ലഭിക്കുന്ന തരത്തിൽ റിസർവ് ബാങ്ക് മാനദണ്ഡങ്ങൾക്കുനുസൃതമായി നവംബർ മാസത്തിൽ പലിശ ഏകീകരണം നടത്തി. നിലവിൽ നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ നൽകുന്നത് കേരള ബാങ്കാണ്. മുതിർന്ന പൗരന്മാർക്ക് 8.75 ശതമാനം പലിശ ലഭ്യമാണ്.
കർഷകരുടെ ഉന്നമനവും കാർഷിക പുരോഗതിയും ലക്ഷ്യമാക്കി കേരള ബാങ്കിന്റെ മേൽനോട്ടത്തിൽ കേരളത്തിൽ 100 ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ ആരംഭിക്കുന്ന പദ്ധതിയിൽ വിവിധ ജില്ലകളിലായി 29 എഫ് പി ഒ കൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.