രൂപ കയറുന്നു
Thursday, January 16, 2025 12:40 AM IST
മുംബൈ: അമേരിക്കൻ ഡോളറിനെതിരേ തുടർച്ചയായി ഇടിവിനുശേഷം രൂപ മെച്ചപ്പെടലിന്റെ പാതയിൽ. ഇന്നലെ 13 പൈസ നേട്ടത്തോടെ രൂപയുടെ മൂല്യം 86.40 ലെത്തി.
ആഭ്യന്തര ഓഹരി വിപണിയിൽ നിന്നുള്ള അനുകൂല സൂചനകളും ക്രൂഡ് ഓയിൽ വില മയപ്പെടുന്നതാണ് രൂപയ്ക്ക് നേട്ടമാകുന്നത്.
രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് ഡോളർ സൂചികയിലുണ്ടായ കുറവും രണ്ട് വലിയ വിദേശ ബാങ്കുകളുടെ ഡോളർ വിൽപ്പനയും രൂപയെ സഹായിച്ചതായി ഓഹരി വ്യാപാരികൾ പറഞ്ഞു.
ഇത് രൂപയ്ക്കു നേട്ടമുണ്ടാക്കുന്പോഴും ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റം സമ്മർദമുയർത്തുന്നുണ്ട്.
86.50 എന്ന നിലയിലാണ് ഇന്നലെ രൂപ വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ ഡോളറിനെതിരേ രൂപ 86.55ലേക്കു താഴ്ന്നു. 86.28ലേക്ക് ഉയർന്നശേഷമാണ് 86.40ൽ ക്ലോസ് ചെയ്തത്. ദുർബലമായ യുഎസ് ഡോളർ കൂടാതെ യുഎസിന്റെ 10 വർഷത്തെ ട്രഷറി ആദായം ഇടിഞ്ഞതുമാണ് രൂപയുടെ മൂല്യം ഉയർത്തുന്നത്.
ആഭ്യന്തര ഓഹരി വിപണിയിലെ മുന്നേറ്റവും ക്രൂഡ് ഓയിൽ വില ഒറ്റരാത്രികൊണ്ട് ഇടിഞ്ഞതും രൂപയ്ക്ക് അനുകൂലമായി. എന്നിരുന്നാലും, എഫ്ഐഐയുടെ (ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ്) പിൻവലിക്കൽ സമ്മർദം രൂപയുടെ വലിയ മുന്നേറ്റത്തെ ബാധിച്ചുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
യുഎസ് പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുമെന്ന പ്രതീക്ഷ ഡോളറിന്റെ വീണ്ടെടുക്കലിലേക്ക് നയിച്ചേക്കാം, ഇത് രൂപയെ സമ്മർദത്തിലാക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ദരുടെ അഭിപ്രായമുണ്ട്.
അതേസമയം, ആറ് കറൻസികൾക്കെതിരേ ഡോളർ സൂചിക 0.22 ശതമാനം താഴ്ന്ന് 108.87 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഇത് രൂപയ്ക്ക് ആശ്വാസം നൽകിയെങ്കിലും മറ്റ് ഏഷ്യൻ കറൻസികൾക്ക് നേട്ടമുണ്ടാക്കാനായില്ല.
ഇന്ത്യ ഓഹരി വിപണികളായ ബിഎസ്ഇ സെൻസെക്സും നിഫ്റ്റിയും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത.്