സ്റ്റാർട്ടപ് ഇന്ത്യ ഇന്നൊവേഷൻ വീക്ക് സംരംഭക വളർച്ചയുടെ തെളിവ്: സിഐഐ
Thursday, January 16, 2025 12:40 AM IST
കൊച്ചി: സ്റ്റാർട്ടപ് ഇന്ത്യ ഇന്നൊവേഷൻ വീക്ക്, രാജ്യത്തെ സ്റ്റാർട്ടപ് ആവാസവ്യവസ്ഥയുടെ ഊർജസ്വലതയുടെയും വളർച്ചയുടെയും തെളിവാണെന്നു കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (കേരള) ചെയർമാൻ വിനോദ് മഞ്ഞില.
കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയത്തിലെ ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) സംഘടിപ്പിക്കുന്ന ഇന്നൊവേഷൻ വീക്ക്, സ്റ്റാർട്ടപ് ആവാസവ്യവസ്ഥയെ ആരോഗ്യകരമായ വളർച്ചയിലേക്ക് കൈപിടിച്ചുയർത്തുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
2016 ൽ 400 സ്റ്റാർട്ടപ്പുകളിൽനിന്ന് ഇന്ന് 1,70,000ലധികം അംഗീകൃത സ്റ്റാർട്ടപ്പുകളിലേക്ക് ആഗോള ഇന്നൊവേഷൻ ഹബ് എന്ന നിലയിൽ രാജ്യത്തിന്റെ വളർച്ച മുന്നേറി.
കേരളത്തിലെ സ്റ്റാർട്ടപ് ആവാസവ്യവസ്ഥ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാജ്യത്തിനാകെ അഭിമാനകരമായ നേട്ടമുണ്ടാക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപ്രകൃതിയെ അതിവേഗം വളർച്ചയുടെ പടവുകളിലേക്ക് നയിക്കുന്ന ഒന്നായി കേരളത്തിലെ സ്റ്റാർട്ടപ്പുകൾ മാറി. സംസ്ഥാനത്തെ സാമ്പത്തിക വളർച്ചയിലേക്ക് നയിക്കുന്നതിന് ഒപ്പംതന്നെ അനവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഇതു സഹായിക്കുന്നു.
2024ൽ കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയം നടത്തിയ സ്റ്റേറ്റ്സ് സ്റ്റാർട്ടപ് റാങ്കിംഗ് നാലാം പതിപ്പിൽ കേരളം മികച്ച പ്രകടനം കാഴ്ച്ചു. സ്റ്റാർട്ടപ്പ് ഇന്ത്യ ഇന്നൊവേഷൻ വീക്കിന്റെ കഴിഞ്ഞ മൂന്ന് പതിപ്പുകളിലും കേരളത്തിന്റേത് മികച്ച പ്രകടനമായിരുന്നെന്നും വിനോദ് മഞ്ഞില പറഞ്ഞു.
സ്റ്റാർട്ടപ് ഇന്ത്യ ഇന്നൊവേഷൻ വീക്ക് 18 ന് സമാപിക്കും.