വിവാഹാഘോഷങ്ങളിൽ ചെലവഴിക്കുന്ന കോടികളിൽ സന്പദ്വ്യവസ്ഥയും ഹാപ്പി
Wednesday, January 15, 2025 12:45 AM IST
സിജോ പൈനാടത്ത്
കൊച്ചി: വ്യവസായപ്രമുഖൻ മുകേഷ് അംബാനിയുടെ മകന് ആനന്ദ് അംബാനിയും രാധിക മെര്ച്ചന്റുമായുള്ള വിവാഹത്തിന് 5000 കോടി ചെലവഴിച്ചെന്ന വാർത്ത ആഘോഷങ്ങളിലെ അതിശയമായാണു ലോകം കേട്ടത്.
അംബാനിക്കല്യാണത്തിലെ 5000 കോടിയോളമെത്തില്ലെങ്കിലും അദ്ഭുതപ്പെടുത്തുന്ന കോടികളുടെ കണക്കു പറയുന്ന ആഡംബരകല്യാണങ്ങൾ കേരളത്തിലും രാജ്യത്താകെയും കൂടിവരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
വിവാഹസീസണെന്നറിയപ്പെടുന്ന ഡിസംബർ, ജനുവരി മാസങ്ങളിൽ രാജ്യത്ത് 30 ലക്ഷത്തോളം വിവാഹം നടക്കുന്നുവെന്നാണ് കണക്ക്. വിവാഹച്ചടങ്ങും വിരുന്നും ഉൾപ്പെടെയുള്ള ആഘോഷങ്ങൾ അതു നടത്തുന്ന വീട്ടുകാരുടെ മാത്രം കാര്യമല്ല; രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയിലും വലിയ ചലനങ്ങൾ ഉണ്ടാക്കുന്നുണ്ട്.
നാലര ലക്ഷം കോടി രൂപയാണ് ഡിസംബർ, ജനുവരി സീസണിൽ മാത്രം വിവാഹത്തിനായി ചെലവഴിക്കപ്പെടുന്ന തുകയെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ പഠനം വ്യക്തമാക്കുന്നു. 2023ൽ ഇക്കാലയളവിൽ 31 ലക്ഷം വിവാഹങ്ങൾ നടന്നു.
സ്വർണാഭരണം, ടെക്സ്റ്റൈൽസ് എന്നിവയിലാണ് വിവാഹാഘോഷത്തിൽ പണമേറെയും പൊടിപൊടിക്കുന്നത്. ഹോട്ടലുകൾ, കാറ്ററിംഗ്, ഓഡിറ്റോറിയങ്ങൾ, പന്തൽ, ഫോട്ടോഗ്രഫി, ട്രാവൽസ് തുടങ്ങി മറ്റു മേഖലകളിലും വിവാഹാഘോഷങ്ങൾ വലിയ ഉണർവുണ്ടാക്കുന്നതാണ്.
കോവിഡിനുശേഷം ഇവന്റ് മാനേജ്മെന്റ് രംഗത്ത് വലിയ മാറ്റങ്ങളുണ്ടായതോടെ ഈ മേഖലയിലെ സ്ഥാപനങ്ങൾക്കും വിവാഹം കൊയ്ത്തുസീസണാണ്. വധുവിനെയും വരനെയും നിശ്ചയിച്ചാൽ, വിവാഹച്ചടങ്ങിന്റെയും ആഘോഷങ്ങളുടെയും തുടർന്നുള്ള സർവ കാര്യങ്ങളും നടത്തിക്കൊടുക്കാൻ ഇന്ന് ഇവന്റ് കന്പനികൾ തയാറാണ്. വെഡ്ഡിംഗ് പ്ലാനർമാർ പറയുംവിധം വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും ആഘോഷമാക്കുന്നത് ഇന്ന് സാധാരണമായിക്കഴിഞ്ഞു.
കൊച്ചിയിലെ പ്രധാന കൺവൻഷൻ, ഇവന്റ് സെന്ററുകളിൽ ജനുവരിയിലെ പ്രധാന ദിവസങ്ങളിലെ വിവാഹാഘോഷങ്ങളുടെ ബുക്കിംഗ് പൂർത്തിയായി.
വിദേശികളെ അവരുടെ വിവാഹാഘോഷം ഇന്ത്യയിൽ നടത്താൻ ക്ഷണിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം പ്രത്യേക കാന്പയിൽ നടത്തുന്നുണ്ട്. രാജ്യത്തെ 25 ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലേക്കാണ് വിദേശനാണ്യം ലക്ഷ്യമാക്കിയുള്ള ക്ഷണം. മാര്യേജ് ഡെസ്റ്റിനേഷനായി കേരളത്തെ ചൂണ്ടിക്കാട്ടുന്ന സംസ്ഥാന ടൂറിസം വകുപ്പിന്റെ കാന്പയിനും സജീവമാണ്.
എന്തൊക്കെ വേണം..? അതൊക്കെ റെഡി!
വിവാഹഘോഷത്തിന് സെലിബ്രിറ്റി ഷെഫുമാരെ വേണോ...? റിസപ്ഷന് ബോളിവുഡ് നടിയെ എത്തിച്ചാലോ...? പ്രമുഖ കലാകാരന്മാരുടെ സ്റ്റേജ് ഷോ ആയാലോ?... ഫോട്ടോ ഷൂട്ട്, റീൽസ് തുടങ്ങി എന്താണോ ആവശ്യം അതു നിർവഹിച്ചു കൊടുക്കുന്ന ഇവന്റ് കന്പനികൾ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും സജീവം.
റിസോർട്ടുകളിലും ആഡംബര കൺവൻഷൻ സെന്ററുകളിലും വിവാഹം നടത്തുന്നതിനും ആവശ്യക്കാർ ഏറെയാണ്. കാശ് അല്പം പൊടിച്ചാലെന്താ... ആകാശത്തും, കടലിനടിയിലും വിവാഹവും ഫോട്ടോഷൂട്ടുമെല്ലാം നടത്താൻ താത്പര്യമുള്ളവർ നിരവധി. അധികം പേർക്കും പറയാനുള്ളത് ഒറ്റക്കാര്യം; വിവാഹം ഒന്നല്ലേയുള്ളൂ, അത് അടിപൊളിയാക്കണം.... പണം ഒരു പ്രശ്നമല്ലെന്നേ..!