ജിഎസ്ടി: ഒരു ഉയർന്ന സ്ലാബിന് കൂടി നിർദേശം
Wednesday, December 4, 2024 11:59 PM IST
ന്യൂഡൽഹി: നിലവിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) ഇനത്തിൽ ഒരു ഉയർന്ന സ്ലാബ് കൂടി കൂട്ടിച്ചേർക്കപ്പെട്ടേക്കുമെന്നു റിപ്പോർട്ട്. നിലവിൽ അഞ്ചു ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം ടാക്സ് സ്ലാബുകളാണുള്ളത്.
കാർബണേറ്റഡ് പാനീയങ്ങൾ, സിഗരറ്റ്, പുകയില അനുബന്ധ ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്കായാണ് പുതിയ സ്ലാബ് പരിഗണിക്കുന്നത്. ചരക്കു സേവന നികുതിയുമായി ബന്ധപ്പെട്ട മന്ത്രിതല സമിതിയാണ് പുതിയ സ്ലാബ് ഏർപ്പെടുത്താൻ തീരുമാനമെടുത്തത്. ഇത്തരം വസ്തുക്കളെ നിലവിലെ 28 ശതമാനം നികുതിയിൽനിന്ന് 35 ശതമാനം സ്ലാബിലേയ്ക്ക് ഉയർത്താനാണ് തീരുമാനം.
ഇതോടെ സിഗരറ്റ്, പുകയില ഉത്പന്നങ്ങൾ കാർബണേറ്റഡ് പാനീയങ്ങൾ എന്നിവയുടെ വിലയും ഉയരും. ഈ മാസം 21ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന ജിഎസ്ടി കൗണ്‍സിൽ യോഗത്തിൽ മന്ത്രിതല സമിതിയുടെ ശിപാർശയിൽ അന്തിമതീരുമാനമെടുക്കും.
വസ്ത്രങ്ങളുടെ നികുതി നിരക്കുകളിൽ മാറ്റം വരുത്താനും സമിതി നിർദേശിച്ചിട്ടുണ്ട്. 1,500 രൂപ വരെ വിലയുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് അഞ്ച് ശതമാനവും, 1,500 മുതൽ 10,000 രൂപയ്ക്ക് ഇടയിലുള്ളവയ്ക്ക് 18 ശതമാനവും ജിഎസ്ടിയാണ് ഉദ്ദേശിക്കുന്നത്. 10,000 രൂപയ്ക്ക് മുകളിൽ വിലയുള്ള വസ്ത്രങ്ങൾക്ക് 28 ശതമാനം നികുതി ബാധകമാകും. മൊത്തം 148 ഇനങ്ങളുടെ നികുതി നിരക്ക് മാറ്റങ്ങളും മന്ത്രിതലസംഘം നിർദേശിക്കപ്പെടുന്നുണ്ട്.
ജിഎസ്ടി സന്പ്രദായത്തിൽ നിത്യോപയോഗ സാധനങ്ങളെ നികുതിയിൽനിന്ന് ഒഴിവാക്കുകയോ അല്ലെങ്കിൽ ഏറ്റവും കുറഞ്ഞ നികുതിയായ അഞ്ച് ശതമാനത്തിൽ ഉൾപ്പെടുത്തുകയോ ആണ് ചെയ്യുക. ആഡംബര ഉത്പന്നങ്ങൾക്ക് ഏറ്റവും കൂടുതൽ നികുതിയും. ഇതിൽ കാർ, വാഷിംഗ് മെഷീൻ, ആരോഗ്യത്തിന് ഹാനികരമായ ഉത്പനങ്ങളും ഉൾപ്പെടുന്നു.
സൗന്ദര്യവർധക വസ്തുക്കൾ, വാച്ചുകൾ, ഷൂസ് എന്നിവയുടെ നികുതി ഉയർത്തണമെന്ന് മന്ത്രിതല സമിതി നിർദേശം നൽകിയിട്ടുണ്ട്. ഒക്ടോബറിൽ ചേർന്ന മന്ത്രിമാരുടെ യോഗത്തിൽ 20 ലിറ്ററും അതിനുമുകളിലും ഉള്ള പാക്കേജ്ഡ് കുടിവെള്ളത്തിന്റെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ ശിപാർശ ചെയ്തിരുന്നു.
10,000 രൂപയിൽ താഴെ വിലയുള്ള സൈക്കിളുകളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായും കുറയ്ക്കാൻ കൗണ്‍സിലിനോട് നിർദേശിച്ചിരുന്നു.
നോട്ട്ബുക്കുകളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായും, 15,000 രൂപയ്ക്ക് മുകളിലുള്ള ഷൂകളുടെ ജിഎസ്ടി 18 ശതമാനത്തിൽനിന്ന് 28 ശതമാനമായി ഉയർത്താനും നിർദേശിച്ചിരുന്നു. 25,000 രൂപയ്ക്ക് മുകളിലുള്ള റിസ്റ്റ് വാച്ചുകളുടെ ജിഎസ്ടി 18 ശതമാനത്തിൽനിന്ന് 28 ശതമാനമായി ഉയർത്താനും ഒക്ടോബറിൽ ചേർന്ന യോഗം നിർദേശിച്ചിരുന്നു.