രാജഗിരി നാഷണൽ ബിസിനസ് ക്വിസ് വിജയികള്‍ക്ക് സമ്മാനം കൈമാറി
Tuesday, December 3, 2024 12:07 AM IST
കൊച്ചി: രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസും രാജഗിരി ബിസിനസ് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച 15-ാമത് രാജഗിരി നാഷണല്‍ ബിസിനസ് ക്വിസ് 2024 കാക്കനാട് രാജഗിരി വാലി കാമ്പസില്‍ നടന്നു. കോര്‍പറേറ്റ്, കോളജ്, സ്കൂള്‍ വിഭാഗങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ടീമുകള്‍ പങ്കെടുത്തു.
കോളജ് വിഭാഗത്തില്‍ എഫ്.എം.എസ്. ഡല്‍ഹിയുടെ ശഷാങ്ക് ത്യാഗി, സുശാന്ത് അദ്ലഖാ എന്നിവര്‍ അടങ്ങിയ ടീം വിജയികളായി. സ്കൂള്‍ വിഭാഗത്തില്‍ കാക്കനാട് അസീസി വിദ്യാനികേതന്‍ പബ്ലിക് സ്കൂളിനുവേണ്ടി ജിയാന്‍ ജോമി, അഖില്‍ കൃഷ്ണ എന്നിവരുടെ ടീമും കോര്‍പറേറ്റ് വിഭാഗത്തില്‍ കൊച്ചി ക്യു കമ്പനിയുടെ സമാന് എസ്. ഖാന്, സംഗീത് എസ്. വര്‍മ്മ എന്നിവരടങ്ങിയ ടീമും ഒന്നാം സ്ഥാനക്കാരായി.
കോര്‍പറേറ്റ്, കോളജ് വിഭാഗങ്ങളിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപ കാഷ് അവാര്‍ഡും സ്കൂള്‍ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. ഏഷ്യ പസഫിക് ഗൂഗിള്‍ ക്ലൗഡ് മാനേജിംഗ് ഡയറക്ടര്‍ മിതേഷ് അഗര്‍വാളായിരുന്നു ക്വിസ് മാസ്റ്റര്‍.
സമാപന സമ്മേളനത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചീഫ് ബിസിനസ് ഓഫീസര്‍ സോണി തയ്യില്‍ മുഖ്യാതിഥിയായി. രാജഗിരി ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മാനേജര്‍ ഫാ. ബെന്നി നല്ക്കര, അസിസ്റ്റന്റ് ഡയറക്ടര്‍ റവ. ഡോ. ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ ശ്രീഹരി, മാളവിക എന്നിവര്‍ പങ്കെടുത്തു.