ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്പോ 13 മുതല്‍ കൊച്ചിയില്‍
Wednesday, December 4, 2024 12:46 AM IST
തിരുവനന്തപുരം: ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്സിബിഷന് 13 മുതല്‍ 15 വരെ കൊച്ചി കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററില്‍ നടക്കും. 14 ന് ഉച്ചയ്ക്ക് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് എക്സിബിഷന് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന് (കെഎസ്എസ്ഐഎ), മെട്രോ മാര്‍ട്ട് എന്നിവയുടെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാര്‍ വ്യവസായ വകുപ്പ്, കിന്‍ഫ്ര, കെഎസ്ഐഡിസി, എംഎസ്എംഇ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് മൂന്നു ദിവസം നീളുന്ന വ്യാവസായിക മേള സംഘടിപ്പിക്കുന്നത്.
രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള മുന്നൂറോളം പ്രമുഖരായ മെഷിനറി നിര്‍മാതാക്കള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. കേരളം, കര്‍ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള മെഷീന് നിര്‍മാതാക്കളും ചൈന, യുകെ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജര്‍മനി, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മെഷീന് നിര്‍മാതാക്കളുടെ പ്രതിനിധികളും മേളയില്‍ അണിനിരക്കും.
വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകള്‍, പ്രസന്റേഷനുകള്‍, പുതിയ ഉത്പന്നങ്ങളുടെ ഉദ്ഘാടനം, സംവാദങ്ങള്‍ തുടങ്ങിയവ മേളയുടെ ഭാഗമായി സംഘടിപ്പിക്കും. ബയര്‍-സെല്ലര്‍ മീറ്റിംഗുകള്‍, വെൻഡര് ഡെവലപ്മെന്റ് പ്രോഗ്രാമുകള്‍ തുടങ്ങിയവയും വിവിധ ദിവസങ്ങളിലായി സംഘടിപ്പിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.iiie.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. മൊബൈല്‍ 9947733339/ 9995139933. ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്മാന് കെ.പി. രാമചന്ദ്രന് നായര്‍, എക്സ്പോ സിഇഒ സിജി നായര്‍, കെഎസ്എസ്ഐഎ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഫസലുദീന്, സുനില്നാഥ്, ന്യൂസ് എഡിറ്റര്‍ സലിം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.