രൂപയ്ക്ക് റിക്കാർഡ് താഴ്ച
Tuesday, December 3, 2024 12:07 AM IST
ന്യൂഡൽഹി: ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ 13 പൈസയുടെ നഷ്ടത്തോടെ 84.73 എന്ന എക്കാലത്തെയും വലിയ താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്.
അമേരിക്കൻ ഡോളർ ശക്തിയാർജിക്കുന്നതും സന്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രതികൂലമായ റിപ്പോർട്ടുകളും ഓഹരിവിപണിയിൽനിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്കുമാണ് വിപണിയെ സ്വാധീനിക്കുന്നത്.
ഡോളറിനെതിരേ പുതിയ കറൻസി ഇറക്കാൻ ബ്രിക്സ് രാജ്യങ്ങളുടെ നീക്കത്തിനെതിരേ ട്രംപിന്റെ ഭീഷണി ഉയർന്നതോടെ ഏഷ്യൻ നാണയങ്ങൾക്ക് ഇടിവുണ്ടായെന്ന് ഓഹരി വ്യാപാരികൾ പറഞ്ഞു.
ഇന്നലെ 84.59 എന്ന നിലയിലാണ് ഇന്നലെ വ്യാപാരം തുടങ്ങിയത്. തുടക്കത്തിൽ രണ്ടു പൈസയുടെ നേട്ടം ഉണ്ടാക്കിയെങ്കിലും പിന്നീട് കൂപ്പുകുത്തുന്നതാണ് കണ്ടത്. 13 പൈസ നഷ്ടത്തോടെ 84.73 എന്ന നിലയിലാണ് ഇന്നലെ രൂപ ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച ഡോളറിനെതിരെ 84.60 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്.
ഉത്പാദന മേഖല നവംബറിൽ 11 മാസത്തെ താഴ്ന്ന നിലയായ 56.5 എത്തിയത് അടക്കമുള്ള ഘടകങ്ങൾ രൂപയെ ബാധിച്ചു. ഒക്ടോബറിൽ ഇത് 57.5 ആയിരുന്നു. ഫാക്ടറി ഓർഡറുകളുടെ ചെറിയതോതിലുള്ള വർധനവിനിടയിലും മത്സര സാഹചര്യങ്ങളും പണപ്പെരുപ്പ സമ്മർദങ്ങളും വളർച്ചയെ സ്വാധീനിച്ചു.
ഓഹരി വിപണിയിലെ വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്കിനു പുറമേ അസംസ്കൃത എണ്ണ വില ഉയരുമെന്ന സൂചനകളും രൂപയുടെ മൂല്യത്തെ പിന്നോട്ടടിക്കുന്നു.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളർച്ച കഴിഞ്ഞ രണ്ടുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഈ സാന്പത്തിക വർഷത്തെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ രേഖപ്പെടുത്തിയത്.