കോഫി വ്യവസായത്തിൽ മികച്ച ഭാവിയെന്ന് സുനിൽ ഡിസൂസ
Monday, December 2, 2024 3:42 AM IST
മുംബൈ: ടാറ്റ കണ്‍സ്യൂമർ പ്രോഡക്റ്റ്സ് കോഫി വ്യവസായത്തിൽ മികച്ച ഭാവിയാണു കാണുന്നതെന്നും, ടാറ്റ സ്റ്റാർബക്ക്സ് എന്ന സംയുക്ത സംരംഭത്തിനു കീഴിൽ കഫേകളുടെ എണ്ണം കൂട്ടുകയാണ് ലക്ഷ്യമെന്നും എംഡിയും സിഇഒയുമായ സുനിൽ ഡിസൂസ പറഞ്ഞു.
ടാറ്റ കണ്‍സ്യൂമർ പ്രോഡക്റ്റ്സ് ലിമിറ്റഡും സ്റ്റാർബക്ക്സ് കോർപറേഷനും സംയുക്തമായാണ് ഇന്ത്യയിൽ സ്റ്റാർബക്ക്സ് കഫേകൾ നടത്തുന്നത്. 2027-28 സാന്പത്തിക വർഷത്തോടെ ആയിരം കഫേകളായി എണ്ണം ഉയർത്താനാണ് തീരുമാനം.
സെപ്റ്റംബറിലെ കണക്കുപ്രകാരം, 70 നഗരങ്ങളിലായി 457 കഫേകൾ ഉണ്ട്. 2024 സാന്പത്തികവർഷത്തിൽ ടാറ്റ സ്റ്റാർബക്ക്സിന്റെ വരുമാനം 12 ശതമാനം ഉയർന്ന് 1,218.06 കോടി ആയി. 2023 സാന്പത്തിക വർഷത്തിൽ കന്പനിയുടെ നഷ്ടം 24.97 കോടി രൂപയായിരുന്നെങ്കിൽ, ഇത്തവണ നഷ്ടം 79.97 കോടി രൂപയായി വർധിച്ചു. ഇന്ത്യയിലെ വിപുലീകരണ ശ്രമങ്ങളുടെ ഭാഗമായാണ് ചെലവുകൾ വർധിക്കുന്നത്. കന്പനിയുടെ പരസ്യപ്രചാരണത്തിനുവേണ്ടിയുള്ള ചെലവുകൾ 26.8 ശതമാനം വർധിച്ച് 43.20 കോടി രൂപയിലെത്തി. റോയൽറ്റി 86.15 കോടിയാണ്. രണ്ടാംനിര, മൂന്നാംനിര നഗരങ്ങൾ കേന്ദ്രീകരിച്ചായിരിക്കും അടുത്തഘട്ടത്തിലെ വിപുലീകരണം എന്നും സുനിൽ ഡിസൂസ പറഞ്ഞു.
മെട്രോ നഗരങ്ങളിലേതിനു സമാനമായ ചിന്താഗതിയുള്ള യുവജനതയാണ് ഇപ്പോൾ അവിടങ്ങളിലുമുള്ളതെന്നാണ് കന്പനിയുടെ വിലയിരുത്തൽ. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ, 25 മുതൽ 29 ശതമാനത്തോളം വളർച്ചയാണ് കോഫി ബിസിനസിൽ ഇന്ത്യ കൈവരിച്ചത്.