റിയൽ എസ്റ്റേറ്റ് രംഗത്ത് വളര്‍ച്ചാ സാധ്യത
Wednesday, December 4, 2024 12:46 AM IST
കൊച്ചി: റിയല്‍ എസ്റ്റേറ്റ് മേഖലയിൽ ദക്ഷിണേന്ത്യയില്‍ വളര്‍ച്ചാസാധ്യതകൾ ഏറെയെന്നു കൊച്ചിയില്‍ നടന്ന ക്രിസില്‍ റിയല്‍ എസ്റ്റേറ്റ് കോണ്‍ക്ലേവ് ചൂണ്ടിക്കാട്ടി.
തമിഴ്നാട്, ആന്ധ്രപ്രദേശ്, കേരളം, കര്‍ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ ചേര്‍ന്ന് രാജ്യത്തെ രജിസ്ട്രേഷനുകളുടെ 34 ശതമാനം പങ്കിടുന്നതു രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന് ഈ മേഖലയിലുള്ള പ്രാധാന്യത്തെ സൂചിപ്പിക്കുന്നുവെന്നും കോൺക്ലേവ് വിലയിരുത്തി.
മൈസൂരു, മാംഗളൂര്, നെല്ലൂര്‍, വെല്ലൂര്‍, അമരാവതി തുടങ്ങിയ മേഖലകൾ ഈ രംഗത്തു കുതിക്കുമ്പോള്‍ വലിയ നഗരങ്ങളുടെ വളര്‍ച്ചാവേഗത്തിൽ കുറവു രേഖപ്പെടുത്തിയതായും വിദഗ്ധർ ചൂണ്ടിക്കാട്ടി.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മൂന്നു ശതമാനം പ്രോജക്ട് രജിസ്ട്രേഷനുകളുള്ള കേരളത്തിൽ വരും വര്‍ഷങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ച ഇരട്ട അക്കത്തിലാകുമെന്നു വിദഗ്ധർ കോൺക്ലേവിൽ ചൂണ്ടിക്കാട്ടി.
സീനിയര്‍ ലിവിംഗ് കമ്യൂണിറ്റികള്ക്കുള്ള നിർമിതികൾ, വാടകയ്ക്കു കൊടുക്കാന്‍ വേണ്ടി നിര്‍മിക്കുന്നവ തുടങ്ങിയവയും വരും നാളുകളിൽ കൂടുതൽ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്.
കേരളത്തിന്റെ സാധ്യത
സാമ്പത്തിക മേഖലയിലെ കുതിപ്പും അടിസ്ഥാനസൗകര്യങ്ങളുടെ വികസനവും കണക്കാക്കി, കേരളത്തില്‍ വരുന്ന മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ വാണിജ്യ നിര്‍മിതികള്‍ക്കും വളര്‍ച്ച കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നു കോൺക്ലേവ് ചൂണ്ടിക്കാട്ടി. തൃശൂര്‍, പാലക്കാട്, കൊല്ലം എന്നിവിടങ്ങളില്‍ ഈ രംഗത്തു മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നു.