ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തൺ മൂന്നാം പതിപ്പിന് ഒരുക്കങ്ങളായി
Friday, November 29, 2024 11:53 PM IST
കൊച്ചി: ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ മൂന്നാം പതിപ്പ് ഫെബ്രുവരി ഒമ്പതിന് നടക്കും. മറൈന്‍ ഡ്രൈവില്‍നിന്നു ഫ്ലാഗ് ഓഫ് ചെയ്യുന്ന മത്സരത്തിൽ 42.195 കിലോമീറ്റര്‍ മാരത്തണ്‍, 21.097 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, 10 കിലോമീറ്റര്‍ റണ്‍, മൂന്ന് കിലോമീറ്റര്‍ ഗ്രീന്‍ റണ്‍ എന്നീ നാലു വിഭാഗങ്ങളിലായാണ് നടക്കുക. 15 ലക്ഷം രൂപയാണു സമ്മാനത്തുക.
ക്ലിയോ സ്പോര്‍ട്സിന്റെ ആഭിമുഖ്യത്തിലുള്ള മാരത്തണിൽ, ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിനോദ ഓട്ടമായ ഗ്രീന്‍ റണ്ണില്‍ സ്കൂളുകള്‍, കോളജുകള്‍, ഹൗസിംഗ് സൊസൈറ്റികള്‍, വനിതാ സംഘടനകള്‍, കോര്‍പറേറ്റ് ജീവനക്കാര്‍, സന്നദ്ധസംഘടനകള്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ക്ക് പങ്കെടുക്കാം.
ഗ്രീന്‍ റണ്ണില്‍ പങ്കെടുക്കുന്നവര്‍ക്ക് ക്ലീന്‍, ഗ്രീന്‍ ആന്‍ഡ് സേഫ് കൊച്ചി എന്ന പ്രമേയം ഉള്‍കൊള്ളുന്ന സന്ദേശങ്ങള്‍ സമര്‍പ്പിക്കാം. മികച്ച എന്‍ട്രികള്‍ക്ക് സമ്മാനം ലഭിക്കും. മാരത്തണിൽ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.ko chimarathon.in എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം.
കൊച്ചിയിൽ നടന്ന ചടങ്ങില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എം.വി.എസ്. മൂര്‍ത്തി, ക്ലിയോ സ്പോര്‍ട്സ് ഡയറക്ടര്‍ ബൈജു പോള്‍ എന്നിവര്‍ ചേര്‍ന്ന് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ പ്രഖ്യാപനം നടത്തി.
പാഴ്വസ്തുക്കളില്‍നിന്ന് മൂല്യമേറിയ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരത്തണ്‍ സീസണ്-3 സംഘടിപ്പിക്കുന്നതെന്ന് അവർ പറഞ്ഞു.