നിക്ഷേപകർക്ക് ആശ്വാസം
ഓഹരി അവലോകനം / സോണിയ ഭാനു
Monday, December 2, 2024 3:42 AM IST
ഇന്ത്യൻ ഓഹരി ഇൻഡെക്സുകൾ തുടർച്ചയായ രണ്ടാം വാരവും നേട്ടം കൈവരിച്ചത് നിക്ഷേപകർക്ക് പ്രതീക്ഷ സമ്മാനിച്ചു. സെൻസെക്സ് 685 പോയിന്റും നിഫ്റ്റി 223 പോയിന്റും ഉയർന്നു. മുൻ വാരം സൂചിപ്പിച്ച പോലെ മഹാരാഷ്ട്ര തെരഞ്ഞടുപ്പ് ഫലം വിപണിയിൽ വെടിക്കെട്ടിന് അവസരം ഒരുക്കിയെങ്കിലും ഒരു ഒരു ബുൾ റാലിക്കായി അൽപ്പം കാത്തിരിക്കേണ്ടി വരാം. വിദേശ ഫണ്ടുകൾ വിൽപ്പന കുറച്ചെങ്കിലും അവർ വിൽപ്പനകാരുടെ മേലങ്കി ഇനിയും അഴിച്ചുമാറ്റിയിട്ടില്ല.
വിദേശ ഓപ്പറേറ്റർമാർ ആദ്യ രണ്ട് ദിവസം നിക്ഷേപത്തിനും രണ്ട് ദിവസം വിൽപ്പനയ്ക്കും ഉത്സാഹിച്ചു, വാരമധ്യം അവർ ന്യൂട്രൽ റേഞ്ചിൽ നിലകൊണ്ട് വിപണിയുടെ ചലനം വിലയിരുത്തി. മാർക്കറ്റിന്റെ വ്യക്തമായ ചിത്രത്തിനായി കാത്തുനിൽക്കുന്ന വിദേശ ഇടപാടുകാരുടെ നീക്കങ്ങളെ ആഭ്യന്തര ഫണ്ടുകളും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.
നിഫ്റ്റിയിൽ പ്രതീക്ഷ
നിഫ്റ്റി സൂചിക മുൻവാരത്തിലെ 23,907ൽ നിന്നും വൻ ആവേശതോടെയാണ് ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. ഒരവസരത്തിൽ സൂചിക 24,347 ലേക്ക് ഉയർന്നങ്കിലും ഈ അവസരത്തിൽ ഒരു വിഭാഗം ഫണ്ടുകൾ ലാഭമെടുപ്പിലേയ്ക്ക് ചുവടു മാറ്റിയത് നിഫ്റ്റിയെ 23,873ലേക്ക് തളർത്തി, എന്നാൽ താഴ്ന്ന റേഞ്ചിൽ പുതിയ വാങ്ങലുകാരുടെ കടന്നുവരവ് പ്രതീക്ഷ പകരുന്നു.
നിഫ്റ്റി താഴ്ന്ന റേഞ്ചിൽ നിന്നും 260 പോയിന്റ് തിരിച്ചുപിടിച്ച വിപണിയിൽ വീണ്ടും തിരുത്തൽ സാധ്യതകൾ തുടരുന്നു, എന്നാൽ, അടുത്ത ഇടിവ് പരമാവധി രണ്ട് ശതമാനത്തിൽ ഒരുങ്ങാം. അതായത് സെപ്റ്റംബറിലെ സർവകാല റിക്കാർഡായ 26,277ൽനിന്നും ഇതിനകം പത്തു ശതമാനം തിരുത്തൽ വിപണി കാഴ്ചവച്ചു. മുൻനിര ഓഹരികൾ പലതും ആകർഷകമായ സാഹചര്യത്തിൽ ഡിസംബർ ആദ്യവാരം ഒരു വ്യക്തത വിപണിക്ക് കൈവരിക്കാനാവും.
ഇതിന്റെ സൂചനയെന്നോണം സാങ്കേതികവശങ്ങളിൽ നിന്നും അനുകൂല തരംഗം ഉയർന്നുതുടങ്ങി. എംഎസിഡി സിഗ്നൽ ലൈനിന് മുകളിൽ ഇടം പിടിക്കാനുള്ള ശ്രമങ്ങളും സൂപ്പർ ട്രെന്റും പാരാബോളിക്കും തിരിച്ചുവരവിന്റെ സൂചനകൾ നൽക്കുന്നതും ബുൾ റാലിക്കുള്ള സാധ്യതകൾക്ക് ശക്തിപകരുന്നു. മാർക്കറ്റ് ക്ലോസിംഗിൽ സൂചിക 24,131 പോയിന്റിലാണ്. മുൻവാരം സൂചിപ്പിച്ച 24,139 ലെ ആദ്യ പ്രതിരോധം തകർത്ത് മുന്നേറിയെങ്കിലും രണ്ടാം പ്രതിരോധമായ 24,371നെ കൈപിടിയിൽ ഒതുക്കാനുള്ള ശ്രമത്തിനിടയിൽ 24,347ൽ എത്തിയ അവസരത്തിൽ സൂചികയുടെ കാലിടറിയതോടെ 24,139ന് മുകളിൽ പിടിച്ചുനിൽക്കാനാവാതെ ക്ലോസിംഗിൽ 24,131 ലാണ്.
നിഫ്റ്റി ഡിസംബർ ഫ്യൂച്ചർ 24,050ൽനിന്നും 24,304ലേക്ക് ഉയർന്നു. മുന്നേറിയതിനൊപ്പം ഓപ്പൺ ഇന്ററസ്റ്റിലെ കുറവ് ഷോർട്ട് കവറിംഗായി വിലയിരുത്താം. അതേ സമയം മുൻവാരം സൂചിപ്പിച്ച 24,250 റേഞ്ചിലെ പ്രതിരോധം തകർക്കാനുള്ള കരുത്ത് ബുൾ ഓപ്പറേറ്റർമാർക്ക് ലഭിച്ചത് വിലയിരുത്തിയാൽ ക്രിസ്മസിന് മുന്നേ 24,800 - 25,225ലേക്ക് ഉറ്റുനോക്കാം. തിരുത്തലിന് ശ്രമം നടന്നാൽ 23,500 ൽ സപ്പോർട്ടുണ്ട്.
സെൻസെക്സിൽ ഉയർച്ച, താഴ്ച
ബോംബെ സെൻസെക്സ് 79,117ൽനിന്നും 79,886ലെ പ്രതിരോധം മറികടന്ന് 80,480 പോയിന്റ് വരെ സഞ്ചരിച്ചു. ഉയർന്ന റേഞ്ചിൽ വീണ്ടും ശക്തമായ ലാഭമെടുപ്പിന് ഓപ്പറേറ്റർമാർ നീക്കം നടത്തിയതു മൂലം 79,802ലേക്ക് താഴ്ന്നു. സെൻസെക്സിന് ഈ വാരം 80,522ലെ തടസം മറികടക്കാനായാൽ 81,242-81,725നെ ലക്ഷ്യമാക്കും, അതേ സമയം വിൽപ്പന സമ്മർദം അനുഭപ്പെട്ടാൽ 79,039-78,276 റേഞ്ചിൽ താങ്ങ് പ്രതീക്ഷിക്കാം.
വിദേശ ഫണ്ടുകൾ വാരത്തിന്റെ ആദ്യ പകുതിയിൽ 11,113.03 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെങ്കിലും രണ്ടാം പകുതിയിൽ അവർ 16139.8 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറി. ആഭ്യന്തര ഫണ്ടുകൾ വാങ്ങലുകാരാണ്, പിന്നിട്ട വാരം അവർ 15,743.61 കോടി രൂപയുടെ നിക്ഷേപം നടത്തി. നവംബറിൽ ഇതിനകം ഏകദേശം 26,000 കോടി രൂപയുടെ ഓഹരികൾ വിദേശ ഓപ്പറേറ്റർമാർ വിറ്റെങ്കിലും മുൻ മാസത്തെ അപേക്ഷിച്ച് വിപണിയോടുള്ള അവരുടെ മനോഭാവത്തിൽ മാറ്റം കണ്ടുതുടങ്ങി.
ഒക്ടോബറിലെ വിദേശ വിൽപ്പന 94,000 കോടി രൂപയായിരുന്നു. രൂപയുടെ മൂല്യത്തകർച്ച തുടരുകയാണ്. വിനിമയ നിരക്ക് 84.50ൽനിന്നും വാരാന്ത്യം 84.52 ലേക്ക് ദുർബലമായി. രൂപയുടെ സാങ്കേതിക ചലനങ്ങൾ വീക്ഷിച്ചാൽ 84.90ലേക്കും 85.20ലേക്ക് മൂല്യം ഇടിയാം. 83.70 - 83ലേക്ക് ശക്തിയാർജിക്കാനായിലെങ്കിൽ തകർച്ചയ്ക്ക് ആക്കം വർധിക്കാം.
പലിശ നിരക്കിൽ മാറ്റം വരുത്താൻ റിസർവ് ബാങ്ക് തയാറാവാത്തതും നാണയപ്പെരുപ്പം ഉയർന്ന തലത്തിൽ തുടരുന്നതും കണക്കിലെടുത്താൽ അടുത്ത വർഷം വിനിമയ മൂല്യത്തിൽ നാല് മുതൽ അഞ്ച് രൂപയുടെ തകർച്ച സംഭവിക്കാം. ഡോളറിനെ ശക്തിപെടുത്താൻ അമേരിക്ക നടത്തുന്ന നീക്കങ്ങൾകൂടി കണക്കിലെടുത്താൽ ഇന്ത്യൻ നാണയത്തിന് നേരിട്ട ദുർബലാവസ്ഥ വിട്ടുമാറാൻ കാലതാമസം നേരിടാം.
ആഗോള സ്വർണവിപണി അൽപ്പം തളർന്നു. വിപണി മുന്നേറാൻ ശ്രമം നടത്തിയ സന്ദർഭത്തിൽ ഇസ്രായേലും ലെബനനും തമ്മിലെ സംഘർഷാവസ്ഥയ്ക്ക് ഉടൻ അയവ് കണ്ടുതുടങ്ങുമെന്ന സൂചനകൾ രാജ്യാന്തര തലത്തിൽ പ്രചരിച്ചത് ഒരു വിഭാഗം ഫണ്ടുകളെ വിൽപ്പനക്കാരാക്കി. ഇതോടെ സ്വർണ വില ട്രോയ് ഔൺസിന്2717 ഡോളറിൽ നിന്നും 2632 ഡോളറിലേക്ക് തളർത്തിയെങ്കിലും വാരാന്ത്യം 2650 ഡോളറിലാണ്. അതേസമയം സാങ്കേതികമായി വീക്ഷിച്ചാൽ ന്യൂയോർക്കിൽ സ്വർണം ബുള്ളിഷ് ട്രെൻഡിലാണ്.