ഊബറിലൂടെ ശ്രീനഗറിൽ ശിക്കാര ബുക്ക് ചെയ്യാം
Tuesday, December 3, 2024 12:07 AM IST
ശ്രീനഗർ: കാഷ്മീരിലേക്ക് യാത്ര പോകുന്നവരെ ആകർഷിക്കുന്ന ഒന്നാണ് ദാൽ തടാകവും അതിലൂടെ ശിക്കാര വള്ളത്തിലുള്ള സഞ്ചാരവും. ശിക്കാരവള്ളങ്ങളിലുള്ള യാത്രയ്ക്ക് അവിടെയെത്തി ഏജന്റുമാർ മുഖേന യാത്ര ബുക്ക് ചെയ്യുകയാണ് സാധാരണ ചെയ്യുന്നത്. ഇതിന് ഏറെ സമയനഷ്ടവും വിലപേശലും വേണ്ടിവരും. എന്നാൽ ഇതിനൊന്നും നിൽക്കേണ്ട.
ഓണ്ലൈൻ ടാക്സി സേവനം നൽകുന്ന ഉൗബർ പ്ലാറ്റ്ഫോം ജലഗതാഗത രംഗത്തേയ്ക്കും സേവനം വ്യാപിപ്പിച്ചിരിക്കുകയാണ്. ശ്രീനഗറിലെ ദാൽ തടാകത്തിൽ ആപ്പ് ഉപയോഗിച്ച് ശിക്കാര മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സേവനമാണ് ഉൗബർ ആരംഭിച്ചത്. ഏഷ്യയിൽ ആദ്യമായാണ് ഉൗബർ ജലഗതാഗത സേവനം നൽകുന്നത്.
ഇറ്റലിയിലെ വെനീസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഉൗബറും മറ്റും ഇത്തരം ജലഗതാഗത സേവനങ്ങൾ നല്കുന്നുണ്ട്.
ഇന്ത്യയിൽ ഏഴു ശിക്കാരകളാണ് കന്പനിയുമായി കൈകോർത്തിരിക്കുന്നത്. ഇതിനോടുള്ള ആളുകളുടെ പ്രതികരണം അനുസരിച്ചായിരിക്കും വിപുലീകരണം.
ജമ്മു കഷ്മീരിലെ ശിക്കാര ഓപ്പറേറ്റർമാർക്ക് സാന്പത്തിക അവസരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ടൂറിസം അനുഭവം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.
ഉൗബർ ഉപയോക്താക്കൾക്ക് സർക്കാർ നിശ്ചയിച്ച നിരക്കിൽ ശിക്കാര ബുക്ക് ചെയ്യാൻ കഴിയും. ഉൗബർ അതിന്റെ ശിക്കാര പങ്കാളികളിൽ നിന്ന് ഒരു ഫീസും ഈടാക്കുന്നില്ല. മുഴുവൻ തുകയും നടത്തിപ്പുകാർക്കു ലഭികും.
ഓരോ ഉൗബർ ശിക്കാര റൈഡിനും രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ 1 മണിക്കൂർ സമയത്തേക്ക് ബുക്ക് ചെയ്യാം, ശിക്കാര ഘട്ട് നന്പർ 16ൽനിന്ന് 4 യാത്രക്കാരെ വരെ അനുവദിക്കും. ഇതിന് 15 ദിവസം മുന്പോ കുറഞ്ഞത് 12 മണിക്കൂർ മുന്പോ ബുക്കിംഗ് നടത്താം.