സ്റ്റൈലൻ ഇവി
Friday, November 29, 2024 11:53 PM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ കോംപാക്ട് എസ്യുവി വിഭാഗത്തിലെ ഏറ്റവും ഒടുവിലെത്തിയ കൂപ്പെ ബോഡി സ്റ്റൈലിലുള്ള വാഹനമാണ് കർവ് ഇവി. ടിയാഗോ ഇവി, പഞ്ച് ഇവി, നെക്സോണ്‍ ഇവി ഇലക്ട്രിക് ശ്രേണിയിലെ പുതിയ വാഹനമാണ് കർവ് ഇവി.
പവർ ബാറ്ററി
ഈ വിഭാഗത്തിലെ ഏറ്റവും വലിയ ബാറ്ററി പായ്ക്കുകളാണ് കർവ് ഇവിയിൽ ടാറ്റ നൽകിയിരിക്കുന്നത്. 123 കിലോവാട്ടിന്റെ സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തെ നയിക്കുന്നത്. 45, 55 കിലോവാട്ടുകളുടെ ബാറ്ററി പാക്ക് വകഭേദങ്ങളാണുള്ളത്. 502, 585 കിലോമീറ്ററാണ് ഇരു ബാറ്ററികളുടെയും റേഞ്ച്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ 8.6 സെക്കൻഡ് മതി. കൂടാതെ പരമാവധി വേഗത 160 കിലോമീറ്ററാണ്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 40 മിനിറ്റിൽ പത്ത് ശതമാനത്തിൽനിന്ന് 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കും. 15 മനിറ്റ് ചാർജ് ചെയ്താൽ 150 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകും.
സിഗ്നേച്ചർ ഡിസൈൻ
ടാറ്റയുടെ പുതുതലമുറ വാഹനങ്ങളിൽ നൽകിയിട്ടുള്ള സിഗ്നേച്ചർ ഡിസൈനുകൾ എല്ലാം കർവ് ഇവിയിലും നൽകിയിട്ടുണ്ട്. ബോണറ്റിന് താഴെയായി നൽകിയിട്ടുള്ള കണക്ടഡ് എൽഇഡി ലൈറ്റ്, വെർട്ടിക്കലായി നൽകിയിട്ടുള്ള എൽഇഡി പ്രൊജക്ഷൻ ഹെഡ്ലാന്പ്, വലിയ എയർ ഇൻ ടേക്കുകൾ നൽകിയിട്ടുള്ള ബന്പർ എന്നിയാണ് മുഖത്തിന് അഴകേകുന്നത്.
എൽഇഡി സിഗ്നേച്ചർ ലൈറ്റ്, ഗ്ലോസി ബ്ലാക്ക് ഫിനിഷിംഗിലുള്ള സൈഡ് ക്ലാഡിംഗുകൾ, ഫ്ളഷ് ഡോർ ഹാൻഡിലുകൾ, ഷാർക്ക് ഫിൻ ആന്റിന, ക്രോമിയം ബോർഡർ നൽകിയിട്ടുള്ള വിൻഡോ ബോർഡറുകൾ, സ്റ്റൈലിഷ് ഡിസൈനിൽ ഒരുക്കിയിട്ടുള്ള അലോയി വീലുകൾ, കണക്ടഡ് എൽഇഡി ടെയ്ൽലാന്പുകൾ, സ്പ്ലിറ്റ് എയറോ റിയർ സ്പോയിലർ തുടങ്ങിയവയെല്ലാം ചേരുന്നതോടെ കർവ് ഇവി കാഴ്ചയിൽ അതിമനോഹരമാകുന്നു.
പിൻഭാഗം ചെരിഞ്ഞിറങ്ങുന്ന കൂപ്പെ ഡിസൈനാണ് വാഹനത്തെ ആകർഷകമാക്കുന്നത്. 18 ഇഞ്ച് വീലുകൾ, 190 എംഎം ഗ്രൗണ്ട് ക്ലിയറൻസ്, 450 എംഎം വാട്ടർ വേഡിംഗ് ഡെപ്ത്, 500 ലിറ്റർ ബൂട്ട് സ്പേസ് എന്നിവയാണ് മറ്റു സവിശേഷതകൾ.
സേഫ്റ്റി ഫീച്ചറുകൾ
സുരക്ഷയുടെ കാര്യത്തിലും വാഹനം ഒട്ടും പിന്നിലല്ല. ലെവൽ 2 അഡാസ് സംവിധാനമാണ് കർവിലുള്ളത്. 360 ഡിഗ്രി കാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സംവിധാനം, ആറ് എയർബാഗുകൾ, ഇഎസ്പി, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ തുടങ്ങി നിരവധി സേഫ്റ്റി ഫീച്ചറുകൾ നൽകിയിട്ടുണ്ട്.
ഹാരിയർ, സഫാരി വാഹനങ്ങൾക്ക് സമാനമായ ഇന്റ്റീരിയറാണ് ഒരുങ്ങിയിരിക്കുന്നത്. 12.3 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് വലിപ്പത്തിലെ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടാറ്റയുടെ പുതുതലമുറ വാഹനങ്ങൾ നൽകിയിട്ടുള്ള സ്റ്റിയറിംഗ് വീൽ, ഹെഡ് അപ്പ് ഡിസ്പ്ലേ, വെന്റിലേറ്റഡ് സീറ്റുകൾ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, വയർലെസ് ചാർജർ, കണക്ടഡ് കാർ ഫീച്ചറുകൾ, ഡ്യുവൽ സോണ്‍ ക്ലൈമറ്റ് കണ്ട്രോൾ എന്നിവയാണ് കർവിന്റെ അകത്തളം. പനോരമിക് സണ്‍റൂഫുമുണ്ട്.
വകഭേദങ്ങൾ
അഞ്ച് നിറങ്ങളിലും അഞ്ച് വകഭേദങ്ങളിലും കർവ് ഇവി വിപണിയിൽ ലഭ്യമാണ്. വെർച്വൽ സണ്‍റൈസ്, ഫ്ലേം റെഡ്, എംപവേർഡ് ഓക്സൈഡ്, പ്രിസ്റ്റൈൻ വൈറ്റ്, പ്യുവർ ഗ്രേ എന്നീ നിറങ്ങൾ കർവ് ഇവിയെ മനോഹരമാക്കുന്നു. ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് പ്ലസ് എസ് വകഭേദങ്ങളിൽ 45 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 55 കിലോവാട്ട് ബാറ്ററി എംപവേഡ് പ്ലസ്, എംപവേഡ് പ്ലസ് എ വകഭേദങ്ങളിലും ലഭിക്കും.
കർവിന്റെ ഐസ് എൻജിൻ മോഡലും ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയിട്ടുണ്ട്. 1.5 ലിറ്റർ ഡീസൽ, 1.2 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ ജിഡിഐ പെട്രോൾ എന്നീ എൻജിൻ ഓപ്ഷനുകളിലാണ് കർവിന്റെ ഐസ് എൻജിൻ മോഡലുകൾ. പെട്രോൾ എൻജിൻ 120 എച്ച്പിയും 170 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. അതേസമയം ക്രിയോടെക് 115 എച്ച്പിയും 260 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.
വില
►45 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷന് 17.49 ലക്ഷം രൂപ മുതൽ
►55 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷന് 19.25 ലക്ഷം രൂപ മുതൽ
മൈലേജ്
►45 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷന് 502 കിലോമീറ്റർ
►55 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷന് 585 കിലോമീറ്റർ