ഹഡിൽ ഗ്ലോബലിൽ വ്യവസായ പങ്കാളികളുടെ ശ്രദ്ധ നേടി വനിതാ സ്റ്റാർട്ടപ്പുകൾ
Saturday, November 30, 2024 1:19 AM IST
തിരുവനന്തപുരം: ഹഡിൽ ഗ്ലോബൽ 2024 സ്റ്റാർട്ടപ് സമ്മേളനത്തിൽ നൂതന ആശയങ്ങളും വിപണന തന്ത്രങ്ങളും ഉപയോഗിച്ച് വ്യവസായ പങ്കാളികളെ ആകർഷിച്ച് കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെഎസ്യുഎം) ‘എലിവേറ്റ്ഹെർ’ പരിപാടിയിലെ ഫൈനലിസ്റ്റുകൾ.
ഹഡിൽ ഗ്ലോബൽ 2024ന്റെ മുന്നോടിയായി ‘എലിവേറ്റ്ഹെർ ഇൻവെസ്റ്റ്മെന്റ് പാത്ത് വേ ഫോർ വിമൻ ഫൗണ്ടേഴ്സ്’ പരിപാടി വനിതകളുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പുകൾക്കായാണ് കെഎസ്യുഎം സംഘടിപ്പിച്ചത്.
കോവളത്ത് നടക്കുന്ന ത്രിദിന സ്റ്റാർട്ടപ് സമ്മേളനത്തിൽ ‘എലിവേറ്റ്ഹെറി’ലെ അഞ്ചു ഫൈനലിസ്റ്റുകളും തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിച്ച് നിക്ഷേപകർ, ഉപദേഷ്ടാക്കൾ, സംരംഭകർ, സ്റ്റാർട്ടപ്പ് സ്ഥാപകർ എന്നിവരുടെ ശ്രദ്ധയാകർഷിച്ചു.
സ്ത്രീകൾ നയിക്കുന്ന ഒന്‍പത് സ്റ്റാർട്ടപ്പുകൾക്കായി മൂന്നാഴ്ചത്തെ ഹൈബ്രിഡ് നിക്ഷേപ സന്നദ്ധത പരിപാടി കെഎസ്യുഎം സംഘടിപ്പിച്ചിരുന്നു. ഇതിൽ നിന്നാണ് അഞ്ച് സ്റ്റാർട്ടപ്പുകൾ ഫൈനലിൽ പ്രവേശിച്ചത്. ഇവർക്ക് ഹഡിൽ ഗ്ലോബൽ 2024ന്റെ വിമൻ സോണ്‍ വിഭാഗത്തിൽ നടന്ന ‘ഓപ്പണ്‍ പിച്ച്’ സെഷനിൽ ഉത്പന്നങ്ങളും സേവനങ്ങളും പരിഹാരങ്ങളും അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു.
വിപണിയിലെ മുൻനിര ബ്രാൻഡുകളുമായി മത്സരിക്കാനും സാന്നിധ്യം നിലനിർത്താനുമുള്ള താത്പര്യവും അതിനാവശ്യമായ കേന്ദ്രീകൃത പദ്ധതികളും അവർ അവതരിപ്പിച്ചു. ഡബ്ല്യുആർഡിഎച്ച്ആർഡി ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപക കുഹു കൃഷ്ണ, റെവാഗോ സ്ഥാപകയും സിഇഒയുമായ ജൂലിയാന ബിജു, സ്യൂ സഹസ്ഥാപകൻ കൃഷ്ണ കരപ്പത്ത്, കിച്ച് നാച്ചുറൽ കുക്ക് വെയർ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകയും സിഇഒയുമായ പ്രിയ ദീപക്, ബ്രെഡ്ക്രംബ്സ് എഐ സഹസ്ഥാപകയും സിഇഒയുമായ എസ്. ചന്ദന എന്നിവരാണ് സമ്മേളനത്തിൽ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിച്ചത്.
ഉയർന്ന നിലവാരമുള്ളതും സുസ്ഥിരവുമായ കൈത്തറി ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്റ്റാർട്ടപ്പാണ് സ്യൂ. ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിന് സ്മാർട്ട് മീറ്റ് പ്ലാനിംഗ് നൽകുന്ന സ്റ്റാർട്ടപ്പാണ് ബ്രെഡ്ക്രംബ്സ് എഐ ഇമേജ് വിശകലനം, ഓഡിയോ ട്രാൻസ്ക്രിപ്റ്റുകൾ എന്നിവയും ഇത് വാഗ്ദാനം ചെയ്യുന്നു.
കിച്ച് നാച്ചുറൽ കുക്ക് വെയർ പ്രകൃതിദത്ത കുക്ക് വെയറിന്റെ വിൽപ്പനയിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുവഴി ഇന്ത്യയിലുടനീളമുള്ള കരകൗശല തൊഴിലാളികൾക്ക് ഉപജീവനമാർഗം ഉറപ്പാക്കുന്നു. റെവാഗോ ഒരു ഇകൊമേഴ്സ് പ്ലാറ്റ് ഫോമാണ്.
ഡബ്ല്യുആർഡിഎച്ച്ആർഡി ടെക്നോളജീസ് വികസിപ്പിച്ച നോയ്സ് ലി.എഐ ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, ബംഗാളി എന്നിവയുൾപ്പെടെ പത്തിലധികം ഇന്ത്യൻ ഭാഷകളിൽ സന്ദേശം റിക്കാർഡ് ചെയ്യാനും കൃത്യമായ തത്സമയ ട്രാൻസ്ക്രിപ്ഷൻ നേടാനും ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നു.