ഇവി നിർമാണം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യ
Friday, November 29, 2024 11:53 PM IST
ന്യൂഡൽഹി: രാജ്യത്തെ നിലവിലുള്ള ഫാക്ടറികളിൽ ഇലക്ട്രിക് വാഹനമോഡലുകൾ നിർമിക്കുന്ന വാഹന നിർമാതാക്കൾക്ക് സഹായങ്ങൾ വിപുലീകരിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. പുതിയ പ്ലാന്റുകൾ നിർമിക്കാൻ തയാറുള്ള വാഹന നിർമാതാക്കൾക്ക് ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തുന്നതിനുപകരമാണ് പുതിയ പദ്ധതി.
ഇന്ത്യയുടെ ഇവി നയം ഇപ്പോഴും അന്തിമ രൂപത്തിലെത്തിയിട്ടില്ല. ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതിനും പ്രാദേശികമായി നിർമ്മിക്കുന്നതിനും ടെസ്ലയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി യിട്ടിരുന്നതെങ്കിലും യുഎസ് വാഹന നിർമാതാവ് ഈ വർഷമാദ്യം ആ പദ്ധതികളിൽ നിന്ന് പിന്മാറി.
മറ്റ് വിദേശ വാഹന നിർമാതാക്കൾ നിലവിലുള്ളതും പുതിയതുമായ ഫാക്ടറികളിൽ ഇന്ത്യയിൽ ഇവി നിർമിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്. നയത്തിലെ മാറ്റങ്ങൾ ടൊയോട്ട, ഹ്യുണ്ടായ് എന്നിവയിൽ നിന്നുള്ള ഇവി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മാർച്ചിൽ പ്രഖ്യാപിച്ച നയമനുസരിച്ച്, 50 ശതമാനം ഘടകങ്ങളും പ്രാദേശികമായി ഉത്പാദിപ്പിച്ച് ഇന്ത്യയിൽ ഇവികൾ നിർമിക്കാൻ കുറഞ്ഞത് 500 മില്യണ്‍ ഡോളർ നിക്ഷേപിക്കുന്ന ഒരു വാഹന നിർമാതാവിന് ഇറക്കുമതി നികുതിയിൽ വലിയ കുറവിന് അർഹതയുണ്ട്.
ഗ്യാസോലിൻ എൻജിൻ, ഹൈബ്രിഡ് കാറുകൾ നിർമിക്കുന്ന നിലവിലുള്ള ഫാക്ടറികളിൽ ഇവി നിക്ഷേപവും സർക്കാർ പരിഗണിക്കുമെന്നുണ്ടെന്നു പേരു വെളിപ്പെടുത്താത്ത വൃത്തങ്ങൾ വെളി പ്പെടുത്തി. എന്നിരുന്നാലും, ഇലക്ട്രിക് മോഡലുകൾ ഒരു പ്രത്യേക പ്രൊഡക്ഷൻ ലൈനിൽ നിർമിക്കുകയും പ്രാദേശിക ഉറവിട മാനദണ്ഡങ്ങൾ പാലിക്കുകയും വേണം.
ഒരു പുതിയ ഫാക്ടറിയുടെ കാര്യത്തിൽ, മറ്റ് തരത്തിലുള്ള കാറുകൾ നിർമിക്കാൻ ഉപകരണങ്ങൾ ഉപയോഗിച്ചാലും, യന്ത്രസാമഗ്രികളിലും ഇവികൾ നിർമിക്കുന്നതിനുള്ള ഉപകരണങ്ങളിലുമുള്ള നിക്ഷേപം 500 മില്യണ്‍ ഡോളറായി കണക്കാക്കും അദ്ദേഹം പറഞ്ഞു.
വാഹന നിർമാതാക്കളെ ന്യായമായി പരിഗണിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്, ഒരു പ്ലാന്റിന് അല്ലെങ്കിൽ ഒരു പ്രൊഡക്ഷൻ ലൈനിനായി സർക്കാർ മിനിമം ഇവി വരുമാനം ലക്ഷ്യമിടും. ഈ വരുമാനം നേടിയാൽ മാത്രമേ പദ്ധതിയിലേക്കു യോഗ്യത നേടാനാകൂ. മാർച്ചോടെ ഇവി നയം രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.